INSIGHTSPORTSTop News

മെസ്സിയും ക്രിസ്റ്റ്യാനോയുമില്ലാത്ത ചാംപ്യന്‍സ് ലീഗ്

വസന്ത് കമല്‍

ലോക ഫുട്ബോളിലെ ഏറ്റവും താരമൂല്യമുള്ള കളിക്കാരാണ് ലയണല്‍ മെസ്സിയും ക്രിസ്റ്റിയാനോ റൊണാള്‍ഡോയും. എന്നാല്‍, ഇത്തവണത്തെ ചാംപ്യന്‍സ് ലീഗ് ഇരുവരുടെയും ആരാധകര്‍ക്ക് നിരാശയാണ്. ക്വാര്‍ട്ടര്‍ ഫൈനല്‍ മുതലങ്ങോട്ട് ഇരുവരുടെയും സാന്നിധ്യമുണ്ടാകില്ല. പ്രീ ക്വാര്‍ട്ടര്‍ ഫൈനലിന്റെ രണ്ടാം പാദ മത്സരത്തില്‍ എഫ്സി പോര്‍ട്ടോയെ തോല്‍പ്പിച്ചെങ്കിലും ആകെ ഗോള്‍ വ്യത്യാസം മറികടക്കാന്‍ യുവന്റസിനു കഴിയാതിരുന്നതോടെയാണ് ക്രിസ്റ്റിയാനോയുടെ ടീം പുറത്തായത്. ക്വാര്‍ട്ടറിലേക്ക് മുന്നേറിയ പോര്‍ട്ടോയാകട്ടെ, ക്രിസ്റ്റിയാനോയുടെ സ്വന്തം നാടായ പോര്‍ച്ചുഗലില്‍നിന്നും. എക്സ്ട്രാ ടൈമിലേക്കു നീണ്ട രണ്ടാം പാദ മത്സരത്തില്‍ രണ്ടിനെതിരേ മൂന്നു ഗോളിനാണ് യുവന്റസ് ജയിച്ചത്. ആദ്യ പാദത്തില്‍ പോര്‍ട്ടോ ഒന്നിനെതിരേ രണ്ടു ഗോളിനു ജയിച്ചിരുന്നതിനാല്‍ അഗ്രഗേറ്റ് സ്‌കോര്‍ 4-4. എന്നാല്‍, എവേ ഗോളിനു മൂല്യം കൂടുതലുള്ളതിനാല്‍, യുവന്റസിന്റെ തട്ടകത്തില്‍ നേടിയ രണ്ടു ഗോളിന്റെ ബലത്തില്‍ പോര്‍ട്ടോ മുന്നേറുകയായിരുന്നു. തുടര്‍ച്ചയായ രണ്ടാം സീസണിലാണ് യുവന്റസ് ചാംപ്യന്‍സ് ലീഗിന്റെ ക്വാര്‍ട്ടര്‍ കാണാതെ പുറത്താകുന്നത്. ഇറ്റാലിയന്‍ ലീഗിലും പ്രതീക്ഷയ്ക്കൊത്തുയരാത്ത ടീം പോയിന്റ് പട്ടികയില്‍ ഇപ്പോള്‍ മൂന്നാം സ്ഥാനത്താണ്. ഇതോടെ ഇറ്റലിയുടെ മുന്‍ സൂപ്പര്‍ താരം കൂടിയായ യുവന്റസ് കോച്ച് ആന്ദ്രെ പിര്‍ലോയുടെ നിലയും പരുങ്ങലിലായി. ഫ്രഞ്ച് ടീം പിഎസ്ജിക്കെതിരായ സമനിലയാണ് ലയണല്‍ മെസിയുടെ ബാഴ്സലോണയ്ക്ക് പുറത്തേക്കുള്ള വഴി തുറന്നത്. ആദ്യ പാദത്തില്‍ ഒന്നിനെതിരേ നാലു ഗോളിന് പിഎസ്ജി ജയിച്ചപ്പോള്‍ രണ്ടാം പാദം 1-1 സമനിലയില്‍ അവസാനിച്ചു. രണ്ടാം പാദത്തില്‍ ഒന്നാന്തരമൊരു ലോങ് റേഞ്ചര്‍ ഗോള്‍ നേടാന്‍ മെസിക്കു സാധിച്ചെങ്കിലും പെനല്‍റ്റി നഷ്ടപ്പെടുത്തിയത് തിരിച്ചടിയായി. മത്സരം ജയിച്ചാല്‍ മാത്രം പോരാ, മൂന്നു ഗോള്‍ വ്യത്യാസം മറികടക്കുകയും വേണം എന്ന അവസ്ഥയിലായിരുന്നു ബാഴ്സ. