Breaking NewsKERALANEWSTrending

മൂന്നുമാസം ലോക്കൽ പൊലീസ് അന്വേഷിച്ചിട്ടും തെളിയാത്ത കേസ് കെ പി സുധീർ തെളിയിച്ചത് മൂന്ന് ദിവസം കൊണ്ട്; കേരള പൊലീസിലെ സേതുരാമയ്യർക്ക് വീണ്ടും കയ്യടി; തൃശ്ശൂർ ക്രൈം റെക്കോർഡ്‌സ് ബ്യൂറോയിലെ എ.എസ്.ഐ താരമാകുന്നത് ഇങ്ങനെ

തൃശ്ശൂർ: തെളിയാതെ പോയ മറ്റൊരു കേസ് കൂടി അന്വേഷിച്ച് പ്രതികളെ കണ്ടെത്തി കേരള പൊലീസിലെ സേതുരാമയ്യർ. തൃശ്ശൂർ ക്രൈം റെക്കോർഡ്‌സ് ബ്യൂറോയിലെ എ.എസ്.ഐ. കെ പി സുധീറാണ് വീണ്ടും താരമാകുന്നത്. വലപ്പാട് പഞ്ചായത്ത് പ്രസിഡന്റ് ഷിനിതയുടെ കാലിൽ കൂടി ബുള്ളറ്റ് ബൈക്ക് കയറിയ സംഭവത്തിൽ വലപ്പാട് പൊലീസ് വിശദമായ അന്വേഷണം നടത്തിയെങ്കിലും പ്രതികളെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ജനകീയായ പഞ്ചായത്ത് പ്രസിഡന്റിന് അപകടം പറ്റിയ സംഭവത്തിൽ പ്രതിയെ പിടിക്കാൻ കഴിയാത്ത പൊലീസിനെ വിമർശിച്ച് മാധ്യമങ്ങളും രം​ഗത്തെത്തി. ഇതോടെ പൊലീസിന് ഇത് അഭിമാന പ്രശ്നം കൂടിയായി. ഈ സാഹചര്യത്തിൽ എസ് പിയുടെ നിർദ്ദേശ പ്രകാരം ക്രൈം റെക്കോർഡ്‌സ് ബ്യൂറോയിലെ എ.എസ്.ഐ. കെ .പി സുധീർ അന്വേഷണം നടത്തുകയും തെളിവുകളുടെ അടിസ്ഥാനത്തിൽ പ്രതിയെ കണ്ടെത്തുകയുമായിരുന്നു. കിഷോർ, ​ഗോകുൽ, സരിൻ അജിത്ത്, അജയൻ എന്നിവരും അദ്ദേഹത്തിന്റെ ടീമിലുണ്ടായിരുന്നു. തുടർന്ന് പ്രതിയെ കഴിഞ്ഞ ദിവസം വലപ്പാട് പൊലീസ് അറസ്റ്റ് ചെയ്തു.

സംഭവം ഇങ്ങനെ

2020 മാർച്ച് 31ന് വൈകിട്ടാണ് വലപ്പാട് പഞ്ചായത്ത് പ്രസിഡന്റ് ഷിനിതയുടെ കാലിൽ ബുള്ളറ്റ് കയറുന്നത്. എന്നാൽ ബുള്ളറ്റ് നിർത്താതെ ഓടിച്ച് പോകുകയായിരുന്നു. ഷിനിതയുടെ കാലിന് പൊട്ടലുണ്ടായിരുന്നു. വലപ്പാട് പൊലീസ് മൂന്ന് മാസം കേസ് അന്വേഷിച്ചെങ്കിലും ബുള്ളറ്റിലെ യാത്രക്കാരെ കുറിച്ച് തുമ്പൊന്നും കിട്ടിയില്ല. പരിസരത്തുണ്ടായിരുന്ന സിസിടിവിയിുലെ ദൃശ്യങ്ങൾ മാത്രമായിരുന്നു തെളിവ്. ബുള്ളറ്റിൽ ഉണ്ടായിരുന്നത് ഒരു യുവാവും യുവതിയും മാത്രമാണ് എന്നതായിരുന്നു ഏക തെളിവ്. ഇവർ ഹെൽമറ്റ് ധരിച്ചിരുന്നതിനാൽ മുഖവും വ്യക്തമായിരുന്നില്ല. ബുള്ളറ്റ് ഓടിച്ചിരുന്നത് ഒരു യുവാവ് ആയിരുന്നെന്നും പിന്നിൽ ഒരു യുവതി ഉണ്ടായിരുന്നു എന്നും ഷിനിതയും മൊഴി നൽകിയിരുന്നു. ബുള്ളറ്റിന് പിന്നിൽ ഒരു സഞ്ചിയിൽ സാധനങ്ങളും ഉണ്ടായിരുന്നു. എന്നാൽ, ബുള്ളറ്റിന്റെ നമ്പരും ദൃശ്യങ്ങളിൽ പതിഞ്ഞിരുന്നില്ല.

