KERALANEWS

മേടം ഒന്നിന് ചൂട്ടുവെച്ചു വിളിച്ചിറങ്ങിയ കടമ്മനിട്ടക്കാവിൽ ഇന്ന് വലിയ പടയണി;പുറത്തുനിന്ന് പടയണി കാണാനുള്ള പോലീസ് അനുമതിയും ഉണ്ടാകില്ല

പത്തനംതിട്ട: കൊറോണ നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ പ്രസിദ്ധമായ കടമ്മനിട്ട പടയണി ചടങ്ങുകൾ മാത്രമായി നടത്തും.

കോവിഡ് നിയന്ത്രണങ്ങള്‍ പൂര്‍ണമായി പാലിക്കുന്നതിനാല്‍ പടയണി കലാകാരന്മാര്‍ക്കും ക്ഷേത്രം ഭാരവാഹികള്‍ക്കും മാത്രമാകും മതിലകത്ത് പ്രവേശനം.ബുധനാഴ്ച രാത്രി ഭഗവതി ക്ഷേത്രത്തിലെ കളത്തില്‍ കോലങ്ങള്‍ ഓരോന്നായി തുള്ളിയൊഴിയുമ്പോള്‍ പക്ഷേ തൊഴുകൈകളുമായി കാണാന്‍ ഭക്തരുണ്ടാകില്ല. രാത്രി കര്‍ഫ്യൂ നിലവിലുള്ളതിനാല്‍ പുറത്തുനിന്ന് പടയണി കാണാനുള്ള പോലീസ് അനുമതിയും ഉണ്ടാകില്ല.

മേടം ഒന്നിനാണ് പടയണി ആരംഭിച്ചത്. വെളളിയാഴ്ചയാണ് പടയണിക്കോലങ്ങള്‍ കളത്തിലിറങ്ങിയത്.പടയണിയുടെ ആചാരപരമായ ചടങ്ങുകളെല്ലാം നടക്കും. കോലങ്ങളെല്ലാം കളത്തില്‍ ഇറങ്ങും. തപ്പുമേളത്തിന് ശേഷം കാപ്പൊലി, വെളിച്ചപ്പാട്, താവാടി, പുലവൃത്തം, പരദേശി, കുറത്തി, ഗണപതി, മറുത, അരക്കിയക്ഷി, കാലന്‍, മായയക്ഷി, പക്ഷി, മാടന്‍, അന്തര, സുന്ദരയക്ഷി, ഭൈരവി, കാഞ്ഞിരമാല എന്നീ കോലങ്ങള്‍ക്കു ശേഷം പൂപ്പട തുള്ളല്‍, കരവഞ്ചി, തട്ടിന്മേല്‍ കളിയുള്‍പ്പെടെ ചടങ്ങുകള്‍ നടക്കും.ക്ഷേത്രപരിസരത്ത് പൂര്‍ണമായും കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാനാണ് കടമ്മനിട്ട ഭഗവതി ക്ഷേത്ര ദേവസ്വം കമ്മിറ്റിയുടേയും കടമ്മനിട്ട ഗോത്രകലാകളരിയുടേയും തീരുമാനം.

തിങ്കളാഴ്ചയും ചൊവ്വാഴ്ചയും കടമ്മനിട്ട ക്ഷേത്രത്തിലെ പടയണിക്കളത്തിലിറങ്ങിയ വെളിച്ചപ്പാട് പടയണി ആചാരപൂര്‍വം നടക്കട്ടെയെന്നും ഭക്തരെല്ലാം രാത്രിച്ചടങ്ങുകളില്‍നിന്ന് വിട്ടു നില്‍ക്കണമെന്നും നിര്‍ദേശം വെച്ചത്. മഹാരോഗത്തില്‍നിന്ന് പെട്ടെന്നൊരു മുക്തിക്കായി പടയണി സമയത്ത് വീട്ടിലിരുന്ന് എല്ലാവരും അമ്മയോട് പ്രാര്‍ഥിക്കണം. അമ്മ എല്ലാം അറിയുന്നവളും കാണുന്നവളുമാണ്. ഓരോ ഭക്തര്‍ക്കൊപ്പവും ഭഗവതിയുണ്ടാകുമെന്നും വെളിച്ചപ്പാട് പറഞ്ഞു. കോവിഡ് നിയമങ്ങള്‍ സൂചിപ്പിച്ച് മാസ്‌ക് ധരിച്ചാണ് വെളിച്ചപ്പാട് എം.കെ. ബിജു പടയണിക്കളത്തിലെത്തിയത്.