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ വമ്പന്‍മാരായ ലിവര്‍പൂളും ചാംപ്യന്‍സ് ലീഗിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇടം ഉറപ്പാക്കിയിട്ടുണ്ട്. ജര്‍മന്‍ ടീം ആര്‍ബി ലീപ്സിഗിനെ രണ്ടു പാദങ്ങളിലും രണ്ടു ഗോളുകള്‍ക്കു തോല്‍പ്പിക്കുകയായിരുന്നു ലിവര്‍പൂള്‍. ലീപ്സിഗ് പുറത്തായെങ്കിലും ജര്‍മന്‍ പ്രതിനിധികളായി ബോറൂസിയ ഡോര്‍ട്ട്മുണ്ട് ക്വാര്‍ട്ടറില്‍ ഇടംപിടിച്ചിട്ടുണ്ട്. സ്പാനിഷ് ക്ലബ് സെവിയ്യയുമായി രണ്ടാം പാദ മത്സരത്തില്‍ 2-2 സമനിലയില്‍ പിരിഞ്ഞെങ്കിലും ആദ്യ പാദത്തില്‍ നേടിയ വിജയത്തോടെ ഡോര്‍ട്ട്മുണ്ട് മുന്നേറുകയായിരുന്നു. ഇരട്ട ഗോള്‍ നേടിയ യുവ സൂപ്പര്‍ താരം എര്‍ലിങ് ഹാലന്‍ഡാണ് ഡോര്‍ട്ട്മുണ്ട് മുന്നേറ്റത്തിനു ചുക്കാന്‍ പിടിക്കുന്നത്. 14 മത്സരങ്ങളില്‍ 20 നേടിക്കഴിഞ്ഞു ഈ ഇരുപത്തൊന്നുകാരന്‍. 21 തിയകും മുന്‍പ് ഏറ്റവും കൂടുതല്‍ ചാംപ്യന്‍സ് ലീഗ് ഗോള്‍ എന്ന കൈലിയന്‍ എംബാപ്പെയുടെ റെക്കോഡും ഹാര്‍ലന്‍ഡ് മറികടന്നു.

ടീമിന്റെ പ്രകടനത്തെ ആശ്രയിച്ചിരിക്കും പരിശീലകന്റെയും ഭാവി. എന്നാല്‍, ജര്‍മന്‍ ദേശീയ ടീം ഏറെക്കാലമായി മോശം ഫോമില്‍ തുടര്‍ന്നിട്ടും കോച്ച് ജോവാക്വിം ലോയുടെ കസേര ഭദ്രമായി. പക്ഷേ, ഇപ്പോള്‍ അതിനും ഇളക്കം തട്ടിയതായാണ് വ്യക്തമാകുന്നത്. 2022 വരെ അദ്ദേഹത്തിനു കരാറുണ്ടെങ്കിലും ഈ വര്‍ഷം നടക്കുന്ന യൂറോപ്യന്‍ ചാംപ്യന്‍ഷിപ്പിനു ശേഷം സ്ഥാനമൊഴിയാനാണ് തീരുമാനം. 2006ല്‍ യുര്‍ഗന്‍ ക്ലിന്‍സ്മാനു പകരക്കാരനായാണ് ലോ ജര്‍മന്‍ കോച്ചാകുന്നത്. 