മെറിന് യാത്രയായി; നോറയെ ഒരു നോക്ക് കാണാതെ

കൊച്ചി: അമ്മയുടെ മുഖം സ്ക്രീനില്‍ തെളിയുമ്പോള്‍ രണ്ടുവയസുകാരി നോറയ്ക്ക് അറിയില്ല ഇനി തനിക്ക് അമ്മയെ കാണാനാവില്ലെന്ന്. മകളുടെ അന്ത്യചുംബനം പോലും വാങ്ങാതെയായിരുന്നു മെറിന്റെ മടക്കം. ഭര്‍ത്താവ് ക്രൂരമായി കൊലപ്പെടുത്തിയ മെറിന് ജോയിയുടെ മൃതദേഹം സംസ്കരിച്ചു. അമേരിക്കയില്‍ നടന്ന സംസ്കാരചടങ്ങുകള്‍ ഓണ്‍ലൈനിലൂടെയാണ് മെറിന്റെ മകളും കുടുംബവും കണ്ടത്.ജന്മനാട്ടിലും അമേരിക്കയിലുമായി ബന്ധുക്കളുടെയും സഹപ്രവര്‍ത്തകരുടെയും പ്രാര്‍ഥനകള്‍ സാക്ഷിയാക്കി മെറിന്റെ സംസ്കാരം.യുഎസിലെ റ്റാംപ സേക്രഡ് ഹാര്‍ട്ട് ക്നാനായ കാത്തലിക് പള്ളിയിലായിരുന്നു ചടങ്ങുകള്‍. ഹില്‍സ്ബൊറൊ മെമ്മോറിയല്‍ സെമിത്തേരിയില്‍ സംസ്കാരം നടത്തി. ഇന്ത്യന്‍ സമയം വൈകിട്ട് 7.30ന് ആരംഭിച്ച ചടങ്ങുകള്‍ ഇന്ന് പുലര്‍ച്ചെ മൂന്നരയോടെയാണ് സമാപിച്ചത്. പൊതു ദര്‍ശനവും ശുശ്രൂഷകളും തത്സമയം മോനിപ്പള്ളിയിലെ വീട്ടില്‍ അച്ഛന് ജോയി, അമ്മ മേഴ്സി, മകള്‍ നോറ എന്നിവരും ബന്ധുക്കളും കണ്ടു.സംസ്കാര ശുശ്രൂഷകള്‍ക്കു മുന്നോടിയായി സിറോ മലബാര്‍ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, കോട്ടയം അതിരൂപതാ ആര്‍ച്ച് ബിഷപ് മാര്‍ മാത്യു മൂലക്കാട്ട് എന്നിവര്‍ വിഡിയോ വഴി അനുശോചന സന്ദേശം അറിയിച്ചു. അമേരിക്കയിലെ സംസ്കാര ചടങ്ങിനു മുന്‍പ് മെറിന്റെ ഇടവക പള്ളിയായ മോനിപ്പള്ളി തിരുഹൃദയ പള്ളിയില്‍ പ്രത്യേക പ്രാര്‍ഥന നടന്നു.ജൂലായ് 28-ന് അമേരിക്കന്‍ സമയം രാവിലെ 7.30-നാണ് മോനിപ്പള്ളി ഊരാളില്‍ വീട്ടില്‍ മരങ്ങാട്ടില്‍ ജോയി-മേഴ്സി ദമ്പതിമാരുടെ മകളായ മെറിന് ജോയിയെ(27) ഭര്‍ത്താവ് ഫിലിപ്പ് മാത്യു (നെവിന്-34) കുത്തിയും കാറുകയറ്റിയും കൊലപ്പെടുത്തിയത്. മെറിന് ജോലിനോക്കുന്ന കോറല്‍ സ്പ്രിങ്സിലെ ആശുപത്രിയുടെ പാര്‍ക്കിങ് പ്രദേശത്തായിരുന്നു സംഭവം. നെവിന് ഇപ്പോള്‍ അമേരിക്കയില്‍ പോലീസ്കസ്റ്റഡിയിലാണ്.