മൈതാനത്ത് തുപ്പിയാലോ ചുമച്ചാലോ ചുവപ്പ് കാര്‍ഡ്; പുതിയ പരിഷ്കാരം നടപ്പാക്കി ഇംഗ്ലീഷ് ഫുട്ബോള്‍ അസോസിയേഷന്

ലണ്ടന്‍: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ക്രിക്കറ്റില്‍ പന്തില്‍ തുപ്പല് തേക്കുന്നത് ഒഴിവാക്കിയത് പോലെ ഫുട്ബോളിലും പുതിയ തുപ്പല് നിയമം കൊണ്ടുവന്ന് ഇംഗ്ലീഷ് ഫുട്ബോള്‍ അസോസിയേഷന്.ഗ്രൗണ്ടില്‍ ഒരു താരം എതിര് താരത്തിന് സമീപത്തു നിന്നോ അല്ലെങ്കില്‍ ഒഫീഷ്യല്‍സിന് സമീപത്തുവെച്ചോ ചുമക്കുകയോ തുപ്പുകയോ ചെയ്താല്‍ റഫറിക്ക് ഇനി മുതല്‍ മഞ്ഞക്കാര്‍ഡോ ചുവപ്പ് കാര്‍ഡോ കാണിക്കാം. അനാവശ്യമായ വാക്കുകള്‍ ഉപയോഗിച്ച് അപമാനിക്കുന്ന കുറ്റത്തിന് സമാനമായിരിക്കും ഗ്രൗണ്ടിലെ ചുമയും തുപ്പലും. അതേസമയം ദൂരെനിന്ന് സ്വാഭാവികമായി ചുമക്കുന്നത് ഈ നിയമത്തിന്റെ പരിധിയില്‍ വരില്ല. കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ അടച്ചിട്ട സ്റ്റേഡിയങ്ങളിലാണ് ഫുട്ബോള്‍ മത്സരങ്ങള്‍ നടക്കുന്നത്. ഗോള്‍ നേടിയതിനു ശേഷമുള്ള ആഹ്ലാദ പ്രകടനത്തില്‍ കളിക്കാര്‍ സാമൂഹിക അകലം പാലിക്കുന്നു. ഓടിവന്ന് കെട്ടിപ്പിടിച്ചുള്ള ആഹ്ലാദ പ്രകടനങ്ങള്‍ ഇല്ല. പകരം നിശ്ചിത അകലം പാലിച്ചു നിന്ന് കയ്യടി മാത്രം. ഇതോടൊപ്പം സാധാരണയിലും നീളമുള്ള സബ്സ്റ്റിറ്റിയൂട്ട് ബെഞ്ചാണ് ഉള്ളത്. മത്സരത്തിനു ശേഷമുള്ള ഹസ്തദാനവും താരങ്ങള്‍ ഒഴിവാക്കി.