INDIANEWSTrending

മോദിയുടെ തണലിൽ മാടമ്പിയായി ജീവിതം; മറ്റുള്ളവർക്ക് ഉച്ചത്തിൽ സംസാരിക്കുന്നതിനു പോലും വിലക്ക്; പീഡനം താങ്ങാനാകാതെ അഞ്ചു വർഷത്തിനിടെ ആത്മഹത്യ ചെയ്തത് എംപി ഉൾപ്പടെയുള്ള നാല് പ്രമുഖർ; ലക്ഷദ്വീപിന്‌ മുൻപ് പ്രഫുൽ പട്ടേൽ നരകമാക്കിയ ദ്വീപസമൂഹങ്ങൾ

അഡ്മിനിസ്ട്രേറ്റർ പദവിയിൽ ഏകാധിപത്യം നടത്തുന്ന പ്രഫുൽ പട്ടേലിന് എതിരെ അഞ്ചു വർഷത്തോളമായി പ്രതിഷേധം നടത്തുകയാണ് മറ്റ് രണ്ട് കേന്ദ്രഭരണപ്രദേശങ്ങൾ. ദാമൻ ദീയു, ദാദ്രാ നാഗർ ഹവേലി എന്നീ ദ്വീപസമൂഹങ്ങളിലെ ജനങ്ങളാണ് പട്ടേലിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെ വർഷങ്ങളായി പ്രതിഷേധിക്കുന്നത്. കളക്ടർ ചുമതല വഹിച്ചിരുന്ന കണ്ണൻ ഗോപിനാഥൻ പിൻവാങ്ങിയതും സ്ഥലം എംപി മോഹൻ ദേൽക്കൽ ഉൾപ്പെടെ നാല് ഉദ്യോഗസ്ഥർ ആത്‍മഹത്യ ചെയ്തതും ഇതേ പ്രഫുൽ പട്ടേലിന്റെ പേര് കുറിച്ചായിരുന്നു.

മുൻ കീഴ്വഴക്കങ്ങൾ കാറ്റിൽ പറത്തി പ്രഫുൽ പട്ടേൽ ദാമൻ ദീയു, ദാദ്രാ നാഗർ ഹവേലി ദ്വീപുകളുടെ ഭരണം ഏറ്റെടുക്കുന്നത് 2016 ലാണ്. ഇതിനെതിരെ അന്നേ പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടെങ്കിലും അടിച്ചമർത്തപ്പെട്ടു. റോഡുവികസനത്തിന്റെ പേരിൽ ചെറിയകുടിലുകൾ നശിപ്പിക്കപ്പെട്ടു. നിർമിതികൾ തകർക്കപ്പെട്ടു. ഇതിനെതിരെ ജനങ്ങൾ സംഘടിച്ചതോടെ പാസാ എന്ന ഗുണ്ടാ നിയമം ഉൾപ്പടെയുള്ള നിയമങ്ങൾ നിലവിൽ വരുത്തി. രണ്ട് കുട്ടികളിൽ കൂടുതലുള്ളവരെ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് വിലക്കുക, ജനപ്രതിനിധികൾക്കും നിലവിലുള്ള ഉദ്യോസ്ഥർക്കുമുള്ള അധികാരങ്ങൾ പരിമിതപ്പെടുത്തുക തുടങ്ങിയ നടപടികളും സ്വീകരിച്ചു.

നിലനിൽപ്പും ജീവനും ചോദ്യമായതോടെ പ്രതിഷേധവുമായി ജനങ്ങൾ തെരുവിലിറങ്ങി. അതോടെ രണ്ട് സ്കൂളുകൾ ജയിലുകളാക്കി മാറ്റാൻ ഉത്തരവ് ഇറക്കി. മുദ്രാവാക്യങ്ങളും ഉച്ചത്തിൽ സംസാരിക്കുന്നത് പോലും വിലക്കിയുള്ള ഉത്തരവുകളും ഇക്കാലത്ത് പുറത്തിറങ്ങി. പുതുക്കിയ പെരുമാറ്റച്ചട്ടങ്ങൾ പുറത്തിറക്കാൻ വിസമ്മതിച്ച, അന്ന് കളക്ടറായിരുന്ന കണ്ണൻ ഗോപിനാഥന് എതിരെ പ്രവർത്തനം തൃപ്തികരമല്ല എന്ന് കാണിച്ച് കാരണം കാണിക്കൽ നോട്ടീസും നൽകി. എന്നാൽ അദ്ദേഹം നേരിട്ട് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയതോടെ അനധികൃത ഇടപെടലിന് പട്ടേലിന് താക്കീതും ലഭിച്ചു. എന്നാൽ പിന്നീട് കളക്ടർ സ്ഥാനം കണ്ണൻ ഗോപിനാഥൻ ഒഴിയുകയും പട്ടേലുമായി സമരസപ്പെടുന്ന വ്യക്തി തന്നെ വരികയും ചെയ്തതോടെ ദ്വീപുകാരുടെ നിലനിൽപ്പ് തന്നെ ചോദ്യചിഹ്നമാവുകയായിരുന്നു.

