Movies

മൗനരാഗത്തിന്റെ പിറന്നാള്‍ ദിനത്തില്‍ ….

മൗനത്തിന് മധുരമേറുന്നത് അതിനിടയിലേക്ക് സ്വരങ്ങള്‍ കൂട്ടുകൂടാനെത്തുമ്പോഴാണ്. എന്നാല്‍ ആ സ്വരം ഉതിര്‍ത്തിരുന്ന തന്ത്രികള്‍ക്ക് തേങ്ങാനുള്ള ശബ്ദം പോലുമിന്നില്ല. ഇണയെ നഷ്ടമായത് ലക്ഷ്മിയ്ക്കുമാത്രമല്ല . ഇന്നു നീ എന്റെ അടുത്തുണ്ടായിരുന്നെങ്കില്‍ എന്റെ ശബ്ദം നിലയ്ക്കില്ലായിരുന്നു. സംഗീതത്തെ അറിയുന്ന നാള്‍ മുതല്‍ ബാലുവിന്റെ കൈ പിടിച്ചു കൂടെ ചേര്‍ന്നു നിന്നതാണ് . പലരൂപത്തിലും ഭാവത്തിലുമുള്ളവര്‍ കടന്നു വന്നപ്പോഴും എന്നെ നീ ഉപേക്ഷിച്ചില്ല. എത്രമാത്രം മീട്ടിയാലും മതിവരാത്തൊരു വറ്റാത്ത സംഗീതഭ്രമം എപ്പോഴും ബാലുവില്‍ നിറഞ്ഞു നിന്നിരുന്നു.

പഠനകാലത്തും പാഠപുസ്തകത്തേക്കാള്‍ ആ കൈകളില്‍ സ്ഥാനം എനിക്കായിരുന്നു. ലക്ഷ്മിക്കൊപ്പം ജീവിതം തുടങ്ങാനുള്ള ഓട്ടത്തിനിടയില്‍ എല്ലാ കലാകാരന്മാരെയും പോലെ സംഗീതത്തെ പാഷന്‍ ആക്കിമാറ്റി മറ്റൊരു ജീവിതമാര്‍ഗ്ഗം തേടുമെന്ന് കരുതി. പക്ഷെ ബാലു … എന്നെ അവിടെയും നീ ഞെട്ടിച്ചു. വെറും ഭ്രമമല്ല മറിച്ച് അതാണ് ജീവിതമെന്ന് തെളിയിച്ചു. പതിനേഴാം വയസ്സില്‍ സംഗീതസംവിധാനം ചെയ്ത നിന്നിലെ പ്രതിഭയെ കാണാതിരിക്കാന്‍ കഴിയില്ല. പക്ഷെ പാട്ടുകൊണ്ട് ജീവിക്കാനാകുമോ? എന്ന, കോളേജ് കാലത്തു കേട്ട ചോദ്യത്തിനുള്ള മറുപടിയാണ് നിന്റെ ജീവിതമെന്ന് നീ പുറം ലോകത്തോട് പറയുന്നതിനു മുന്നേ ഞാന്‍ തിരിച്ചറിഞ്ഞിരുന്നു. പക്ഷെ സംഗീതസംവിധാനത്തിലേക്ക് അധികം കടക്കാത്തത് അതുകൊണ്ടാണെന്ന് ഞാനും അറിഞ്ഞില്ലല്ലോ. ഹൃദയത്തില്‍ പ്രതിധ്വനിക്കുന്ന പാട്ടുകളുടെ പല പല പകര്‍ച്ചകളെ എന്നിലേക്ക് നീ ആവാഹിച്ചപ്പോഴെല്ലാം പിറന്നത് മനവും മിഴിയും നിറച്ച ഗാനശില്‍പങ്ങളായിരുന്നു. നിന്റെ നാവും നാദവും ഞാനാണെന്ന അഹന്ത അതാവും ഇന്നെന്നെ വിധവയാക്കിയത്.

ഓരോ വേദികളില്‍ നിന്നും ഉയരുന്ന കരഘോഷങ്ങള്‍ കേള്‍ക്കുമ്പോഴും മനസ്സിലെവിടെയോ ഒരു ചോദ്യം നിന്നെ വലയ്ക്കുന്നത് ഞാന്‍ കാണുന്നുണ്ടായിരുന്നു. വെറും കയ്യടികള്‍ക്കപ്പുറം , പണത്തിനും ആരാധകര്‍ക്കുമപ്പുറം നിന്നിലെ കലാകാരന്‍ എന്ത് നേടി എന്ന ചോദ്യമായിരുന്നത് എന്ന് ഒരുപക്ഷെ അന്ന് ഞാനേ കണ്ടു കാണൂ. ഉയരങ്ങള്‍ കീഴടക്കി മുന്നോട്ട് നീങ്ങുമ്പോഴും ലക്ഷ്മിക്കും നിനക്കുമിടയില്‍ മറ്റൊരാള്‍ ഇല്ലാത്തത് എന്നിലും നോവുണ്ടാക്കിയിരുന്നു.

പക്ഷെ ഒരു വസന്തവുമായി അവള്‍ , തേജസ്വിനി വന്നപ്പോള്‍ അത് അണയാന്‍ പോകുന്ന ദീപത്തിന്റെ ആളിക്കത്തലാവുമെന്നോര്‍ത്തില്ല. വര്‍ഷങ്ങള്‍ കാത്തിരുന്നു കിട്ടിയ നിധിയ്ക്ക് കൂട്ടായി നീ മറഞ്ഞപ്പോള്‍ ലക്ഷ്മിയുടെ കണ്ണീരിന് സാക്ഷിയാകാന്‍ ഞാനും ബാക്കിയായി. ഇനിയൊരു മീട്ടലിനായി കൊതിക്കുന്നുണ്ടെങ്കിലും അത് നിന്റെ വിരലുകള്‍കളാലല്ലെങ്കില്‍ ആ സംഗീതത്തിനെന്ത് പ്രസക്തി… ഈ തന്ത്രികള്‍ മൗനത്തെ ശീലിച്ചു തുടങ്ങിയിരിക്കുന്നു. പക്ഷെ ഇന്ന് അതിന് പണ്ടത്തേതുപോലെ മധുരമില്ല , കണ്ണീരിന്റെ ഉപ്പാണ്.

Tags
Show More

Related Articles

Back to top button
Close