Breaking NewsElection 2021KERALANEWSTop News

‘മോഡി കളി’ക്കാന്‍ ഒന്നിലധികം സീറ്റില്‍ മത്സരിക്കുക; ഹെലികോപ്റ്ററില്‍ പറന്നുനടന്ന് കോമാളിത്തരം കാട്ടുക; ഇ ശ്രീധരന്‍ എന്ന മാന്യനെപ്പോലും അപമാനിക്കാന്‍ വിടുക; കെ സുരേന്ദ്രനെ രൂക്ഷമായി വിമർശിച്ച് ആർഎസ്എസ് നേതാവ്

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ ദയനീയമായി പരാജയപ്പെട്ടതിന് പിന്നാലെ ബിജെപിക്കുള്ളിൽ കലഹം രൂക്ഷം. സംസ്ഥാന നേതൃത്വത്തിനെതിരെ ബിജെപിയിലെ വിമത പക്ഷവും ആർഎസ്എസും രം​ഗത്തെത്തിയിരിക്കുകയാണ്. പരസ്യപ്രതികരണം ഒഴിവാക്കാൻ പ്രത്യേക സമിതി തോൽവിയെ കുറിച്ച് അന്വേഷിക്കുമെന്ന സംസ്ഥാന നേതൃത്വത്തിന്റെ നിലപാടും നേതാക്കൾ തള്ളിയതോടെ കെ സുരേന്ദ്രനും സംഘവും കൂടുതൽ പ്രതിസന്ധിയിലായിരിക്കുകയാണ്. ഇതിനിടെ, കെ സുരേന്ദ്രനെതിരെ രൂക്ഷവിമര്‍ശനവുമായി ആര്‍എസ്എസ് നേതാവ് ഇഎന്‍ നന്ദകുമാര്‍ രം​ഗത്തെത്തി. ഒന്നിലധികം സീറ്റുകളില്‍ മത്സരിച്ച് ഹെലികോപ്ടറില്‍ പറന്ന് കോമാളിത്തരം കാണിച്ചതും പ്രചരണത്തിലെ കുട്ടിക്കളിയുമാണ് ബിജെപിയെ തോല്‍പ്പിച്ചതെന്നാണ് നന്ദകുമാര്‍ വ്യക്തമാക്കുന്നത്.

ഇഎന്‍ നന്ദകുമാറിന്റെ വാക്കുകള്‍:

‘മോഡി കളി’ക്കാന്‍ ഒന്നിലധികം സീറ്റില്‍ മത്സരിക്കുക. ഈ കൊച്ചു കേരളത്തില്‍ ഹെലികോപ്റ്ററില്‍ പറന്നുനടന്ന് കോമാളിത്തരം കാട്ടുക. അവസാന നിമിഷം സ്ഥാനാര്‍ഥികളെ നിശ്ചയിക്കുക. നിഷ്‌ക്രിയരായ ഇവറ്റകളുടെ നോമിനേഷന്‍ തള്ളിപ്പോകുക. ഇ ശ്രീധരന്‍ എന്ന മാന്യനെപ്പോലും അപമാനിക്കാന്‍ വിടുക. ഓരോ തെരഞ്ഞെടുപ്പിലും പുതിയ മണ്ഡലങ്ങള്‍ തേടുന്ന ആര്‍ത്തിപിടിച്ച ഭാഗ്യാന്വേഷികള്‍. ഇവര്‍ തോല്‍വി അര്‍ഹിക്കുന്നു. മഹാരഥന്മാര്‍ സ്വജീവന്‍ നല്‍കി വളര്‍ത്തിയെടുത്ത മഹാപ്രസ്ഥാനത്തെ കുട്ടിക്കളിയില്‍ നശിപ്പിക്കല്ലേ. കഴിവതും വേഗം കളമൊഴിഞ്ഞ് നാടിനെയും പ്രസ്ഥാനത്തെയും രക്ഷിക്കൂ.”

ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് എഎന്‍ രാധാകൃഷ്ണന്റെ സഹോദരനാണ് നന്ദകുമാർ. ആര്‍എസ്എസിന്റെ പ്രസിദ്ധീകരണ വിഭാഗമായ കുരുക്ഷേത്ര ബുക്‌സ് ചുമതലക്കാരനും നാഷണല്‍ ബുക്ക് ട്രസ്റ്റ് എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗവുമാണ് നന്ദകുമാറെന്ന് ദേശാഭിമാനി റിപ്പോര്‍ട്ട് ചെയ്യുന്നു.

അതേസമയം, കഴക്കൂട്ടത്തെ തോല്‍വിക്ക് പിന്നാലെ ബിജെപിയില്‍ പോര് രൂക്ഷമാവുകയാണ്. തോല്‍വിക്ക് പിന്നില്‍ പാര്‍ട്ടിക്കും പങ്കുണ്ടെന്ന ആരോപണമാണ് ശോഭാ പക്ഷം ഉന്നയിക്കുന്നത്. കഴക്കൂട്ടത്ത് അവസാന നിമിഷമായിരുന്നു ശോഭയെ കേന്ദ്രനേതൃത്വം സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചത്. സംസ്ഥാന നേതൃത്വത്തിന്റെ ശക്തമായ എതിര്‍പ്പ് മറികടന്നായിരുന്നു കേന്ദ്ര തീരുമാനം. ശോഭാ സുരേന്ദ്രന്റെ സ്ഥാനാര്‍ഥിത്വം മണ്ഡലം നോട്ടമിട്ടിരുന്ന വി മുരളീധരനെ പ്രകോപിതനാക്കിയെന്നും ഇതിന്റെ പ്രതിഫലനമാണ് തെരഞ്ഞെടുപ്പില്‍ ഉണ്ടായതെന്നും മറുപക്ഷം വിമര്‍ശനം ഉയര്‍ത്തുന്നു.

ഇതിനിടെ ഉപേക്ഷിക്കപ്പെട്ട പോസ്റ്ററുകള്‍ കണ്ടെത്തിയ സംഭവവും വി മുരളീധരനെ പ്രതിരോധത്തിലാക്കും. വി മുരളീധരന്റെ അനുയായിയുടെ വീട്ടില്‍ നിന്നാണ് ഇവ കണ്ടത്തിയതെന്നാണ് ശോഭാ പക്ഷം ചൂണ്ടിക്കാട്ടുന്നത്. ശോഭയെ തോല്‍പ്പിക്കാന്‍ മുരളീധര പക്ഷം ശ്രമിച്ചെന്ന ആരോപണം ശക്തമാകുന്നതിനിടയിലാണ് ഈ സംഭവം. ഇത് തോല്‍വിക്ക് പിന്നില്‍ പാര്‍ട്ടി നേതൃത്വത്തിന് കൈയുണ്ടെന്നതിന്റെ തെളിവാണെന്നും ശോഭാ പക്ഷം ചൂണ്ടിക്കാട്ടുന്നു.

