KERALANEWSTrending

മോട്ടോര്‍ വാഹന നിയമം മന്ത്രിമാര്‍ക്കും പൊതുജനങ്ങള്‍ക്കും ഒരുപോലെ ബാധകം: അഡ്വ. ഹരീഷ് വാസുദേവന്‍

മോട്ടോര്‍വാഹന നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് കടുത്ത പിഴ ഈടാക്കുന്നുണ്ട്. സീറ്റ്‌ബെല്‍റ്റ്, തുടങ്ങിയ സുരക്ഷാ നിയമങ്ങള്‍ മുതല്‍ സ്റ്റിക്കറൊട്ടിച്ചു പോലുള്ള പെറ്റി കാര്യങ്ങള്‍ക്ക് വരെ പിഴ കഠിനമാക്കി. എന്നാലിത് മന്ത്രിമാര്‍ക്കോ ഉന്നത ഉദ്യോഗസ്ഥര്‍ക്കോ വണ്ടികളില്‍ നിരോധിച്ച ഹോണ്‍ പിടിപ്പിക്കാമെന്നും ഈ നിയന്ത്രണങ്ങള്‍ അവര്‍ക്ക് ബാധകമാവാതെ വിവേചനം കാണിക്കുകയാണെന്നും സാമൂഹിക നിരീക്ഷകന്‍ ഹരീഷ് വാസുദേവന്‍ വിമര്‍ശിച്ചു. തന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് വിമര്‍ശനമുന്നയിച്ചത്.

മോട്ടോര്‍വാഹന വകുപ്പ് ചെയ്യേണ്ട പല അടിസ്ഥാന കാര്യങ്ങളും നിലവേറ്റുന്നില്ല.റോഡ് നിയമങ്ങളെ പറ്റിയുള്ള ബോര്‍ഡുകള്‍ ഡ്രൈവര്‍മാര്‍ കാണും വിധം പ്രദര്‍ശിപ്പിക്കാന്‍ വകുപ്പിന് ബാധ്യതയുണ്ട്. എന്നാല്‍ സംസ്ഥാന റോഡ് സേഫ്റ്റി കമ്മീഷണറോ ജില്ലാ കമ്മീഷണര്‍മാരോ ഇക്കാര്യത്തില്‍ ഒരു ചുക്കും ചെയ്യുന്നില്ല. സര്‍ക്കാര്‍ തന്നേ സിഗ്‌നല്‍ ലൈറ്റില്‍ പരസ്യം തൂക്കിയിട്ട് സിഗ്‌നല്‍ ലംഘിച്ചവര്‍ക്ക് ഫൈന്‍ കൊടുക്കുന്ന തട്ടിപ്പാണ് ചിലയിടങ്ങളില്‍ ഇവിടെ നടക്കുന്നതെന്നും അദ്ദേഹം വിമര്‍ശിച്ചു.

ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം ഇങ്ങനെ

പണം പിടുങ്ങുന്ന മോട്ടോര്‍ വാഹന വകുപ്പ്?

മോട്ടോര്‍വാഹന നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് കടുത്ത പിഴയുമായി വകുപ്പ് രംഗത്തെത്തിട്ടുണ്ട്. ജനങ്ങള്‍ എന്തൊക്കെ കുറ്റം പറഞ്ഞാലും അത് വേണ്ടത് തന്നെ. ഹെല്‍മറ്റ്, സീറ്റ്‌ബെല്‍റ്റ്, തുടങ്ങിയ സുരക്ഷാ നിയമങ്ങള്‍ മുതല്‍ സ്റ്റിക്കറൊട്ടിച്ചു പോലുള്ള പെറ്റി കാര്യങ്ങള്‍ക്ക് വരെ പിഴ കഠിനമാക്കി. എന്നാലിത് എല്ലാവര്‍ക്കും ബാധകമല്ല. മന്ത്രിമാര്‍ക്കോ ഉന്നത ഉദ്യോഗസ്ഥര്‍ക്കോ വണ്ടികളില്‍ നിരോധിച്ച ഹോണ്‍ പിടിപ്പിക്കാം, സ്പീഡ് പ്രശ്‌നമല്ല. പിടിക്കില്ല, പിടിച്ചാലും ഫൈന്‍ അവരുടെ ശമ്പളത്തില്‍ നിന്ന് പോകില്ല.

ഈ മോട്ടോര്‍വാഹന വകുപ്പ് ചെയ്യേണ്ട ഒരു അടിസ്ഥാന കാര്യം ചെയ്യുന്നുണ്ടോ?

റോഡ് സേഫ്റ്റി നിയമങ്ങള്‍ക്ക് വിലയില്ലാത്ത നാടാണ് കേരളം. റോഡിലൂടെ പോകുമ്പോള്‍ സൈന്‍
ബോര്‍ഡുകള്‍ ഡ്രൈവര്‍ കാണുംവിധം വെക്കേണ്ടത് വളരെ അത്യാവശ്യമാണ്. റോഡിന് സമീപത്തു ഡ്രൈവറുടെ ശ്രദ്ധയാകര്‍ഷിക്കുന്ന മറ്റൊന്നും സമ്മതിക്കാനും പാടില്ല. ബോര്ഡുകളോ ബാനറുകളോ പരസ്യങ്ങളോ നിറങ്ങളോ ഒന്നും. എന്തിനേറെ കെട്ടിടങ്ങളുടെ നിറം പോലും റോഡ്‌സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചു വേണം. അല്ലെങ്കില്‍ കാര്യക്ഷമമായ സുരക്ഷ ഉണ്ടാകില്ല.

