KERALA

മൂന്നാറില്‍ വന്‍ ദുരന്തം: എണ്‍പതു പേരെ കാണാതായി, നിരവധി സ്ഥലങ്ങള്‍ വെള്ളത്തിനടിയില്‍

കട്ടപ്പന: ഇടുക്കി രാജമലയില്‍ എസ്റ്റേറ്റ് ലയത്തിന് മുകളിലേക്ക് മണ്ണിടിഞ്ഞു. എണ്‍പതിലധികം പേരാണ് ഇവിടെ താമസിക്കുന്നത്. നിരവധി പേര്‍ കുടുങ്ങിയതായി സംശയം. രക്ഷാപ്രവര്‍ത്തകര്‍ ഇവിടേക്ക് യാത്ര തിരിച്ചു. പൊലീസും ഫയര്‍ഫോഴ്‌സുമാണ് രക്ഷാപ്രവര്‍ത്തനത്തിനായി പോകുന്നത്. സമീപത്തെ ആശുപത്രികളോട് തയ്യാറായിരിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.മണ്ണിടിച്ചിലില്‍ നാല് ലയങ്ങള്‍ ഒലിച്ചുപോയെന്നും നിരവധി പേരെ കാണാനില്ലെന്നും പഞ്ചായത്തംഗം ഗിരി പറഞ്ഞതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. 83 പേര്‍ താമസിച്ചിരുന്ന ലയത്തില്‍ ഇന്നലെ രാത്രിയാണ് അപകടമുണ്ടായതെന്ന് ഗിരി പറയുന്നു.പെരിയാറിലെ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് ആലുവ മണപ്പുറത്ത് വെള്ളം കയറി. ഇതോടെ ശിവക്ഷേത്രത്തിനകത്തേക്കും വെള്ളം കയറി. അതേസമയം, മഴ ശക്തമായതോടെ എറണാകുളം ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ ക്യാമ്പുകളും, കണ്‍ട്രോള്‍ റൂമുകളും തുറന്നു.സംസ്ഥാനത്ത് രാത്രി പെയ്ത മഴ വടക്കന്‍ ജില്ലകളിലും ഇടുക്കിയടക്കമുള്ള ഹൈറേഞ്ച് ജില്ലകളിലും വന്‍നാശമാണ് വിതച്ചത്. ഇന്നലെ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച ഇടുക്കി ജില്ലയില്‍ രാത്രി നാലിടത്ത് ഉരുള്‍പൊട്ടി. പീരുമേട്ടില്‍ മൂന്നിടത്തും,മേലെ ചിന്നാറിലുമാണ് ഉരുള്‍പൊട്ടലുണ്ടായത്. മലവെള്ളപ്പാച്ചിലില്‍ ഒലിച്ചുപോയ കാറിലുണ്ടായിരുന്ന ഒരാളുടെ മൃതദേഹം ലഭിച്ചു. തല്ലതണ്ണി സ്വദേശി മാര്‍ട്ടിന്റെ മൃതദേഹമാണ് ലഭിച്ചത്. കാറിലുണ്ടായിരുന്ന അനീഷിനായി തിരച്ചില്‍ തുടരുകയാണ്.

Show More

Related Articles

Back to top button
Close