ദ്വീപിലെ ജനങ്ങളുടെ ഭൂമി, അവരുടെ വസ്തു അല്ല എന്ന് അവകാശപ്പെട്ട് പിടിച്ചടക്കി കോർപറേറ്റുകൾക്ക് കൊടുത്ത സംഭവവും മുന്പുണ്ടായിട്ടുണ്ട്.ദാമനിലെ  ഒരു കിലോമീറ്ററിനടുത്തു വരുന്ന ബീച്ച് ഭൂമി അവിടെ താമസിക്കുന്ന മൽസ്യത്തൊഴിലാളികളുടെ ആണെന്നും അല്ല ബ്രിട്ടനിൽ താമസിക്കുന്ന ഒരു ദാമൻകാരന്റെ ആണെന്നും തർക്കമുണ്ടാവുകയും അവിടെ പിന്നീട് 144 പ്രഖ്യാപിക്കുകയും ചെയ്തു. 2018ൽ അവിടുത്തെ മത്സ്യത്തൊഴിലാളികളുടെ കുടിലുകൾ പൊളിച്ച് മാറ്റി. കുടിയൊഴിപ്പിക്കപ്പെട്ട ഭൂരിപക്ഷം കുടുംബങ്ങളെയും പുനരധിവസിപ്പിട്ടില്ലെങ്കിലും 2021മാർച്ചോടെ ബിനോദ് ചൗധരി എന്ന സി ജി കോർപ്പിന്റെ സീ സൈഡ് റെന്റ് റിസോർട് ആയി മാറിക്കഴിഞ്ഞു ആ ഭൂമി.

അന്ന് ഈ കേന്ദ്രഭരണപ്രദേശങ്ങളിൽ സംഭവിച്ചതിന്റെ തനിപ്പകർപ്പായാണ് ലക്ഷദ്വീപിലും തുടക്കം. അധികാരം ഏറ്റെടുക്കുക, ടൂറിസം, വികസനം എന്നീ പേരുകളിൽ പൊതുജീവിതം ദുഷ്കരമാക്കുക, സംഘപരിവാർ അജണ്ടകൾ നടപ്പിൽ വരുത്തുക, അധികാര കേന്ദ്രീകരണം നടത്തുക, ഭൂമി കയ്യേറി ധനികർക്ക് മറിച്ചുനൽകുക അങ്ങനെ.. അതിനെതിരെ തന്നെയാണ് ലക്ഷദ്വീപ് സമൂഹവും ചുറ്റുമുള്ളവരും പ്രതിഷേധിക്കുന്നത്. ഏഴായിരത്തിനടുത്ത് കേസുകളാണ് കോവിഡ് മുക്‌തമായിരുന്ന ലക്ഷദ്വീപിൽ പട്ടേലിന്റെ ഭരണപരിഷ്കാരങ്ങൾക്ക് ശേഷം റിപ്പോർട് ചെയ്യപ്പെട്ടത്.

ആർഎസ്എസ് ബിജെപി നേതാവായിരുന്ന ഖോദാഭായ് റാഞ്ചോട്ഭായുടെ മകനായ പ്രഫുൽ ഖോദ പട്ടേൽ 2007 ൽ ഗുജറാത്ത് അസംബ്ലി ഇലക്ഷനിൽ ജയിച്ചാണ് ആദ്യമായി നിയമസഭയിലെത്തുന്നത്. 2010ൽ അന്ന് ആഭ്യന്തര മന്ത്രിയായിരുന്ന അമിത്ഷാ വ്യാജ ഏറ്റുമുട്ടൽകേസിൽ അറസ്റിലായപ്പോൾ പകരക്കാരനായി എത്തി ശ്രദ്ധേയനായ പട്ടേൽ പിന്നീട് 2012ൽ നടന്ന മത്സരത്തിൽ ദയനീയമായി പരാജയപ്പെട്ടു. അതിനു പിന്നാലെയാണ് 2014ൽ ദാമൻ&ദിയു വിന്റേയും 2016ൽ ദാദ്ര& നാഗർ ഹവേലിയുടെയും അഡ്മിനിസ്ട്രേറ്ററായി ചുമതലയേൽക്കുന്നത്. “എന്ത് ചെയ്താലും രാജ്യം ഭരിക്കുന്ന പാർട്ടിക്കാർ കുടെയുണ്ടെന്നുള്ള ഹുങ്കുമായി നടക്കുന്ന ഒരു ഭൂമാഫിയ തലവൻ” ഇതാണ് ഇപ്പോൾ അധികാരം എന്ന പേരിൽ ഏകാധിപത്യം നടത്തുന്ന പ്രഫുൽ പട്ടേലിനെ കുറിച്ച് സമരാഹ്വാനികൾ പറയുന്നത്. 

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close