മൂന്നു മാസത്തേക്ക് മൊറട്ടോറിയം പ്രഖ്യാപിച്ചു, എന്താണ് മൊറട്ടോറിയം, അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍

കൊച്ചി: കൊവിഡ് 19 ഉയര്‍ത്തുന്ന വെല്ലുവിളിയില്‍ നിന്നും സാമ്പത്തിക മേഖലയെ സംരക്ഷിച്ച് നിര്‍ത്താന്‍ ആശ്വാസ നടപടികളുമായി റിസര്‍വ് ബാങ്ക്. കൊവിഡ് സൃഷ്ടിച്ചത് വലിയ പ്രതിസന്ധിയെന്ന് റിസര്‍വ്വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ്. എത്രകാലം സാഹചര്യം നിലനില്‍ക്കുമെന്ന് ഇപ്പോള്‍ വ്യക്തമല്ലെന്നും അദ്ദേഹം പറഞ്ഞു. എംപിസി യോഗത്തിന് ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ശക്തികാന്ത ദാസ് ഇക്കാര്യം പറഞ്ഞത്.
കൊവിഡിന്റെ പശ്ചാത്തലത്തില്‍ പുതിയ റിപ്പോ നിരക്കും റിസര്‍വ്വ് ബാങ്ക് പ്രഖ്യാപിച്ചു. റീപ്പോ നിരക്ക് 0.75 ശതമാനം കുറച്ച് 4.4% ആക്കി. ഭവന വാഹന വായ്പാ നിരക്കുകളും കുറയും. എല്ലാ വായ്പാ തിരിച്ചടവുകള്‍ക്കും മൂന്ന് മാസത്തേക്ക് മൊറട്ടോറിയം പ്രഖ്യാപിച്ചു മൂന്ന് മാസത്തേക്ക് തിരിച്ചടവ് വേണ്ട. നിശ്ചിത കാലാവധി ലോണുകള്‍ക്കാണ് ഇളവ്. നാണ്യപെരുപ്പം സുരക്ഷിത നിലയിലാണെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.
എന്താണ് മൊറട്ടോറിയം
നിങ്ങള്‍ വായ്പ എടുത്ത ബാങ്ക് ഇക്കാര്യത്തില്‍ തീരുമാനമെടുത്ത് മൂന്ന് മാസത്തേക്ക് ഇഎംഐ തിരിച്ചെടുക്കില്ലെന്ന് അറിയിപ്പ് തരും വരെ നിലവിലെ അവസ്ഥ തുടരും. എല്ലാ ബാങ്കുകളും മൊറട്ടോറിയവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ബോര്‍ഡ് തലത്തില്‍ നടത്തും. ബോര്‍ഡ് തീരുമാനങ്ങള്‍ക്ക് അംഗീകാരമാകുന്നതോടെ ഇത് ഉപഭോക്താക്കളെ അറിയിക്കും. ആര്‍ബിഐ നിര്‍ദേശമനുസരിച്ച് മൊറട്ടോറിയം കാലയളവിലെ തിരിച്ചടവ് മുടങ്ങുന്നത് ക്രെഡിറ്റ് സ്കോറിനെ ബാധിക്കില്ല.
എല്ലാ വാണിജ്യ ബാങ്ക് വായ്പകള്‍ക്കും ബാധകമാണ്. ഇതില്‍ റീജ്യണല്‍ റൂറല്‍ ബാങ്കുകള്‍-ആര്‍ആര്‍ബി, സ്മോള്‍ ഫിനാന്‍സ് ബാങ്കുകള്‍-എസ്എഫ്ബി, പ്രാദേശിക ബാങ്കുകള്‍ എന്നിവയും ഉള്‍പ്പെടും. ഇതിന് പുറമെ കോ-ഓപ്പറേറ്റീവ് (സഹകരണ) ബാങ്കുകള്‍, അഖിലേന്ത്യ ധനകാര്യ സ്ഥാപനങ്ങള്‍ (എഐഎഫ്ഐ), മൈക്രോ ഫിനാന്‍സ് കമ്പനികളും, ബിസിനസ് ഫിനാന്‍സ് കമ്പനികളുമുള്പ്പെടുന്ന എന്‍ബിഎഫ്സി കളുടെ വായ്പകള്‍ക്കും മൊറട്ടോറിയം ബാധകമാണ്.