മൂന്ന് മാസത്തോളം വലപ്പാട് പൊലീസ് ഈ കേസ് അന്വേഷിച്ചെങ്കിലും ബൈക്ക് യാത്രക്കാരെ സംബന്ധിച്ച് യാതൊരു തുമ്പും കിട്ടിയിരുന്നില്ല. ഈ സാഹചര്യത്തിലാണ് ക്രൈം റെക്കോർഡ്‌സ് ബ്യൂറോയിലെ കെ .പി സുധീറിനോട് ഈ കേസ് ഒന്ന് നോക്കണമെന്ന് എസ് പി ആവശ്യപ്പെടുന്നത്. സമാനാമായ തുമ്പില്ലാത്ത മൂന്നോളം കേസുകൾ നേരത്തേ തെളിയിച്ച അനുഭവം വെച്ചായിരുന്നു എസ്പിയുടെ നിർദ്ദേശം. ഇതനുസരിച്ച് സുധീർ അനൗദ്യോ​ഗികമായി അന്വേഷണം ആരംഭിച്ചു. കേസ് അപ്പോഴും വലപ്പാട് പൊലീസിന്റെ കയ്യിൽ തന്നെ ആയിരുന്നു.

സുധീർ അന്വേഷണം തുടങ്ങുന്നു

കെ പി സുധീർ അന്വേഷണം തുടങ്ങുമ്പോൾ ആകെ ഉണ്ടായിരുന്നത് ഒരു സിസിടിവി ദൃശ്യം മാത്രമായിരുന്നു. നമ്പർ പോലും തെളിയാത്ത ഒരു ബുള്ളറ്റിൽ ഹെൽ‌മറ്റ് ധാരികളായ ഒരു യുവാവിന്റെയും യുവതിയുടെയും ചിത്രമായിരുന്നു അത്. എന്നാൽ, ലോക്കൽ പൊലീസ് കാണാത്ത പലതും ആ ചിത്രത്തിൽ സുധീർ കണ്ടു. അതിലൊന്നായിരുന്നു ബുള്ളറ്റിന്റെ ടാങ്കിലെ ചുവന്ന കളറിലുള്ള എഴുത്ത്. ബുള്ളറ്റിന്റെ ക്ലാസിക് 350 സ്റ്റെൽത്ത് ബ്ലാക്ക് എന്ന മോഡലിന് മാത്രമാണ് അത്തരത്തിൽ എഴുത്ത് ഉള്ളതെന്ന് സുധീർ തിരിച്ചറിഞ്ഞു. മാത്രമല്ല, ലുലുഭാ​ഗത്തെ സിസിടിവിയിൽ പതിഞ്ഞ ബുള്ളറ്റ് വലപ്പാട് സ്റ്റേഷൻ ഭാ​ഗത്തെ സിസിടിവിയിൽ പെട്ടിരുന്നില്ല. ഇതോടെ കൊടുങ്ങല്ലൂർ ഭാ​ഗത്തേക്ക് ബുള്ളറ്റ് പോയിട്ടില്ല എന്നും സുധീർ മനസ്സിലാക്കി. വൈകുന്നേരം 5.45ഓടെയായിരുന്നു അപകടം. വാഹനത്തിൽ സാധനങ്ങളും ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ പ്രദേശവാസിയുടേതാണ് ബുള്ളറ്റ് എന്നും സുധീർ കണക്കുകൂട്ടി.

