മൊബൈല്‍ ഫോണ്‍ ബാറ്ററിക്കെന്തിനാ മൂന്നും നാലും പിന്?

പ്രൊഫ മോഹന്‍കുമാര്‍
ബാറ്ററി ആണ് മൊബൈല്‍ ഫോണിന്റെ ജീവന്. പല പ്രാവശ്യം ചാര്‍ജ് ചെയ്യാന്‍ സാധിക്കുന്ന ഏറെ കാര്യക്ഷമമായ ലിഥിയം അയോണ്‍ ബാറ്ററി ആണത്. 3.7 വോള്‍ട്ടും പിന്നെ 2800 mAh ( Milli Ampere Hour ) മുതല്‍ 3800 mAh വരെയോ അതിലധികം ശേഷിയുള്ളതോ ആയ ബാറ്ററികളാണ് ഇപ്പോള്‍ സ്മാര്‍ട്ട് ഫോണുകളില്‍ വരുന്നത്. 2800 mAh ആയാല്‍ ഒരു മണിക്കൂറില്‍ 2800 മില്ലി ആംപിയര്‍ അല്ലെങ്കില്‍ 2.8 ആംപിയര്‍ കറന്റ് ഫോണിന് നല്കാന് കഴിയും.
ഈ ബാറ്ററിയും ഫോണും തമ്മില്‍ എപ്പോഴും ആശയ വിനിമയം നടത്തും. ചാര്‍ജ് ചെയ്യാന്‍ പോസിറ്റീവ്, നെഗറ്റീവ് പിന്നുകള്‍ മതി. ചില ബാറ്ററികളില്‍ നടുക്ക് മൂന്നാമതായി ഒരു പിന്ന് കൂടി കാണും. അതാണ് BSI pin. Battery Status Indicator. ഇത് ബാറ്ററിയേയും ഫോണിലെ പ്രോസസ്സറിനെയും തമ്മില്‍ എപ്പോഴും ബന്ധപെടുത്തിക്കൊണ്ടിരിക്കും. ഫോണിനു പറ്റിയ ശരിയായ ബാറ്ററി ആണോ, ശരിക്ക് ചാര്‍ജ് ആകുന്നുണ്ടോ, ചൂടാകുന്നുണ്ടോ എന്നൊക്കെ ഫോണിനെ അറിയിച്ചക്കുന്ന ഘടകമാണിത്. ഫോണ്‍ ഷട്ടോഫ് ചെയ്യാതെ ബാറ്ററി എടുത്താല്‍ ഉടന്‍ പ്രോസസ്സര്‍ ഓഫ് ചെയ്തു ഫോണിനെ സംരക്ഷിക്കും.
ബാറ്ററി പിന്നിന്റെ പിന്നില്‍
ഇപ്പോഴത്തെ സ്മാര്‍ട്ട് ഫോണ്‍ ബാറ്ററികളില്‍ നാലു പിന്നുകള്‍ കാണാം. ആദ്യത്തേതും അവസാനത്തേതും ചാര്‍ജ് ചെയ്യാനുള്ള പോസിറ്റീവ്, നെഗറ്റീവ് പിന്നുകള്‍. ഒരു പിന്നിനു സമീപം T എന്ന് എഴുതിയിട്ടുണ്ടാകും. അതാണ് തെര്‍മിസ്റ്റര്‍ പിന്. ഫോണിലെ ചൂടറിയാനുള്ള ആയ സെന്‍സറുമായി ബദ്ധപ്പെട്ടതാണിത്. ഇത് ബാറ്ററിയുടെയും ഫോണിന്റെയും ചൂട് എപ്പോഴും നിരീക്ഷിക്കും. 34 ഡിഗ്രി ആണ് സ്വാഭാവിക താപനില. ചാര്‍ജ് ചെയ്യുമ്പോഴും, കൂടുതല്‍ സമയം ഉപയോഗിക്കുമ്പോഴും മറ്റും അധികം ചൂടായാല്‍ അത് മനസ്സിലാക്കി താപനില നിയന്ത്രിക്കും. വല്ലാതെ ചൂട് കൂടിയാല്‍ ഫോണ്‍ തെര്‍മല്‍ ഷട്ട് ഡൗണ്‍ ആയി ഓഫ് ആകും. ഫോണിനെ സംരക്ഷിക്കാനാണിത്.
ഇനി അടുത്ത പിന്നെന്താണെന്നു നോക്കാം. D പിന് എന്നാണിതറിയപ്പെടുക. ഇത് BSI പിന് പോലെയാണ്. ബാറ്ററിയിലെ കറന്റിന്റെ അളവ്, കപ്പാസിറ്റി, വോള്‍ട്ടേജ്, എല്ലാം നോക്കി ഉപയോഗം ക്രമീകരിക്കും.
ചാര്‍ജ് ചെയ്യുമ്പോള്‍ ശ്രദ്ധിക്കുക
മൊബൈല്‍ ഫോണ്‍ ബാറ്ററി ഒരു വെറും ബാറ്ററി അല്ല. ഈ ബാറ്ററി നല്ലവണ്ണം സൂക്ഷിച്ച് ഉപയോഗിച്ചാല്‍ മൂന്ന് നാലു വര്‍ഷം നില്ക്കും. എപ്പോഴും ചാര്‍ജ് ചെയ്യേണ്ട ആവശ്യം ഇല്ല. 80% ഡിസ്ചാര്‍ജ് 20% ബാലന്‍സ് ചാര്‍ജ് അവസ്ഥയില്‍ Full ചാര്‍ജ് ചെയ്യുന്നതാണ് നല്ലത്. മുഴുവന്‍ ചാര്‍ജ് തീര്‍ന്നു ബാറ്ററി ഫ്ളാറ്റ് ആയ ശേഷം ചാര്‍ജ് ചെയ്യുന്നത് നല്ലതല്ല. അതുപോലെ രാത്രി മുഴുവന്‍ ചാര്ജറില് ഇട്ടിരുന്നാല്‍ ഓവര്‍ ചാര്‍ജ് ആകാനും സാദ്ധ്യതയുണ്ട്, കട്ട് ഓഫ് ഉണ്ടെങ്കിലും.
ബാറ്ററി ബള്‍ജിങ്
ബാറ്ററി പഴകുംതോറും ചാര്‍ജ് സമയം കൂടും. വേഗത്തില്‍ തീരുകയും ചെയ്യും. ബാറ്ററിയുടെ മദ്ധ്യ ഭാഗം വീര്‍ക്കുന്നതു ഉള്ളില്‍ ഗ്യാസ് നിറയുന്നത് കൊണ്ടാണ്.ഫ്ളാറ്റ് ആകാന്‍ പോകുന്ന ലക്ഷണം. ബാറ്ററി മേശപ്പുറത്തു വച്ച് കറക്കിയാല്‍ കറങ്ങുന്നു എങ്കില്‍ ( മദ്ധ്യ ഭാഗം ഉന്തി നില്ക്കും ) ബാറ്ററി മാറ്റുന്നതാണ് നല്ലത്. ചിലപ്പോള്‍ ചാര്‍ജ് ചെയ്യുമ്പോള്‍ ഗ്യാസ് പ്രഷര്‍ കൂടി പൊട്ടാം. കറക്കുമ്പോള്‍ അനങ്ങുന്നില്ലെങ്കില്‍ ബാറ്ററി നല്ലതാണ്. ഇപ്പോള്‍ പല ഫോണിലും പുറത്തെടുക്കാനാവാത്ത ബാറ്ററികളാണ്. സ്വയം മാറ്റാന്‍ കഴിയില്ല.