2014ലെ ലോകകപ്പും 2017ലെ കോണ്‍ഫെഡറേഷന്‍ കപ്പും അദ്ദേഹത്തിനു കീഴില്‍ ജര്‍മനി സ്വന്തമാക്കി. എന്നാല്‍, 2018 ലോകകപ്പിന്റെ ആദ്യ റൗണ്ടില്‍ പുറത്തായതു മുതലിങ്ങോട്ട് ടീമിനു വിജയവഴിയില്‍ തിരിച്ചെത്താന്‍ സാധിച്ചിട്ടില്ല. ലോയ്ക്കു പകരം ലിവര്‍പൂള്‍ മാനെജര്‍ യുര്‍ഗന്‍ ക്ലോപ്പ് ജര്‍മന്‍ ദേശീയ കോച്ചാകുമെന്ന വാര്‍ത്തയും ഇതിനിടെ പുറത്തുവന്നിരുന്നു. എന്നാല്‍, തത്കാലം അങ്ങനെയൊരു ആലോചനയില്ലെന്നാണ് ജര്‍മനിക്കാരന്‍ കൂടിയായ ക്ലോപ്പ് പ്രതികരിച്ചത്. അദ്ദേഹത്തിന് ലിവര്‍പൂളുമായുള്ള കരാര്‍ മൂന്നു വര്‍ഷത്തേക്കു കൂടിയുണ്ട്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലും മത്സരങ്ങള്‍ പുരോഗമിക്കുകയാണ്. സതാംപടണെ രണ്ടിനെതിരേ അഞ്ച് ഗോളിനു തകര്‍ത്ത മാഞ്ചസ്റ്റര്‍ സിറ്റി പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് തുടരുന്നു. മാഞ്ചസ്റ്റര്‍ ഡെര്‍ബിയില്‍ യുണൈറ്റഡിനോടു തോറ്റതിന്റെ ക്ഷീണം തീര്‍ക്കുന്ന പ്രകടനമാണ് സിറ്റി പുറത്തെടുത്തത്. പട്ടികയില്‍ രണ്ടാം സ്ഥാനത്താണ് യുനൈറ്റഡ്. ഫുട്ബോള്‍ പ്രേമികള്‍ക്ക്, പ്രത്യേകിച്ച് ബ്രസീലിന്റെ ആരാധകര്‍ക്ക് മറക്കാന്‍ കഴിയാത്ത സ്റ്റേഡിയമാണ് റിയോ ഡി ജനീറോയിലെ മാരക്കാന. ചരിത്രപ്രസിദ്ധമായ ഈ സ്റ്റേഡിയത്തിന് ബ്രസീലിയന്‍ ഫുട്ബോള്‍ ഇതിഹാസം പെലെയുടെ പേര് നല്‍കാന്‍ തീരുമാനമായി. കിങ് പെലെ സ്റ്റേഡിയം എന്നാവും ഇതിനി അറിയപ്പെടുക. ബ്രസീല്‍ കിരീടം നേടുമെന്നുറപ്പിച്ച 1950ലെ ലോകകപ്പില്‍ അവര്‍ ഉറുഗ്വെയോട് തോറ്റത് മാരക്കാനയില്‍ നടന്ന മത്സരത്തിലായിരുന്നു. പിന്നീട്, 1969ല്‍ പെലെ തന്റെ കരിയറില്‍ ആയിരം ഗോള്‍ തികച്ചതും ഇതേ സ്റ്റേഡിയത്തില്‍ തന്നെ. 2014ലെ ലോകകപ്പ് ഫൈനലിലും 2016ലെ ഒളിമ്പിക്സ് ഉദ്ഘാടനത്തിനും ഇതേ സ്റ്റേഡിയം വേദിയായി. ഇന്ത്യന്‍ ഫുട്ബോളിലേക്കു വരുമ്പോള്‍ ഐഎസ്എല്‍ കലാശപ്പോരാട്ടത്തിന് കളമൊരുങ്ങിക്കഴിഞ്ഞു. ശനിയാഴ്ച വൈകിട്ട് നടക്കുന്ന ഫൈനലില്‍ എടികെ മോഹന്‍ ബഗാന്‍ മുംബൈ സിറ്റി എഫ്സിയെ നേരിടും. ഗ്രൂപ്പ് ഘട്ടത്തില്‍ ഒന്നും രണ്ടും സ്ഥാനങ്ങളിലെത്തിയ ടീമുകളാണ് ബഗാനും മുംബൈയും. നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡിനെ ഒന്നിനെതിരേ രണ്ടു ഗോളിനു തോല്‍പ്പിച്ചാണ് ബഗാന്റെ മുന്നേറ്റം.