May be an image of one or more people, motorcycle, road and street

അതോടെ പ്രദേശത്ത് ക്ലാസിക് 350 സ്റ്റെൽത്ത് ബ്ലാക്ക് ബുള്ളറ്റ് ഉള്ളവരുടെ ലിസ്റ്റ് സുധീർ ശേഖരിച്ചു. ഇതിൽ യുവാക്കളുടെ പട്ടിക പ്രത്യേകം തയ്യാറാക്കി. അതിൽ അപകടത്തിൽപെട്ട ബുള്ളറ്റിന്റെ ഉടമയെന്ന് സംശയം തോന്നിയ യുവാവിനെ വലപ്പാട് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്തു. സിസിടിവി ദൃശ്യം കാണിച്ചതോടെ അത് താൻ തന്നെയെന്നും പിന്നിലിരുന്നത് വിവാഹം കഴിക്കാൻ പോകുന്ന പെൺകുട്ടി ആണെന്നും യുവാവ് സമ്മതിച്ചു. തിരക്കുള്ള സമയത്തായിരുന്നു യുവാവും പ്രതിശ്രുത വധുവും അതുവഴി വന്നത്. ബുള്ളറ്റിന്റെ പിൻടയറായിരുന്നു ഷിനിതയുടെ കാലിൽ കയറിയിറങ്ങിയതും. അതുകൊണ്ട് തന്നെ യുവാവ് സംഭവം അറിഞ്ഞിരുന്നില്ല. സംഭവം തെളിഞ്ഞതോടെ വലപ്പാട് പൊലീസ് യുവാവിനെ അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തിൽ വിട്ടു.

മൂന്ന് മാസം വലപ്പാട് പൊലീസ് അന്വേഷിച്ചിട്ടും കണ്ടെത്താനാകാത്ത കേസ് മൂന്ന് ദിവസം കൊണ്ടാണ് കെ പി സുധീർ തെളിയിച്ചത്. തെളിവില്ലാതെ ലോക്കൽ പൊലീസ് തള്ളിയ ജില്ലയിലെ നാലാമത്തെ കേസാണ് ക്രൈം റെക്കോർഡ്‌സ് ബ്യൂറോ തെളിയിക്കുന്നത്. 2020 ജനുവരിയിൽ വാഹനാപകടത്തിൽ ബിജീഷ് കൊല്ലപ്പെട്ട സംഭവത്തിലും സുധീറായിരുന്നു കുറ്റവാളികളെ വെളിച്ചത്ത് കൊണ്ടുവന്നത്.

2020 ജനുവരിയിൽ ചേർപ്പ് പോലീസ് സ്റ്റേഷൻ പരിധിയിൽ രാത്രിയുണ്ടായ വാഹനാപകടത്തിൽ നിർമ്മാണ തൊഴിലാളിയായ ബീജീഷിനും സുഹൃത്തിനും അപകടം പറ്റുന്നു. ഇവർ ഓടിച്ച ബൈക്കിൽ ഒരു കാർ അമിതാവേഗതയിൽ വന്നിടിക്കുകയും നിർത്താതെ പോകുകയുമായിരന്നു. അബോധാവസ്ഥയിൽ ആശുപത്രിയിലായ ബീജീഷ് 10 ദിവസം വെന്റിലേറ്ററിൽ ജീവന് വേണ്ടി മല്ലടിച്ചു മരണത്തിന് കീഴടങ്ങി. ആദ്യം അന്വേഷിച്ച ചേർപ്പ് പോലീസിന് ഇടിച്ചിട്ട വാഹനം കണ്ടെത്താനായില്ല. ഭാര്യയും കുഞ്ഞും അമ്മയും അടങ്ങുന്ന ബീജീഷിന്റെ നിർദ്ധന കുടുംബത്തിന് ഏക ആശ്രയമായ ബീജീഷിന്റെ നഷ്ടം താങ്ങാനാവുന്നതിലും അധികമായിരുന്നു. അപകടവുമായി ബന്ധപ്പെട്ട ഇൻഷൂറൻസ് തുക കിട്ടാനും വഴിയില്ല. കാരണം, ഇടിച്ച കാർ പിടികൂടാനായിട്ടില്ല.