പുതിയ റോഡുകള്‍ മിക്കതും നല്ല നിലവാരത്തില്‍ ഉള്ളതാണ്, സൈന്‍ ബോര്‍ഡുകള്‍ ഉള്‍പ്പെടെ. വാഹനങ്ങളുടെ വേഗത കൂട്ടാന്‍ ഡ്രൈവര്‍മാരെ പ്രേരിപ്പിക്കും. എന്നാലീ സൈന്‍ ബോര്‍ഡുകള്‍ യഥാവിധി കാണുന്ന രീതിയിലാണോ എല്ലായിടവും വെച്ചിരിക്കുന്നത്? കാണാത്ത ആള്‍ സ്പീഡ് കൂട്ടാന്‍ സാധ്യത ഉള്ള സ്ഥലത്ത് വളവില്‍ കൃത്യമായി പതിയിരുന്നു പിടിക്കുന്ന, ക്യാമറ വെച്ചു പിടിയ്ക്കുന്ന പണി അത്ര നല്ലതല്ല. എന്നാല്‍, സുരക്ഷ സംബന്ധിച്ച പിഴ കൂട്ടണം എന്ന അഭിപ്രായമാണ് എനിക്ക്. ഒരിക്കല്‍ അടച്ചാല്‍ നിയമത്തെപ്പറ്റി ജീവിത കാലത്ത് ഓര്‍മ്മ ഉണ്ടാവണം.

നിയമം അറിയിക്കാനുള്ള ബാധ്യത.
ഓവര്‍ സ്പീഡ് ലിമിറ്റ് പല റോഡുകളില്‍ പലതാണ്. സ്വകാര്യ കാറുകള്‍ക്ക് 90km/h ആണ് ഉയര്‍ന്ന പരിധി എന്നു കണക്കാക്കി എല്ലാ റോഡിലും അത് പാലിച്ചാല്‍ 1500 രൂപ ഫൈന്‍ വീട്ടില്‍ വരും. ചിലയിടത്ത് അത് 60 ആണ്, 70 ആണ്, 80 ആണ്. അത് എവിടെ പറയുന്നു? ഡ്രൈവര്‍ എങ്ങനെ മനസിലാക്കും? നിയമം അറിയാതെ എങ്ങനെ അനുസരിക്കും?

റോഡ് നിയമങ്ങളെ പറ്റിയുള്ള ബോര്‍ഡുകള്‍ ഡ്രൈവര്‍മാര്‍ കാണും വിധം പ്രദര്‍ശിപ്പിക്കാന്‍ വകുപ്പിന് ബാധ്യതയുണ്ട്. അത് കഴിഞ്ഞേ നിയമം നടപ്പാക്കാന്‍ ഇറങ്ങാവൂ. ആ ബോര്‍ഡുകളുടെ വിസിബിലിറ്റി മറയ്ക്കുന്ന ഒന്നും റോഡില്‍ പാടില്ല. എന്നാല്‍ സംസ്ഥാന റോഡ് സേഫ്റ്റി കമ്മീഷണറോ ജില്ലാ കമ്മീഷണര്‍മാരോ ഇക്കാര്യത്തില്‍ ഒരു ചുക്കും ചെയ്യുന്നില്ല. സര്‍ക്കാര്‍ തന്നേ സിഗ്‌നല്‍ ലൈറ്റില്‍ പരസ്യം തൂക്കിയിട്ട് സിഗ്‌നല്‍ ലംഘിച്ചവര്‍ക്ക് ഫൈന്‍ കൊടുക്കുന്ന തട്ടിപ്പാണ് ചിലയിടങ്ങളില്‍ ഇവിടെ നടക്കുന്നത്.

അധികാരം എന്നാല്‍ ബാധ്യത കൂടിയാണ്. Power Coupled with duty.
[Julius v. Bishop of Oxford, (1880) 5 AC 214] ഇക്കാര്യം നോക്കാതെ, സ്വന്തം Duty വേണ്ടവിധം ചെയ്യാതെ അധികാരം മാത്രം ഉപയോഗിക്കുന്ന മോട്ടോര്‍ വാഹന വകുപ്പ് ഇക്കാര്യം ശ്രദ്ധിക്കണം. 1500 ന്റെ ഇണ്ടാസ് വീട്ടില്‍ കിട്ടിയവര്‍ ഒരുമിച്ചു നമ്മുടെ റോഡുകളുടെ സ്ഥിതി വിവരിച്ചു ഹൈക്കോടതിയില്‍ പോയാല്‍, അതിന്റെ വീഴ്ചയ്ക്ക് റോഡ് സുരക്ഷാ കമ്മീഷണറുടെ ശമ്പളം തടഞ്ഞു വെയ്ക്കാന്‍ ആവശ്യപ്പെട്ടാല്‍, ഉത്തരം പറയാന്‍ അല്‍പ്പം ബുദ്ധിമുട്ടും. എത്ര ഉത്തരവുകള്‍ ഇറക്കിയെന്നും അവ എത്രയെണ്ണം നടപ്പാക്കിയോ എന്നു വിലയിരുത്തിയെന്നും വിശദീകരിക്കേണ്ടി വരും.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close