ഇതിനിടെ നിയമസഭ തെരഞ്ഞെടുപ്പിലെ ദയനീയ തോല്‍വി പഠിക്കാന്‍ ബിജെപി സമിതിയെ നിയോഗിച്ചു. ഇന്ന് ചേര്‍ന്ന അടിയന്തര കോര്‍ കമ്മറ്റി യോഗത്തിലാണ് തീരുമാനം. തെരഞ്ഞെടുപ്പില്‍ വീഴ്ച പറ്റിയെന്നായിരുന്നു യോഗത്തിലൂണ്ടായ വിലയിരുത്തല്‍. നിയമസഭാ തെരഞ്ഞെടുപ്പിലെ ദയനീയ പ്രകടനത്തിന് പിന്നാലെ ബിജെപിയിൽ കലാപം രൂക്ഷമാകുകയാണ്. ഇതിനിടയിൽ, ബിജെപി നേതാക്കൾക്കെതിരെ ആർഎസ്എസും രം​ഗത്തെത്തി. ബിജെപി തൃശ്ശൂർ ജില്ലാ ഘടകത്തിനെതിരെ നടപടി വേണമെന്നാണ് ആർഎസ്എസ് ആവശ്യപ്പെടുന്നത്. ​ഗുരുവായൂർ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥിയുടെ പത്രിക തള്ളുകയും ബിജെപി പിന്തുണച്ച സ്ഥാനാർത്ഥിക്ക് വോട്ട് കുറയുകയും ചെയ്ത് സാഹചര്യത്തിലാണ് ആർഎസ്എസ് നിലപാട് കടുപ്പിക്കുന്നത്. ഇക്കാര്യം ആവശ്യപ്പെട്ട് ആർഎസ്എസ് നേതാക്കൾ ബിജെപി സംസ്ഥാന നേതൃത്വത്തിന് കത്ത് നൽകി എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.

ഗുരുവായൂരിലെ എൻ.ഡി.എ. സ്ഥാനാർഥിയുടെ പത്രിക തള്ളിപ്പോയത് ഏറെ വിവാദമായിരുന്നു. അഭിഭാഷകകൂടിയായ സ്ഥാനാർഥിയുടെ പത്രിക തള്ളിയതിനുപിന്നിൽ ഒത്തുകളിയാണെന്ന ആരോപണം ഉയർന്നിരുന്നു. ഇക്കാര്യം തിരഞ്ഞെടുപ്പിന് ശേഷം ചർച്ച ചെയ്യാമെന്നായിരുന്നു പാർട്ടി നിലപാട്. ഇതിനിടെ ഗുരുവായൂരിലെ യു.ഡി.എഫ്. സ്ഥാനാർഥിക്ക് അനുകൂലമായി സുരേഷ് ഗോപി അഭിപ്രായപ്രകടനം നടത്തിയത് വീണ്ടും വിവാദത്തിനിടയാക്കി. ഈ ഘട്ടത്തിലാണ് വിഷയത്തിൽ ആർ.എസ്.എസ്. ഇടപെട്ടത്.

പ്രശ്നപരിഹാരത്തിന് ഗുരുവായൂരിലെ ഡി.എസ്.ജെ.പി. സ്ഥാനാർഥി ദിലീപ് നായർക്ക് പിന്തുണ പ്രഖ്യാപിച്ചു. തിരഞ്ഞെടുപ്പ് പ്രവർത്തനത്തിന് എൻ.ഡി.എ. രംഗത്തുണ്ടായിരുന്നെങ്കിലും സ്ഥാനാർഥിക്ക് കിട്ടിയത് മുൻപ് ഇവിടെ എൻ.ഡി.എ. നേടിയതിന്റെ മൂന്നിലൊന്ന് േവാട്ട് മാത്രമായിരുന്നു. 19,268 വോട്ടാണ് കുറഞ്ഞത്. ഈ രണ്ട് കാര്യങ്ങളിലും ജില്ലാ ഘടകത്തിനോട് വിശദീകരണം തേടി നടപടി സ്വീകരിക്കാനാണ് ആർ.എസ്.എസ്. നിർദേശം.

നടപടിക്ക് ആർ.എസ്.എസിനെ പ്രേരിപ്പിച്ചത് ഈയിടെ തൃശ്ശൂരിലുണ്ടായ കുഴൽപ്പണക്കടത്താണെന്നും സൂചനയുണ്ട്. കൊടകരയിൽ നിന്ന് കുഴൽപ്പണം വാഹനമടക്കം തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പാർട്ടിയുടെ ബന്ധം പോലീസ് സ്ഥിരീകരിച്ചിരുന്നു. സംഭവത്തിൽ പാർട്ടിയുടെ തൃശ്ശൂരിലെ ചില പ്രധാനികൾക്ക് ബന്ധമുണ്ടെന്ന് ആരോപണമുയർന്നിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close