അപകട സ്ഥലത്തു നിന്ന് കുറച്ചകലെയുള്ള സിസിടിവി ക്യാമറയിൽ ബൈക്കിൽ കാർ തട്ടുന്നതും പോകുന്നതുമെല്ലാം ദൂര കാഴ്ചയാണ്. അപകട ശേഷം കാർ വേഗത്തിൽ പോകുന്നതും സിസിടിവി ക്യാമറയിൽ കാണുന്നുണ്ട്. പക്ഷേ, നമ്പർ വ്യക്തമല്ല. ഒട്ടേറെ സിസിടിവി ക്യാമറകൾ പരിശോധിച്ചു. കാർ കടന്നുപോകുന്നത് കാണാം. എന്നാൽ, കാർ ആരുടേതാണെന്ന് കണ്ടെത്താൻ കഴിഞ്ഞില്ല. കോവിഡ് തിരക്കു കൂടിയായതോടെ ചേർപ്പ് പൊലീസ് അന്വേഷണം മന്ദഗതിയിലായി.അപകടം നടന്ന് എട്ട് മാസം കഴിഞ്ഞിട്ടും ഇടിച്ച കാർ തിരിച്ചറിയാൻ കഴിയാതെ വന്നതോടെ ബിജീഷിന്റെ കുടുംബം പ്രതിസന്ധിയിലായി. അപകട ശേഷം സ്വകാര്യ ആശുപത്രിയിൽ ചികിൽസ നടത്താൻ തന്നെ നാട്ടുകാർ തുക സ്വരൂപിക്കേണ്ടി വന്നു. തൃശൂർ റൂറൽ എസ്പി ആർ.വിശ്വനാഥന്റെ മുൻപിലേക്ക് ബിജീഷിന്റെ ഭാര്യ പരാതിയുമായി എത്തി. കുടുംബത്തിന്റെ നിസഹായത തിരിച്ചറിഞ്ഞ എസ്പി ഉടനെ പരാതി ഡിസിആർബി ഡിവൈഎസ്പി എ.രാമചന്ദ്രനാണ് കൈമാറിയത്. ചേർപ്പ് പൊലീസ് അതുവരെ അന്വേഷിച്ചതും സ്വരൂപിച്ചതുമായ വിവരങ്ങൾ ഫയലായി എത്തിയിരുന്നു. ഡിവൈഎസ്പി കാര്യങ്ങൾ സമഗ്രമായി പരിശോധിച്ചു. കേസന്വേഷിക്കാൻ എഎസ്‌ഐ കെ.പി.സുധീറിനെ ഏൽപിച്ചു.

അപകടം നടന്ന സ്ഥലത്തു നിന്ന് ഫോക്‌സ് വാഗൺ കാറിന്റെ മുദ്ര കിട്ടി. കാറിന്റെ മുൻവശത്തെ ഗ്രില്ലും ഫോഗ് ലാംപിന്റെ ഒരു ഭാഗവും സംഭവ സ്ഥലത്തു നിന്ന് കണ്ടെത്തി. ഇടിച്ച കാർ വെന്റോ ആണെന്ന് തിരിച്ചറിയാൻ പെട്ടെന്നു തന്നെ കഴിഞ്ഞു. സിസിടിവി ക്യാമറയിലെ രാത്രിദൃശ്യങ്ങൾ ബ്ലാക് ആന്റ് വൈറ്റ് ആണല്ലോ? അതുകൊണ്ടുതന്നെ, കാറിന്റെ നിറം ഏതാണെന്ന് കൃത്യമായി പറയാൻ കഴിഞ്ഞിരുന്നില്ല.
നീല കാറാണെന്ന നിഗമനത്തിലാണ് ചേർപ്പ് പൊലീസ് അന്വേഷിച്ചത്. ഏകദേശം 2500 വാഹനങ്ങൾ ഇതേ ബ്രാൻഡിന്റേതായി തൃശൂരിൽ പുറത്തിറങ്ങിയിട്ടുണ്ട്. നീല കാറുകളുടെ ഉടമകളെ ചുറ്റിപ്പറ്റി അന്വേഷിച്ചു. അപകട ദിവസം നീല കാറുകൾ അതുവഴി പോയിട്ടില്ല. തൃശൂർ, ഇരിങ്ങാലക്കുട റൂട്ടിലുള്ള വെന്റോ കാറുകളുടെ ഉടമകൾ ആരെല്ലാമെന്നും കണ്ടെത്തി. പക്ഷേ, നീല നിറത്തിലുള്ള വെന്റോ സംഭവ സമയത്ത് കടന്നുപോയിട്ടില്ല. ഉടമകളുടെ ടവറുകൾ വരെ പൊലീസ് പരിശോധിച്ചു. അതവിടെ വഴിമുട്ടി നിന്നു.

