Breaking NewsKERALANEWSTrending

മൂന്നുകൊണ്ട് തൃപ്തിപ്പെട്ടൂടേ എന്ന് സിപിഎം; മന്ത്രിമാരുടെ എണ്ണത്തിൽ വർധനവ് സിപിഎമ്മിന് മാത്രമെന്ന് സിപിഐ; നാല് മന്ത്രിമാരെ കിട്ടണം എന്നും ഉഭയകക്ഷി ചർച്ചയിൽ നിലപാട്; സിപിഐ മന്ത്രിമാരെ തീരുമാനിക്കാൻ പാർട്ടി നേതൃയോ​ഗങ്ങൾ 18ന്

തിരുവനന്തപുരം: മന്ത്രിസ്ഥാനം സംബന്ധിച്ച് വിട്ടുവീഴ്ച്ച വേണമെന്ന് സിപിഐയോട് സിപിഎം. മന്ത്രിസഭാ രൂപീകരണം സംബന്ധിച്ച സിപിഎം- സിപിഐ ഉഭയകക്ഷി ചർച്ചയിലാണ് സിപിഎമ്മിന്റെ നിലപാട്. എന്നാൽ, മുന്നണി രൂപീകരണം മുതൽ തങ്ങൾക്ക് നാല് മന്ത്രിസ്ഥാനമാണ് ലഭിക്കുന്നതെന്നും, 1987ൽ സിപിഎമ്മിന് ഏഴ് മന്ത്രിസ്ഥാനങ്ങളുണ്ടായിരുന്നത് 13 വരെ എത്തിയെന്നും സിപിഐ ചൂണ്ടിക്കാട്ടി. പുതുതായി വന്ന ഘടകകക്ഷിയായ കേരള കോൺ​ഗ്രസിനും മറ്റ് ഘടകകക്ഷികൾക്കും മന്ത്രിപദം നൽകേണ്ടി വരുമെന്നതിനാലാണ് സിപിഐ മന്ത്രിസ്ഥാനത്തിൽ വിട്ടുവീഴ്ച്ച ചെയ്യണമെന്ന് സിപിഎം ആവശ്യപ്പെടുന്നത്.

നിലവിലെ മന്ത്രിസഭയിൽ സി.പി.എമ്മിന് 13ഉം സി.പി.ഐക്ക് നാലും മന്ത്രിമാരാണ്. സി.പി.എമ്മിന് തുടക്കത്തിൽ 12 മന്ത്രിമാരായിരുന്നെങ്കിലും ഇ.പി. ജയരാജനെ രണ്ടാമതും ഉൾപ്പെടുത്തിയപ്പോൾ 13 ആയി. ആ ഘട്ടത്തിലാണ് സി.പി.ഐക്ക് ചീഫ് വിപ്പ് പദവി അനുവദിച്ചത്. സിപിഎമ്മിനെയും സിപിഐയേയും കൂടാതെ കേരള കോൺ​ഗ്രസിനും എൻസിപിക്കും മന്ത്രിസ്ഥാനം നൽകേണ്ടി വരും, കേരള കോൺ​ഗ്രസ് രണ്ട് മന്ത്രിമാരെ വേണമെന്ന ആവശ്യത്തിൽ ഉറച്ച് നിന്നാൽ, ഇതോടെ 20 എന്ന സംഖ്യയിലേക്കെത്തും. ഓരോ എംഎൽഎമാരുള്ള അ‍ഞ്ച് പാർട്ടികളാണ് മുന്നണിയിലുള്ളത്.

കുന്നത്തൂരിൽ നിന്ന് ആർഎസ്പി എൽ നേതാവ് കോവൂർ കുഞ്ഞുമോൻ ജയിച്ചെത്തി. കടന്നപ്പള്ളി കണ്ണൂരിൽനിന്നു സഭയിൽ എത്തിയപ്പോൾ പത്തനാപുരത്ത് ഗണേശ് കുമാർ വീണ്ടും ജയിച്ചുകയറി. തിരുവനന്തപുരത്ത് ജനാധിപത്യ കേരള കോൺഗ്രസിന്റെ ആന്റണി രാജു അപ്രതീക്ഷിത വിജയം നേടി. കോഴിക്കോട് സൗത്തിൽ അഹമ്മദ് ദേവർകോവിൽ ഐഎൻഎല്ലിന്റെ ഏക പ്രതിനിധിയായി. മുന്നണി മാറി ഇടതുപക്ഷത്ത് എത്തിയ ലോക്താന്ത്രിക് ജനതാദളിൽനിന്ന് കൂത്തുപറമ്പിലെ കെപി മോഹനൻ മാത്രമാണ് ജയിച്ചത്. ഇവരിൽ പലരും മന്ത്രിപദം ചോദിച്ച് രം​ഗത്തെത്തി.

സിപിഐ സംസ്ഥാന എക്സിക്യൂട്ടീവും സംസ്ഥാന കൗൺസിലും യോ​ഗം ചേർന്നാണ് പാർട്ടിയുടെ മന്ത്രിമാരെ തീരുമാനിക്കുക. അതിന് മുമ്പ് മന്ത്രിമാരുടെ എണ്ണം സംബന്ധിച്ച് സിപിഐയും സിപിഎമ്മും തമ്മിൽ ധാരണയിലെത്തേണ്ടതുണ്ട്. ഈ മാസം 18നാണ് സിപിഐ സംസ്ഥാന എക്സിക്യൂട്ടീവും സംസ്ഥാന കൗൺസിലും യോ​ഗം ചേരുന്നത്. സംസ്ഥാന എക്സിക്യൂട്ടീവ് തിരുവനന്തപുരത്ത് എംഎൻ സ്മാരകത്തിലും കൗൺസിൽ ഓൺലൈനായുമാണ് ചേരുക. എക്സിക്യൂട്ടീവ് മന്ത്രിമാരെ തീരുമാനിക്കുകയും അതിന് കൗൺസിലിന്റെ അം​ഗീകാരം വാങ്ങുകയുമാണ് പാർട്ടി രീതി. അതുകൊണ്ടു തന്നെ ആരൊക്കെയാണ് പാർട്ടിയുടെ മന്ത്രിമാർ എന്നറിയാൻ 18 വരെ കാത്തിരിക്കേണ്ടി വരും.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close