KERALA

മൈക്രോ കണ്ടെയ്ന്‍മെന്റ് സോണുകളില്‍ നിരീക്ഷണം ശക്തമാക്കും; മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

തിരുവനന്തപുരം: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി മൈക്രോ കണ്ടെയ്ന്‍മെന്റ് സോണുകളില്‍ നിരീക്ഷണം ശക്തമാക്കുമെന്ന് ജില്ലയുടെ ചുമതലയുള്ള മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. ജില്ലയിലെ കോവിഡ് സാഹചര്യങ്ങള്‍ വിലയിരുത്തുന്നതിനായി കളക്ടറേറ്റില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓണക്കാലത്ത് കച്ചവടസ്ഥാപനങ്ങളിലുണ്ടാകാന്‍ ഇടയുള്ള തിരക്ക് കുറയ്ക്കുന്നതിനും കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനുമായി കര്‍ശന നടപടികള്‍ സ്വീകരിക്കും. നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്കുവേണ്ട എല്ലാ സൗകര്യങ്ങളും ബന്ധപ്പെട്ട വകുപ്പുകള്‍ ചെയ്തുവരുന്നുണ്ട്. കോവിഡ് പരിശോധനയ്ക്കാവശ്യമായ ആന്റിജന്‍ കിറ്റുകള്‍ക്കളുടെ ലഭ്യത ജില്ലയില്‍ ഉറപ്പുവരുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. നിലവിലെ കോവിഡ് സാഹചര്യങ്ങളും കൂടുതലായി ഏര്‍പ്പെടുത്തേണ്ട സജ്ജീകരണങ്ങളും യോഗത്തില്‍ ചര്‍ച്ചചെയ്തു. ജില്ലാ കളക്ടര്‍ ഡോ. നവജ്യോത് ഖോസ, റൂറല്‍ എസ്.പി ബി. അശോകന്‍, ഡി.സി.പി ഡോ. ദിവ്യ വി. ഗോപിനാഥ്, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ കെ. എസ്. ഷിനു, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തു.

Tags
Show More

Related Articles

Back to top button
Close