
അഹമ്മദാബാദ്: നാലു പതിറ്റാണ്ട് ഇന്ത്യന്‍ നാവികസേനയുടെ ഭാഗമായിരുന്ന ‘വിരാട്’ എന്ന യുദ്ധക്കപ്പല്‍ പൊളിച്ചു മാറ്റുന്നത് ഒഴിവാക്കാം എന്ന പ്രതീക്ഷ മങ്ങുന്നു. യുദ്ധ കപ്പലിനെ മ്യൂസിയമാക്കി മാറ്റാന്‍ സ്വകാര്യ സ്ഥാപനം താല്പര്യം പ്രകടിപ്പിച്ചിരുന്നു എങ്കിലും ഈ പദ്ധതിക്കായി എന്‍ഒസി ഇതുവരെ കേന്ദ്രത്തില്‍ നിന്ന് ലഭിച്ചിട്ടില്ല. ഗുജറാത്ത് ആസ്ഥാനമായുള്ള ശ്രീ റാം ഗ്രൂപ്പ് യുദ്ധക്കപ്പല്‍ ഉടമ എന്‍വിടെക് മറൈന്‍ കണ്‍സള്‍ട്ടന്റ് പ്രൈവറ്റ് ലിമിറ്റഡിനെ മ്യൂസിയം നിര്‍മ്മാണത്തിനായി സമീപിച്ചിരുന്നു. എന്നാല്‍ പ്രോജക്ടിനായി കേന്ദ്രത്തില്‍ നിന്ന് നോ ഒബ്ജക്ഷന് സര്‍ട്ടിഫിക്കറ്റ് (എന്‍ഒസി) ലഭിച്ചില്ല.
1987 ല്‍ ഇന്ത്യന്‍ നാവികസേനയില്‍ ഉള്‍പ്പെടുത്തി 2017 ല്‍ നിര്‍ത്തലാക്കുകയും ചെയ്ത വിമാനവാഹിനിക്കപ്പലാണ് വിരാട്. ഈ വര്‍ഷം ജൂലൈയില്‍ നടന്ന ലേലത്തില്‍ 38.54 കോടി രൂപയ്ക്ക് അലംഗ് ആസ്ഥാനമായുള്ള സ്വകാതര്യ സ്ഥാപനം ശ്രീ റാം ഗ്രൂപ്പ് കപ്പല്‍ വാങ്ങിയിരുന്നു.
ഈ യുദ്ധക്കപ്പല്‍ പൊളിച്ചുമാറ്റാതെ അത് ഒരു മാരിടൈം മ്യൂസിയമാക്കി മാറ്റാനായിരുന്നു പദ്ധതി. 100 കോടി രൂപയ്ക്കാണ് കപ്പല്‍ മ്യൂസിയമാക്കി മാറ്റുന്നതിനായി ചെലവാകുക. കമ്പനിക്ക് ഇതുവരെ എന്‍ഒസി ലഭിക്കാത്തത് പ്രോജക്ട് വൈകുന്നതിന് കാരണമാകുന്നു. ലോകത്തിലെ ഏറ്റവും നീളമേറിയ യുദ്ധക്കപ്പലാണ് വിരാട്. ഇന്ത്യയില്‍ പൊളിക്കാന്‍ പോകുന്ന രണ്ടാമത്തെ വിമാനവാഹിനിക്കപ്പലാണ് ഇത്. 2014 ല്‍ വിക്രാന്ത് എന്ന മറ്റൊരു യുദ്ധക്കപ്പല്‍ മുംബൈയില്‍ പൊളിച്ചുമാറ്റിയിരുന്നു. വിരാട്ടിന്റെ ഭാരം 27,800 ടണ്ണാണ്. ബ്രിട്ടീഷ് നേവിയില്‍ ‘എച്ച്.എം.എസ്. ഹെര്‍മിസ്’ എന്ന പേരില്‍ 1959 നവംബര്‍ മുതല്‍ 1984 ഏപ്രില്‍ വരെ സേവനമനുഷ്ഠിച്ചിട്ടാണ് വിരാട് ഇന്ത്യയിലേക്ക് വരുന്നത്.