വെന്റോ കാറുകൾ ഏതൊക്കെ നിറത്തിൽ ഇറക്കിയിട്ടുണ്ടെന്ന് പരിശോധിച്ചു. ചാര നിറത്തിലുള്ള കാറുകളും നിരത്തിലുണ്ടെന്ന് അങ്ങനെ മനസിലായി. ചാര നിറത്തിലുള്ള വെന്റോ കാർ സിസിടിവി കാമറയിൽ എങ്ങനെയിരിക്കും?. അങ്ങനെ യാണ് ഡമ്മി പരീക്ഷണം എന്ന ആശയം ഉടലെടുത്തത് ,ഇതിനെ തുടർന്നു അത്തരം ഒരു കാറുമായി സംഭവ സ്ഥലത്തു കൂടെ രാത്രി 11ന് ഓടിച്ചു നോക്കി. അപകട ദൃശ്യങ്ങൾ പതിഞ്ഞ ആ സിസിടിവി കാമറയിൽ ചാര നിറത്തിലുള്ള കാർ എങ്ങനെയാണ് കാണുന്നതെന്ന് പരിശോധിച്ചു. നോക്കുമ്പോൾ നീലയും ചാര നിറവുമെല്ലാം ഒരേപോലെ തന്നെയാണ് കാണുന്നത്. ചാര നിറത്തിലുള്ള കാറുകൾ എത്രണ്ണം ഈ മേഖലയിലുണ്ട്?.

പതിനെഞ്ചെണ്ണം വരെയുണ്ട്. ഇവരുടെ ഉടമസ്ഥർ ആരെല്ലാം?. എന്താണ് ജോലി?. ഏതു സമയത്താണ് ഇവർ ജോലി കഴിഞ്ഞു മടങ്ങാൻ സാധ്യത. ബിസിനസുകാരായ അഞ്ചു പേരെ ഷോർട് ലിസ്റ്റ് ചെയ്തു. അഞ്ചു പേരുടേയും വിവരങ്ങൾ ശേഖരിച്ചു. ഇതിൽ ഒരാളുടെ കാര്യത്തിൽ സംശയമായി. അദ്ദേഹത്തിന്റെ മൊബൈൽ ഫോൺ കോൾ ലിസ്റ്റെടുത്തു. ടവറുകൾ പരിശോധിച്ചു. ഇരിങ്ങാലക്കുട അവിട്ടത്തൂർ സ്വദേശി പ്രിൻസായിരുന്നു കാറുടമ. തൃശൂരിൽ നിന്ന് വീട്ടിലേയ്ക്കുള്ള യാത്രയിലായിരുന്നു. മൊബൈൽ ഫോണിൽ സംസാരിച്ചായിരുന്നു ഡ്രൈവ് ചെയ്തിരുന്നതെന്ന് വ്യക്തം. കാരണം, കോൾ ലിസ്റ്റിൽ ആ സമയത്ത് ഫോൺ വിളിയുണ്ട്. ഫോൺ വന്ന സമയത്തെ ടവറും അപകട നടന്ന സ്ഥലത്തെ ടവറും തമ്മിൽ ആറു കിലോമീറ്ററാണ് വ്യത്യാസം. ഏകദേശം മൂന്നു മിനിറ്റു കൊണ്ട് ആറു കിലോമീറ്റർ പിന്നിട്ടിട്ടുണ്ട്. സിസിടിവി ക്യാമറയിലും സമയം വ്യക്തമായുണ്ട്.

97 കിലോമീറ്ററിലേറെ വേഗത്തിലാണ് കാറോടിച്ചിരുന്നതെന്ന് പൊലീസ് വിലയിരുത്തി. ഇത്രയും ഡിജിറ്റൽ വിവരങ്ങൾ കൈവശമുള്ള പൊലീസിനു മുൻപിലേക്കാണ് കാറുടമ എത്തിയത്. പൊലീസിന് മുൻപിൽ ആദ്യം വിസമ്മതിച്ചു. ഓരോ തെളിവുകൾ നിരത്തി ചോദിച്ചു. പല മുട്ടാപ്പോക്കുകൾ പറഞ്ഞു . അതെല്ലാം മറികടക്കാൻ കഴിയുന്ന ഡിജിറ്റൽ തെളിവുകൾ പൊലീസ് നിരത്തി. അവസാനം, അപകടം സംഭവിച്ച കാര്യം സമ്മതിച്ചു.
അപകടത്തിൽപ്പെട്ട കാർ ചെവ്വൂരിൽ നിന്ന് അവിട്ടത്തൂർ വരെ ഓടിച്ചാണ് കൊണ്ടുവന്നത്. മുൻവശത്തെ ചില്ല് ചിന്നിയതിനാൽ വേഗത്തിൽ ഓടിക്കുക പ്രയാസമായിരുന്നു.

കാർ വീട്ടിൽതന്നെയിട്ടു. വർക്ഷോപ്പിൽ കൊടുത്താൽ പൊലീസ് പിടിക്കുമെന്ന് ഉടമ കണക്കുകൂട്ടി. പക്ഷേ, വർക് ഷോപ്പുകൾ തിരയാതെ തന്നെ ക്യാമറ, മൊബൈൽ ഫോൺ വിശദാംശങ്ങൾ വഴി കേസ് തെളിയിക്കാൻ പൊലീസിന് കഴിഞ്ഞു. സംഭവം നടന്ന് ആറു മാസം കഴിഞ്ഞതിനാൽ പൊലീസ് പിന്നിൽ എത്തുമെന്ന് കാറുടമയും കണക്കുകൂട്ടിയില്ല. അപകടം നടന്ന ഉടനെ പരുക്കേറ്റവരെ ആശുപത്രിയിൽ എത്തിക്കണമെന്ന പ്രാഥമിക കടമതന്നെ കാറുടമ പാലിച്ചില്ല. മനപൂർവമായ നരഹത്യയാണ് പൊലീസ് ചുമത്തിയത്. തെളിവു നശിപ്പിച്ചെന്ന കുറ്റം വേറെ. ഇതിനെല്ലാം പുറമെ, മോട്ടോർ വാഹന നിയമത്തിലെ രണ്ടു കുറ്റങ്ങളും. പ്രതിയെ കോടതി കയ്യോടെ റിമാൻഡ് ചെയ്തു.

വജ്ര വ്യാപാര ശാലയിൽ ഉദ്യോഗസ്ഥനാണ് അറസ്റ്റിലായ പ്രിൻസ്. ആറു മാസമായിട്ടും തെളിയാതിരുന്ന വാഹനാപകട കേസ് തെളിയിക്കാൻ കഴിഞ്ഞത് പൊലീസിന് നേട്ടമായി.തൃശൂർ റേഞ്ച് ഡിഐജിയായി എസ്.സുരേന്ദ്രൻ ചുമതലയേറ്റ ശേഷം പഴയ കേസുകളുടെ പുരോഗതി കൃത്യമായി വിലയിരുത്താറുണ്ട്. ബിജീഷിന്റെ കുടുംബം പരാതിയുമായി എത്തിയ ശേഷം കേസന്വേഷണം എങ്ങനെ പോകുന്നുവെന്ന് മേലുദ്യോഗസ്ഥർ കൃത്യമായി നിരീക്ഷിച്ചു. ഡിജിറ്റൽ തെളിവുകൾ എങ്ങനെ ഈ കേസിൽ ശക്തമായി കൊണ്ടുവരാൻ കഴിയുമെന്ന് നിയമോപദേശം മേലുദ്യോഗസ്ഥർ നൽകിയിരുന്നു. കേസന്വേഷിച്ച ജില്ലാ ക്രൈം റിക്കോർഡ്‌സ് ബ്യൂറോയിലെ എഎസ്‌ഐ കെ.പി.സുധീറിന് സേനയ്ക്കുള്ളിൽ തന്നെ അഭിനന്ദന പ്രവാഹമാണ്. കുടുംബനാഥൻ മരിച്ചതോടെ പ്രതിസന്ധിയിലായ കുടുംബത്തിന് ഇൻഷൂറൻസ് തുക കൈതാങ്ങാകും.

പ്രതിയെ കണ്ടെത്തിയ വിവരം അറിയിക്കാൻ ബീജീഷിന്റെ വസതിയിലെത്തിയ സുധീഷിനെ നിറഞ്ഞ കണ്ണുകളോടെയാണ് ബീജീഷിന്റെ അമ്മ സ്വീകരിച്ചത്. മകൻ നഷ്ടപ്പെട്ട അമ്മക്ക് ഓണക്കോടിയുമായാണ് സുധീഷ് എത്തിയത് അത് വാങ്ങുമ്പോൾ ആ അമ്മയുടെ കണ്ണിൽ എന്തെന്നില്ലാത്ത തിളക്കം ,ഇതിന് മുന്പും ഇത്തരം മികച്ച അന്വേഷണത്തിലൂടെ മുഖ്യമന്ത്രിയുടെ മെഡൽ എഎസ്‌ഐ കെ.പി.സുധീറിന് ലഭിച്ചിട്ടുണ്ട്.

https://mediamangalam.com/archives/10009?fbclid=IwAR1wyDnzhAtSgbiN6nvlj1-RQ3b00ijzdB4I7IIbedx-Pv-9_VxvbFuqKtU

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close