പത്തനംതിട്ട നഗരത്തില്‍ നിന്നും ഏകദേശം അഞ്ച് കിലോമീറ്റര്‍ അകലെയാണ് പടയണിക്ക് ലോക പ്രശസ്തമായ കടമ്മനിട്ട ഭഗവതി ക്ഷേത്രം നിലകൊള്ളുന്നത്.

നെടുവമ്പ്രവല്യാന്‍ എന്ന് കേള്‍വികേട്ട പഴയ ഒരു കാരണവര്‍ കൃഷി ചെയ്യുന്നതിന് വേണ്ടി ചെങ്ങറ ദേശത്തു പോയ സമയത്ത് അവിടെ നിന്നും കുടയില്‍ ഏറി വന്നതാണ് കടമ്മനിട്ട കാവിലമ്മ.

പ്രാചീന ഗോത്ര സംസ്‌ക്കാരത്തിന്റെ അധീശ ദേവതയായിരുന്നു ചെങ്ങറ ഭഗവതി. കാലാന്തരത്താല്‍ ആ ദേശം കെട്ടുപോവുകയും മലയാലപ്പുഴ ,കടമ്മനിട്ട എന്നീ ഗോത്ര കേന്ദ്രങ്ങള്‍ രൂപപ്പെടുകയും ചെയ്തു. അതിന്റെ പ്രതീകാത്മക സൂചനയാണ് നെടുവമ്പ്ര വല്യാന്റെ ഓലക്കുടയിലേറി വന്ന ഭഗവതിയുടെ കഥ. ഇന്ന് കടമ്മനിട്ട പടയണി ഗ്രാമത്തോട് ചേര്‍ന്നുള്ള ചിറയില്‍ കാല്‍കഴുകി പോകാന്‍ തുടങ്ങവേ അടുത്തുണ്ടായിരുന്ന കടമ്പു മരത്തില്‍ സാന്നിധ്യം കൊണ്ട ഭഗവതിയെ നെടുവമ്പ്ര കൊട്ടാരത്തില്‍ ഇടം നല്‍കി ആരാധിച്ചു. കാലാന്തരത്തില്‍ കടമ്മനിട്ട കാവില്‍ ആലയം പണിതു പ്രതിഷ്ഠിക്കുകയും ചെയ്തു .

കുംഭമാസത്തില്‍ പറയെടുപ്പോടെയാണ് പടയണിയുടെ ആദ്യ ചടങ്ങുകള്‍ ആരംഭിക്കുക. തുടര്‍ന്ന് ഊരാളി പടയണിയും നൂറ്റൊന്നു കലവും നടക്കും. തലേ ദിവസം തപ്പുകൊട്ടി കരയറിയിക്കുന്ന ചടങ്ങുമുണ്ട്.കാഞ്ഞിരപ്പാറ വില്ലനാണ് ഭഗവതിയുടെ കാവല്‍സ്ഥാനി. ഈ വില്ലന്റെ പ്രതിനിധിയായ ഊരാളി പറയെടുപ്പില്‍ അകമ്പടി സേവിക്കും. നൂറ്റൊന്നു കലത്തില്‍ നാള്‍ ബാഹ്യാരാധനയുടെ മുഖ്യ പുരോഹിതനും ഊരാളിയാണ്.

മേടം ഒന്നിന് ചൂട്ടുവെച്ചു വിളിച്ചിറക്കും. തുടര്‍ന്ന് അമ്മയെ പച്ചത്തപ്പില്‍ കൊട്ടി വിളിക്കും. രണ്ടാം ദിവസം പച്ചത്തപ്പ്, മൂന്നാം ദിവസം തപ്പു കാച്ചി കൊട്ടി എഴുതി തുള്ളല്‍ ആരംഭിക്കും. ബാക്കിയുള്ള എല്ലാ ദിവസവും കൂട്ടക്കോലം വഴിപാടുകള്‍ ഉണ്ടാവും. ആറിന് അടവിയുണ്ട്. ചൂട്ടിന്റെ തീക്കുണ്ഡത്തിലേക്ക് പനമരം എഴുന്നള്ളിക്കുന്ന ചടങ്ങാണ് കടമ്മനിട്ടയിലെ അടവി . എട്ടാം ഉത്സവം വലിയ പടയണി ആണ്. അന്ന് നേരം വെളുത്തു തുള്ളി പൂപ്പടയും കരവഞ്ചിയും തട്ടിന്മേല്‍ കളിയുമായി പടയണി സമാപിക്കും.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close