ഇന്ത്യന്‍ ക്രിക്കറ്റിലും ഒരു ആഭ്യന്തര ടൂര്‍ണമെന്റ് പുരോഗമിക്കുകയാണ്- വിജയ് ഹസാരെ ട്രോഫി ഏകദിന ടൂര്‍ണമെന്റിന്റെ ഫൈനലില്‍ ഞായറാഴ്ച മുംബൈയും ഉത്തര്‍പ്രദേശും ഏറ്റുമുട്ടും. കേരളത്തിന്റെ പോരാട്ടം കര്‍ണാടകയ്ക്കു മുന്നില്‍ അവസാനിച്ചിരുന്നു. സെമി ഫൈനലില്‍ കര്‍ണാടകയെ തോല്‍പ്പിച്ചാണ് മുംബൈയുടെ മുന്നേറ്റം. ഉത്തര്‍പ്രദേശ് ഗുജറാത്തിനെയും കീഴടക്കി. നാല് സെഞ്ചുറികള്‍ വീതം നേടിയ മുംബൈ ഓപ്പണര്‍ പൃഥ്വി ഷായും കര്‍ണാടക ഓപ്പണര്‍ ദേവദത്ത് പടിക്കലുമാണ് ഈ സീസണില്‍ അവിശ്വസനീയ പ്രകടനങ്ങള്‍ പുറത്തെടുത്തത്. റണ്‍വേട്ടക്കാരില്‍ മുന്നില്‍ നില്‍ക്കുന്ന പൃഥ്വിക്ക് ഒരു മത്സരം കൂടി ബാക്കിയുമാണ്. ടെസ്റ്റ് ക്രിക്കറ്റില്‍ നേട്ടങ്ങളുടെ കൊടുമുടിയില്‍ നില്‍ക്കുകയാണ് ഇപ്പോഴത്തെ ഇന്ത്യന്‍ ടീം. എന്നാല്‍, ഇന്ത്യ വിദേശരാജ്യങ്ങളില്‍ തുടര്‍ച്ചയായി ടെസ്റ്റ് ജയിച്ചു തുടങ്ങിയിട്ട് അധികകാലമായിട്ടില്ല. അതുകൊണ്ടു തന്നെ, ആദ്യമായി വെസ്റ്റിന്‍ഡീസ് മണ്ണില്‍ ഒരു ടെസ്റ്റ് ജയം നേടിയതിന്റെ അമ്പതാം വാര്‍ഷികം ഇന്നും ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമികള്‍ക്ക് മധുരമുള്ള ഓര്‍മയാണ്. 1971 മാര്‍ച്ച് പത്തിനായിരുന്നു അത്. ട്രിനിഡാഡില്‍ നടന്ന മത്സരത്തില്‍ ഇന്ത്യ ഏഴു വിക്കറ്റ് ജയം കുറിച്ചു. പര്യടനത്തിലെ രണ്ടാം ടെസ്റ്റായിരുന്നു അത്. അക്കാലത്ത് ടെസ്റ്റിലോ ഏകദിനത്തിലോ ഇന്ത്യ ശരാശരിക്കു മുകളിലുള്ള ടീമായി കരുതപ്പെട്ടിരുന്നില്ല. വെസ്റ്റിന്‍ഡീസാകട്ടെ, അന്നത്തെ ക്രിക്കറ്റ് രാജാക്കന്‍മാരും. ഗാരി സോബേഴ്സ് നയിച്ച വിന്‍ഡീസ് ടീമില്‍ രോഹന്‍ കന്‍ഹായ്, ക്ലൈവ് ലോയ്ഡ്, റോയ് ഫ്രെഡറിക്സ് തുടങ്ങിയ മഹാരഥന്‍മാര്‍ ഉള്‍പ്പെട്ടിരുന്നു. അജിത് വഡേക്കറായിരുന്നു ഇന്ത്യയുടെ നായകന്‍. അശോക് മങ്കാദ്, സലിം ദുറാനി, ദിലീപ് സര്‍ദേശായി, ഏക്നാഥ് സോള്‍ക്കര്‍, ആബിദ് അലി തുടങ്ങിയ പ്രഗല്‍ഭര്‍ ഉള്‍പ്പെട്ട ടീമില്‍ സുനില്‍ ഗവാസ്‌കര്‍ അരങ്ങേറ്റക്കാരനായിരുന്നു. അദ്ദേഹം ആ മത്സരത്തില്‍ രണ്ട് അര്‍ധ സെഞ്ചുറികള്‍ നേടി. എസ്. വെങ്കട്ടരാഘവനും ബിഷന്‍ സിങ് ബേദിയും ഇ.