കോട്ടയം: സോഷ്യല്‍ മീഡിയയില്‍ വ്യാപകമായ സൈബര്‍ ആക്രമണമാണ് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ നേരിട്ടു കൊണ്ടിരിക്കുന്നത്.നിയമലംഘത്തിന്റെ പേരില്‍ പിടികൂടുന്നതില്‍ 30 ശതമാനം തുകയും ഉദ്യോഗസ്ഥര്‍ക്ക് കമ്മിഷനായി ലഭിക്കുന്നുണ്ടെന്നാണ് മോട്ടോര്‍ വാഹന വകുപ്പിനെതിരെ നടത്തുന്ന പ്രചാരണങ്ങളില്‍ ഏറെ പ്രധാനപ്പെട്ടത്. ഓരോ ദിവസവും പ്രചാരണത്തിന്റെ ശക്തി കൂടുന്നുമുണ്ട്. എന്നാല്‍, ഇതൊന്നും ബാധിക്കാതെ തന്നെ മോട്ടോര്‍ വാഹന വകുപ്പ് പരിശോധന ശക്തമായി തുടരുകയാണ്.
മോട്ടോര്‍ വാഹന വകുപ്പിന്റെ പരിശോധന ശക്തമായതോടെ പിടിയിലായവരില്‍ പലരും വമ്പന്മാരായിരുന്നു. വാഹനങ്ങളില്‍ മോഡിഫിക്കേഷന്‍ വരുത്തിയവരിലും മുന്നില്‍ സമ്പന്നരായിരുന്നു. ഇതിനു പിന്നാലെയാണ്, സോഷ്യല്‍ മീഡിയ വഴി മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരെ വ്യക്തി തിരിഞ്ഞ് ആക്രമിക്കുന്നതിനുള്ള നീക്കം ആരംഭിച്ചത്. കേസുകള്‍ പിടിക്കുമ്പോള്‍ ഇതിന്റെ 30 ശതമാനം തുക മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് വ്യക്തിപരമായി കമ്മിഷനായി ലഭിക്കുമെന്ന പ്രചാരണം ഉടലെടുത്തതും ഇതില്‍ നിന്ന് തന്നെയാണ്.
പരിശോധനയുടെ 30 ശതമാനം സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കു ലഭിക്കുന്നതായും, അലോയ് വീലിന് വന്‍ പിഴ ഈടാക്കും എന്നും നടക്കുന്ന പ്രചാരണത്തില്‍ അടിസ്ഥാനം ഇല്ലെന്നും മോട്ടോര്‍ വാഹന വകുപ്പിലെ ഒരു ഉദ്യോഗസ്ഥനും ഇത്തരത്തില്‍ ഒരു തുകയും ലഭിക്കില്ലെന്നും, ഇത് സംബന്ധിച്ചു ഒരു സര്‍ക്കാര്‍ ഉത്തരവ് നിലവില്‍ ഇല്ലെന്നും മോട്ടോര്‍ വാഹന വകുപ്പ് കോട്ടയം എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒ ടോജോ എം. തോമസ് പറയുന്നു. അലോയ് വീല്‍ പുറത്തേയ്ക്കു തള്ളി നില്‍ക്കുകയും, മറ്റുള്ളവര്‍ക്ക് അപകടം അസൗകര്യം ഉണ്ടാക്കുന്നതാണ് എങ്കില്‍ മാത്രമേ നടപടി എടുക്കൂ. ബേസ് എന്‍ഡിലുള്ള വാഹനത്തിന്, ഇതിന്റെ ഹയര്‍ എന്‍ഡിലുള്ള ഭാഗങ്ങള്‍ ഘടിപ്പിക്കുന്നതിനെതിരെ നടപടിയെടുക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
മോട്ടോര്‍ വാഹന വകുപ്പിന്റെ നിയമലംഘനങ്ങളുടെ പേരില്‍ ഈ മാസം 5000 കേസ് എടുത്തതില്‍ 48 കേസ് മാത്രമാണ് മോഡിഫിക്കേഷനെതിരെ എടുത്തിരിക്കുന്നത്. ഒരു ശതമാനത്തില്‍ താഴെ മാത്രമാണ് ഇത്തരം കേസുകള്‍. ഏകദേശം 60 ശതമാനത്തോളം കേസുകള്‍ സുരക്ഷയെ മുന്‍നിര്‍ത്തിയാണ് എടുത്തിരിക്കുന്നത്. . രജിസ്‌ട്രേഷന്‍ നമ്പര്‍ വ്യക്തമായി കാണാന്‍ സാധിക്കാത്തതോ ഫാന്‍സി രീതിയിലോ ഉള്ള എഴുത്തുള്ള വാഹനങ്ങള്‍ക്ക് എതിരെ 12 ശതമാനം കേസുകളും, 14 ശതമാനം കേസുകള്‍ കൂളിംങ് ഫിലിം ഒട്ടിച്ച് ഓടുന്നതിനെതിരെയുമാണ് എടുത്തിരിക്കുന്നത്. ഇത് ചെല്ലാന്‍ എന്ന ആപ്ലിക്കേഷന്‍ ഉപയോഗിച്ച് പരിശോധിക്കുമ്പോള്‍ വാഹനം തടഞ്ഞു നിര്‍ത്താതെ തന്നെ നടപടികള്‍ പിടികൂടാന്‍ പറ്റും. ഇത്തരത്തില്‍ പരിശോധന ശക്തമാക്കുകയും, നടപടിയെടുക്കുകയും ചെയ്തതോടെയാണ് ഇപ്പോള്‍ പരാതി ഉയര്‍ന്നതെന്നാണ് മോട്ടോര്‍ വാഹന വകുപ്പ് കണക്കാക്കുന്നത്.