KERALANEWS

മെഡിക്കല്‍ കോളേജില്‍ ആരംഭിച്ച ആദ്യ ദിന വാക്‌സിനേഷനില്‍ വാക്‌സിന്‍ സ്വീകരിച്ചത് 57 പേര്‍

തിരുവനന്തപുരം: വിപുലമായ സജ്ജീകരണങ്ങളാല്‍ തയ്യാറായ മെഡിക്കല്‍ കോളേജിലെ വാക്‌സിനേഷന്‍ കേന്ദ്രത്തില്‍ തിങ്കളാഴ്ച ആരോഗ്യ പ്രവര്‍ത്തകര്‍ വാക്‌സിന്‍ സ്വീകരിച്ചു.57 പേരാണ് ആദ്യ ദിനം വാക്‌സിന്‍ സ്വീകരിച്ചത്. നൂറു പേര്‍ക്കാണ് ഒരു ദിവസം വാക്‌സിന്‍ നല്‍കുന്നതെങ്കിലും സ്ഥലത്തില്ലാത്തവരും ഗര്‍ഭിണികളും മുലയൂട്ടുന്നവരുമൊക്കെയായി 43 പേര്‍ക്ക് വാക്‌സിന്‍ സ്വീകരിക്കാന്‍ എത്താന്‍ കഴിഞ്ഞില്ല. ഇവര്‍ക്ക് മറ്റൊരു ദിവസം അവസരമൊരുക്കും.എസ് എ ടി ആശുപത്രി സൂപ്രണ്ട് ഡോ എ സന്തോഷ് കുമാറാണ് ആദ്യം വാക്‌സിന്‍ സ്വീകരിച്ചത്.

രാവിലെ ഒന്‍പതു മുതല്‍ വൈകുന്നേരം അഞ്ചു വരെയാണ് വാക്‌സിനേഷന്‍ കേന്ദ്രം പ്രവര്‍ത്തിക്കുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ മാര്‍ഗനിര്‍ദ്ദേശമനുസരിച്ചുള്ള പൂര്‍ണമായ സംവിധാനങ്ങള്‍ ഇവിടെ ഒരുക്കിയിരുന്നു. അഞ്ചുമുറികളിലും ഒരു ഹാളിലുമായാണ് വാക്‌സിനേഷന്‍ സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്. നൂറു പേര്‍ക്കാണ് തിങ്കളാഴ്ച വാക്‌സിന്‍ നല്‍കിയത്. ആറു സ്റ്റാഫ് നേഴ്‌സ്, രണ്ട് ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ ഉള്‍പ്പെടെ എട്ടു പേര്‍ വീതമുള്ള അഞ്ചംഗ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. പത്ത് ആഴ്ചയോളം നീളുന്ന വാക്‌സിനേഷന് ഈ അഞ്ചംഗ സംഘം രണ്ടു തവണയായി നേതൃത്വം നല്‍കും. അടിയന്തര സാഹചര്യമുണ്ടായാല്‍ നേരിടുന്നതിന് ഡിഫിബ്രിലേറ്റര്‍, ആംബുലന്‍സ് എന്നിവയും സജ്ജമാക്കിയിരുന്നു.

മെഡിക്കല്‍ കോളേജ് മള്‍ട്ടി ഡിസിപ്ലിനറി റിസര്‍ച്ച് ലാബ് കെട്ടിടത്തില്‍ സജ്ജീകരിച്ച വാക്‌സിനേഷന്‍ കേന്ദ്രത്തില്‍ രാവിലെ ഒന്‍പതിന് വാക്‌സിനേഷന്‍ പരിപാടി മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ സാറ വര്‍ഗീസ് ഉദ്ഘാടനം ചെയ്തു. ജില്ലാ ഡവലപ്‌മെന്റ് കമ്മീഷണര്‍ ഡോ വിനയ് ഗോയല്‍ ഐ എ എസ്, ജില്ലാ ആര്‍ സി എച്ച് ഓഫീസര്‍ ഡോ ദിവ്യ സദാശിവന്‍,
മെഡിക്കല്‍ കോളേജ് ആശുപത്രി സൂപ്രണ്ട് ഡോ എം എസ് ഷര്‍മ്മദ്, വാക്‌സിനേഷന്‍ നോഡല്‍ ഓഫീസര്‍ ഡോ വിമല, കബ്യൂണിറ്റി മെഡിസിന്‍ വിഭാഗം മേധാവി ഡോ പി എസ് ഇന്ദു, അസിസ്റ്റന്റ് വാക്‌സിനേഷന്‍ നോഡല്‍ ഓഫീസര്‍ ഡോ ദേവരാജ്, വാക്‌സിനേഷന്‍ കോ ഓര്‍ഡിനേറ്ററും മെഡിക്കല്‍ കോളേജ് ആശുപത്രി എ ആര്‍ എം ഒ യുമായ ഡോ സുജാത, എം ഡി ആര്‍ എല്‍ നോഡല്‍ ഓഫീസര്‍ രതീഷ് ജി ബി എന്നിവര്‍ ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുത്തു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close