എ.എസ്. പ്രസന്നയും ഉള്‍പ്പെട്ട സ്പിന്‍ ത്രയമായിരുന്നു ടീമിന്റെ നട്ടെല്ല്. ടീമിന്റെ വിജയത്തെത്തുടര്‍ന്ന് അന്നത്തെ പ്രധാനമന്ത്രി ഇന്ദിര ഗാന്ധി അഭിനന്ദ സന്ദേശം അയച്ചിരുന്നു.

ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് ട്വന്റി20യിലേക്കു വരുമ്പോള്‍, ലോകകപ്പിനുള്ള തയാറെടുപ്പിലാണ് മിക്ക ടീമുകളും. ഇന്ത്യയില്‍ നടക്കുന്ന ലോകകപ്പിനുള്ള മികച്ച തയാറെടുപ്പായി ഐപിഎല്ലിനെയാണ് പലരും കാണുന്നത്. ഏപ്രില്‍ ഒമ്പതിന് ചെന്നൈയില്‍ അടുത്ത ഐപിഎല്‍ സീസണിനു തുടക്കം കുറിക്കും. നിലവിലുള്ള ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സ് ഉദ്ഘാടന മത്സരത്തില്‍ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സിനെ നേരിടും. ആകെ ആറു വേദികളിലായി ക്രമീകരിച്ചിരിക്കുന്ന മത്സരങ്ങളില്‍ ഇത്തവണ ഹോം ആന്‍ഡ് എവേ സംവിധാനമില്ല. എല്ലാ മത്സരങ്ങളും നിഷ്പക്ഷ വേദികളിലായിരിക്കും. ആദ്യ ഘട്ടത്തില്‍ കാണികള്‍ക്കു പ്രവേശനം നല്‍കേണ്ടെന്നും തീരുമാനിച്ചിട്ടുണ്ട്. മേയ് 30ന് അഹമ്മബാദിലാണ് ഫൈനല്‍. പ്ലേ ഓഫ് മത്സരങ്ങളും ഇവിടെ തന്നെ. കേരള കായികരംഗത്തിന് കഴിഞ്ഞ ദിവസം ഒരു ആഹ്ലാദ വാര്‍ത്ത വന്നത് വോളിബോള്‍ കോര്‍ട്ടില്‍നിന്നാണ്. ദേശീയ വോളിയില്‍ കേരള വനിതകള്‍ ആദ്യമായി ഹാട്രിക് കിരീടം സ്വന്തമാക്കിയിരിക്കുന്നു. സ്ഥിരം എതിരാളികളായ റെയില്‍വേസിനെയാണ് ഫൈനലില്‍ പരാജയപ്പെടുത്തിയത്. കഴിഞ്ഞ രണ്ടു കിരീട നേട്ടങ്ങളില്‍ പങ്കാളികളായിരുന്ന ഏഴ് താരങ്ങള്‍ ഇത്തവണയും ടീമിന്റെ ഭാഗമായിരുന്നു. ടീമിനു മാത്രമല്ല, മുഖ്യ പരിശീലകന്‍ സി.