യാത്രക്കാരില്ല, മടക്കം ഒരു ദിവസം നീട്ടി; പാതിവഴിയില്‍ കാത്തിരുന്നത് മരണം

ബെംഗളൂരുവില്‍ നിന്ന് എറണാകുളത്തേക്ക് വന്ന കെ.എസ്.ആര്.ടി.സി വോള്‍വോ ബസില്‍ ഉണ്ടായിരുന്നത് 48 യാത്രക്കാര്‍. പാലക്കാട്, തൃശ്ശൂര്‍, എറണാകുളം ജില്ലകളില്‍ നിന്നുള്ളവരാണ് ബസില്‍ ഉണ്ടായിരുന്നത്. ബസ്സിന് ഈ മൂന്നിടത്ത് മാത്രമാണ് സ്റ്റോപ്പുകള്‍ ഉണ്ടായിരുന്നത്. ബസ്സിലെ റിസര്‍വേഷന്‍ ചാര്‍ട്ട് പ്രകാരം എറണാകുളത്ത് 25 പേരും പാലക്കാട് നാലുപേരും തൃശൂരില്‍ 16 പേരുമാണ് ഇറങ്ങേണ്ടിയിരുന്നത്. അപകടത്തില്‍ 19 പേരാണ് മരിച്ചത്. മരിച്ച 11 പേരെ തിരിച്ചറിഞ്ഞു. 9 പേരെ ഇനിയും തിരിച്ചറിയാനുണ്ട്. റോസ് ലി( പാലക്കാട്), ഗിരീഷ് (എറണാകുളം), ഇഗ്നി റാഫേല്‍ ( ഒല്ലൂര്‍,തൃശ്ശൂര്‍), കിരണ്‍ കുമാര്‍, ഹനീഷ് ( തൃശ്ശൂര്‍), ശിവകുമാര്‍ ( ഒറ്റപ്പാലം), രാജേഷ്. കെ (പാലക്കാട്), ജിസ്മോന് ഷാജു ( തുറവൂര്‍), നസീബ് മുഹമ്മദ് അലി ( തൃശ്ശൂര്‍), കെ.എസ്.ആര്.ടി.സി ഡ്രൈവര്‍ ബൈജു, ഐശ്വര്യ എന്നിവരുടെ മൃതദേഹങ്ങളാണ് തിരിച്ചറിഞ്ഞത്.
19 മൃതദേഹങ്ങളും അവിനാശി ജനറല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. കെ.എസ്.ആര്.ടി.സി ബസിലെ ഡ്രൈവര്‍ കം കണ്ടക്ടറായ ടി.ഡി. ഗിരീഷ് മരിച്ചുവെന്നാണ് ലഭിക്കുന്ന വിവരം. അപകടത്തില്‍ പെട്ടത് എറണാകുളം ഡിപ്പോയിലെ ആര് എസ് 784 നമ്പര്‍ ബെംഗളൂരു-എറണാകുളം ബസ്സാണ്. രാവിലെ ഏഴുമണിക്ക് കൊച്ചിയില്‍ എത്തിച്ചേരേണ്ടതായിരുന്നു ബസ്. ഫെബ്രുവരി 17-നാണ് അപകടത്തില്‍ പെട്ട ബസ് എറണാകുളത്ത് നിന്ന് ബെംഗളുരിവിലേക്ക് പോയത്. തൊട്ടുപിറ്റേന്ന് തന്നെ കേരളത്തിലേക്ക് മടങ്ങേണ്ടിയിരുന്ന ബസ് യാത്രക്കാര്‍ ഇല്ലാത്തതിനാല്‍ ഒരു ദിവസം വൈകി പത്തൊമ്പതിനാണ് മടങ്ങിയത്. ആ മടക്കം മരണത്തിലേക്കായിരുന്നു.
പുലര്‍ച്ചെ മൂന്നരയ്ക്കാണ് കോയമ്പത്തൂരിനടുത്ത് തിരുപ്പൂരിലേക്ക് പ്രവേശിക്കുന്ന അവിനാശിയില്‍ വെച്ച് കെ.എസ്.ആര്.ടി.സി അപകടത്തില്‍ പെട്ടത്. ടൈല്‍സുമായി വരുകയായിരുന്നു എറണാകുളം രജിസ്ട്രേഷന് കണ്ടെയ്നര്‍ ലോറിയാണ് നിയന്ത്രണം വിട്ട് ബസ്സിലേക്ക് പാഞ്ഞുകയറിയത്. 10 പേര് സംഭവ സ്ഥലത്തുവെച്ചുതന്നെ മരിച്ചു. മരിച്ചവരില്‍ തിരിച്ചറിഞ്ഞവരില്‍ അഞ്ച് പേര് സ്ത്രീകളാണ്. 23 പേര്‍ക്ക് പരിക്കേറ്റുവെന്നാണ് വിവരം. മതൃദേഹങ്ങള്‍ പലതും ചിന്നിച്ചിതറി. അപകടം നടക്കുമ്പോള്‍ യാത്രക്കാരില്‍ ഭൂരിഭാഗം പേരും ഉറക്കത്തിലായിരുന്നു. ബസിന്റെ 12 സീറ്റുകളോളം ഇടിച്ചുതകര്‍ന്ന നിലയിലാണ്. ചിലത് തെറിച്ചുപോയി