നിലവിലെ സാമ്പത്തിക സാഹചര്യത്തില്‍ ഇഎംഐ നീട്ടിവയക്കല് മാത്രമാണ്. അല്ലാതെ ഇഎംഐ ഇല്ലാതെയാകുന്നില്ല. മൂന്ന് മാസം അധികസമയം ലഭിക്കുമെന്ന് മാത്രം. വായ്പാകാലാവധി മൂന്ന് മാസം കൂടി കൂടുന്നു.
നിങ്ങളുടെ ബാങ്ക് തീരുമാനമനുസരിച്ചാകും അന്തിമ തീരുമാനം. മുതലിനും പലിശയ്ക്കും മൊറട്ടോറിയം എന്നതാണ് ആര്‍ബിഐ നിര്‍ദേശം. 2020 മാര്‍ച്ച് 1 വരെയുള്ള എല്ലാ വായ്പകള്‍ക്കും ഇത് ബാധകമാണ്. ആര്‍ബിഐ നയപ്രഖ്യാപനം ടേം ലോണുകള്‍ക്ക് (ദീര്‍ഘകാല വായ്പകള്‍) മൊറട്ടോറിയം ബാധകം എന്നാണ്. ഇതില്‍ ഭവന, വ്യക്തിഗത, വിദ്യാഭ്യാസ, വാഹന വായ്പകള്‍ക്ക് പുറമേ ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള മറ്റ് വായ്പകളും ഉള്‍പ്പെടും. ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള ഉപഭോക്തൃ വായ്പകളുടെ (മൊബൈല്‍ ഫോണ്‍, ഫ്രിഡ്ജ്, ടിവി മുതലായവ വാങ്ങാനുള്ള വായ്പകള്‍) ഇഎംഐയിലും ഇളവുണ്ട്. ബാങ്കുകളുടെ അറിയിപ്പ് നോക്കുക. ക്രെഡിറ്റ് കാര്‍ഡുകളെ ടേം ലോണുകളുടെ കൂട്ടത്തിലല്ല ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇത് റിവോള്‍വിംഗ് ക്രെഡിറ്റ് അഥവാ ചാക്രിക വായ്പകള്‍ ആണ്. അതുകൊണ്ട് ക്രെഡിറ്റ് കാര്‍ഡുകള്‍ക്ക് മൊറട്ടോറിയം ബാധകമല്ല.
തിരിച്ചടവിന് ബുദ്ധിമുട്ടുള്ളതും ടേം ലോണ്‍ (ഒരു പ്രത്യേക തിരിച്ചടവ് കാലാവധിയുള്ളത് ) എന്ന വ്യവസ്ഥകളില്‍ വരുന്നതുമായ ഏത് വായ്പകള്‍ക്കും മൊറട്ടോറിയം ബാധകമാണ്. പ്രവര്‍ത്തന മൂലധനത്തിനായെടുത്ത വായ്പകള്‍ക്ക് മൂന്ന് മാസം പലിശയിളവ്. 2020 മാര്‍ച്ച് 1 വരെ പ്രവര്‍ത്തന മൂലധനാവശ്യത്തിനെടുത്ത വായ്പകളുടെ പലിശകള്‍ക്ക് ബാധകം. മൊറട്ടോറിയം നല്‍കുന്നത് മൂന്ന് മാസത്തെ സാവകാശം മാത്രമാണ്. മറ്റ് വായ്പാ വ്യവസ്ഥകള്‍ മാറില്ല. ആര്‍ബിഐ നിര്‍ദേശം അനുസരിച്ച് അധിക പലിശ ഉണ്ടാവില്ല. കൃത്യമായ വിവരത്തിന് ബാങ്കുകളുടെ തീരുമാനത്തിന് കാത്തിരിക്കാം.