എസ്. സദാനന്ദനും ഇത് അഭിമാന മുഹൂര്‍ത്തമാണ്. ചുമതലയേറ്റ ശേഷം മത്സരിച്ച എല്ലാ ദേശീയ ചാംപ്യന്‍ഷിപ്പുകളിലും ടീമിനെ കിരീടത്തിലേക്കു നയിക്കാന്‍ അദ്ദേഹത്തിനു സാധിച്ചു. 2019, 2020 വര്‍ഷങ്ങളില്‍ ഫെഡറേഷന്‍ കപ്പും സീനിയര്‍ കിരീടവും നേടി. ഈ വര്‍ഷത്തെ ഫെഡറേഷന്‍ കപ്പ് കൂടി സ്വന്തമാക്കിയാല്‍ ഇരട്ട ഹാട്രിക്കാവും നേട്ടം. ഇന്ത്യയ്ക്ക് അഭിമാനകരമായ രണ്ടു വാര്‍ത്തകള്‍ ഗോദയില്‍നിന്നും വന്നിട്ടുണ്ട്. വനിതകളുടെ 53 കിലോഗ്രാം വിഭാഗത്തില്‍ വിനേഷ് ഫോഗട്ടും പുരുഷന്‍മാരുടെ 65 കിലോഗ്രാം വിഭാഗത്തില്‍ ബജ്രംഗ് പൂനിയയും ലോക റാങ്കില്‍ ഒന്നാം സ്ഥാനത്തെത്തിയതാണിത്. റോമില്‍ നടന്ന മാറ്റിയോ പെലികോണ്‍ റാങ്കിങ് ചാംപ്യന്‍ഷിപ്പിലെ സ്വര്‍ണ നേട്ടമാണ് വിനേഷിനെ ഒന്നാം റാങ്കിലെത്തിച്ചത്. ഇരുപത്താറുകാരിയായ വിനേഷ് ടോക്യോ ഒളിമ്പിക്സിനു നേരത്തെ തന്നെ യോഗ്യത നേടിയിരുന്നു. ഒരാഴ്ച മുന്‍പ് യുക്രെയ്നില്‍ നടന്ന ചാംപ്യന്‍ഷിപ്പിലും വിനേഷ് സ്വര്‍ണം നേടിയിരുന്നു. മാറ്റിയോ പെലികോണ്‍ റാങ്കിങ് ചാംപ്യന്‍ഷിപ്പിലെ സ്വര്‍ണം തന്നെയാണ് ബജ്രംഗിനെയും ഒന്നാം റാങ്കിലെത്തിച്ചിരിക്കുന്നത്. ഇവിടെ 80 കിലോഗ്രാമില്‍ ഇന്ത്യയുടെ വിശാല്‍ കാളിരമണ വെങ്കലവും നേടി. രണ്ടു സ്വര്‍ണം ഉള്‍പ്പെടെ ഏഴു മെഡലുകളാണ് ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യയ്ക്കു ലഭിച്ചത്. ബിബിസി ഇന്ത്യന്‍ സ്പോര്‍ട്സ് വുമണ്‍ ഓഫ് ദ ഇയര്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചപ്പോള്‍ ചെസ് താരം കൊനേരു ഹംപിക്കും മലയാളികളുടെ സ്വന്തം അഞ്ജു ബോബി ജോര്‍ജിനും അഭിമാനം. ഇന്ത്യന്‍ സ്പോര്‍ട്സ് വുമണ്‍ ഓഫ് ദ ഇയറായി ഹംപിയാണ് തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. ആജീവനാന്ത സംഭാവനകളുടെ പേരിലാണ് അഞ്ജു അംഗീകരിക്കപ്പെട്ടിരിക്കുന്നത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close