മൗറീഷ്യസ് തീരത്ത് പവിഴപ്പുറ്റിലിടിച്ച് എണ്ണക്കപ്പല്‍ രണ്ടായി പിളര്‍ന്നു; സമുദ്രത്തില്‍ എണ്ണ വ്യാപിക്കുന്നു

പോര്‍ട്ട് ലൂയിസ്: നാലായിരം ടണ്‍ ഓയിലുമായി പോയ ജപ്പാന്റെ കപ്പല്‍ മൗറീഷ്യസ് തീരത്ത് തകര്‍ന്നു. പവിഴപ്പുറ്റിലിടിച്ച കപ്പല്‍ രണ്ടായി പിളര്‍ന്നെന്നാണ് റിപ്പോര്‍ട്ടുകള്‍. എംവി വകാഷിയോ കപ്പലാണു തകര്‍ന്നത്. പാരിസ്ഥിതിക സംരക്ഷിത പ്രദേശത്ത് ടണ്‍ കണക്കിന് ക്രൂഡ് ഓയില്‍ പടരുന്നതു വന്‍ ദുരന്തത്തിലേക്കു നയിക്കുമെന്ന ആശങ്ക ഉയര്‍ന്നിരിക്കുകയാണ്. കപ്പലില്‍ നിന്ന് എണ്ണ മാറ്റുന്നതിനുള്ള നടപടികളും ആരംഭിച്ച് കഴിഞ്ഞു. ജൂലൈ 25ന് ആണ് കപ്പല്‍ പവിഴപ്പുറ്റില്‍ ഇടിച്ച് തകര്‍ന്നത്, ഓഗസ്റ്റ് 6 മുതല്‍ ആയിരം ടണ്ണിലേറെ എണ്ണയാണ് കടലിലേക്ക് ഒഴുകിച്ചേര്ന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഓഗസ്റ്റ് 15നാണ് കപ്പല്‍ രണ്ടായി പിളര്‍ന്നെന്ന സ്ഥിരീകരണം വരുന്നത്. കപ്പല്‍ ഓപ്പറേറ്റര്‍ പ്രസ്താവനയിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. അപകടത്തിന്റെ പശ്ചാത്തലത്തില്‍ മൗറീഷ്യസ് പാരിസ്ഥിതിക അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്, ശേഷിക്കുന്ന 3,000 ടണ്‍ എണ്ണ കപ്പലില്‍ നിന്ന് മാറ്റുന്നതിനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. വന്‍ തോതിലുള്ള ഇന്ധന ചോര്‍ച്ച പ്രദേശത്ത് വന്‍ ദുരന്തത്തിന് ഇടയാക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
നിലവില്‍ കപ്പലില്‍ ശേഷിക്കുന്ന എണ്ണ പമ്പ് ചെയ്തെടുക്കാനുള്ള ശ്രമത്തിലാണ് രക്ഷാപ്രവര്‍ത്തകര്‍.എണ്ണച്ചോര്‍ച്ച പവിഴപ്പുറ്റുകളുടെ നാശത്തിനു വഴിവയ്ക്കുമെന്ന് പരിസ്ഥിതി സംഘടനകള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. എണ്ണച്ചോര്‍ച്ചയിലെ നാശനഷ്ടങ്ങള്‍ വിലയിരുത്തുന്നതിനു മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരെയും വിദഗ്ധരെയും മൗറീഷ്യസിലേക്ക് അയയ്ക്കുമെന്നു ജാപ്പനീസ് പരിസ്ഥിതി മന്ത്രി വ്യക്തമാക്കി. മോശം കാലാവസ്ഥയാണ് ഇത്രയും ദിവസം രക്ഷാപ്രവര്‍ത്തനത്തിന് തടസമായതെന്ന് മൗറീഷ്യസ് സര്‍ക്കാരും പ്രതികരിച്ചു.അതേസമയം എണ്ണ ചോര്‍ച്ച തടയുന്നതിന് സഹായവുമായി ഇന്ത്യയും രംഗത്തെത്തിയിട്ടുണ്ട്. വിദഗ്ധരെയും ഉപകരണങ്ങളെയുമാണ് ഇന്ത്യ മൗറീഷ്യസിലേയ്ക്ക് അയച്ചത്. 30 ടണ്ണിലധികം ഉപകരണങ്ങളും മറ്റുവസ്തുക്കളും ഇന്ത്യ വ്യോമസേനാ വിമാനത്തില്‍ മൗറീഷ്യസിലേയ്ക്ക് അയച്ചിട്ടുണ്ട്. പത്തുപേരടങ്ങുന്ന സാങ്കേതിക വിദഗ്ധരെയും എണ്ണ ചോര്‍ച്ച തടയുന്നതിനുള്ള പ്രവര്‍ത്തനങ്ങളില്‍ സഹായിക്കുന്നതിന് അയച്ചിട്ടുണ്ടെന്നും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി.