
കോവിഡ് അനുഭവം പങ്കുവച്ച് നടി ഗൗതമി നായര്‍. തനിക്കും സഹോദരിക്കും കോവിഡ് പോസിറ്റീവ് ആയിരുന്നുവെന്ന് ഗൗതമി സോഷ്യല്‍മീഡിയയില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു.21 ദിവസത്തെ ക്വാറന്റൈന് പൂര്‍ത്തിയായെന്നും ആരോഗ്യപ്രവര്‍ത്തകര്‍ക്ക് വലിയ നന്ദി രേഖപ്പെടുത്തുന്നതായും താരം പറഞ്ഞു. തിരുവനന്തപുരം ശ്രീചിത്രയില്‍ റീസെര്‍ച്ചര്‍ ആയി പ്രവര്‍ത്തിക്കുകയാണ് ഗൗതമി.
കോവിഡ് നെഗറ്റീവ് ആയ സര്‍ട്ടിഫിക്കറ്റ് അടക്കം പങ്കുവച്ചാണ് താരം തന്റെ കോവിഡ് അനുഭവം പങ്കുവച്ചത്.പ്രത്യേക രോഗലക്ഷണങ്ങളൊന്നും തനിക്ക് ഇല്ലായിരുന്നു എന്ന് ഗൗതമി പറഞ്ഞു. കോവിഡ് രോഗികളെ പരിചരിക്കാന്‍ ദിനംപ്രതി ബുദ്ധിമുട്ടുന്ന ആരോഗ്യപ്രവര്‍ത്തകരെ പ്രത്യേകം ഓര്‍ക്കുന്നതായി ഗൗതമി പറഞ്ഞു.”എനിക്കും സഹോദരിക്കും കടുത്ത തലവേദനയുണ്ടായിരുന്നു. മറ്റ് രോഗലക്ഷണങ്ങളൊന്നും ഉണ്ടായിരുന്നില്ല. മൈഗ്രെയ്ന് സമാനമായ കടുത്ത തലവേദനയായിരുന്നു. മരുന്ന് കഴിച്ചിട്ടും എനിക്ക് കുറവ് തോന്നിയില്ല,” ഗൗതമി കുറിച്ചു.
പ്രൈമറി ലിസ്റ്റില്‍ ഉണ്ടായിരുന്ന ആളായിരുന്നു താനെന്നും അതുകൊണ്ടാണ് കോവിഡ് പരിശോധന നടത്തിയതെന്നും ഗൗതമി പറഞ്ഞു. പ്രൈമറി ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയില്ലായിരുന്നെങ്കില്‍ താനൊരു കോവിഡ് രാേഗിയാണെന്ന വിവരം അറിയില്ലായിരുന്നു എന്നും തന്നിലൂടെ എത്രയോ പേര്‍ക്ക് രോഗം ബാധിച്ചേനെ എന്നും ഗൗതമി പറഞ്ഞു. ശരീരികമായി എന്തെങ്കിലും ചെറിയ മാറ്റം അനുഭവപ്പെട്ടാല്‍ ഉടന്‍ കോവിഡ് പരിശോധന നടത്തുകയാണ് വേണ്ടതെന്നും താരം അഭ്യര്‍ത്ഥിച്ചു.സെക്കന്‍ഡ് ഷോ, ഡയമണ്ട് നെക്ലേസ് തുടങ്ങിയ സിനിമകളിലൂടെ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് ഗൗതമി നായര്‍.