KERALANEWS

യാത്രക്കാരോട് മാന്യമായി പെരുമാറണം, ജീവനക്കാരോട് നിര്‍ദേശവുമായി കെഎസ്ആര്‍ടിസി

തിരുവനന്തപുരം: യാത്രക്കാര്‍ ബസിനുള്ളിലോ ബസിന് പുറത്തോവെച്ച് കണ്ടക്ടറോടും ഡ്രൈവറോടും അസഭ്യം പറയുകയോ കൈയേറ്റം ചെയ്യുകയോ ചെയ്താല്‍ അതേ രീതിയില്‍ ഒരുകാരണവശാലും പ്രതികരിക്കരുത്, പകരം തൊട്ടടുത്ത പൊലീസ് സ്റ്റഷനില്‍ പരാതി നല്‍കണമെന്ന് ജീവനക്കാര്‍ക്ക് കെ.എസ്.ആര്‍.ടി.സിയുടെ നിര്‍ദേശം. തുടര്‍ന്നുള്ള നടപടികള്‍ യൂനിറ്റ് തലത്തിലോ, കേന്ദ്ര ഓഫിസ് തലത്തിലോ തീരുമാനിക്കും. മോശം പെരുമാറ്റത്തെകുറിച്ച് പരാതി വര്‍ധിക്കുന്ന സാഹചര്യത്തിലാണ് നിര്‍ദേശം. ജീവനക്കാര്‍ യാത്രാക്കാരോട് മോശമായി പെരുമാറുന്നെന്ന ഒറ്റപ്പെട്ട പരാതിപോലും അംഗീകരിക്കാനാകില്ലെന്നും സി.എം.ഡി വ്യക്തമാക്കി. ജീവനക്കാര്‍ യാത്രാക്കാരോട് മാന്യമായി പെരുമാറണം. സ്ത്രീകള്‍, കുട്ടികള്‍, വികലാംഗര്‍, മുതിര്‍ന്ന പൗരന്‍മാര്‍, അംഗവൈകല്യമുള്ളവര്‍, രോഗബാധിതരായ യാത്രക്കാര്‍ തുടങ്ങിയവര്‍ക്ക് ആവശ്യമുള്ള സൗകര്യം ബസുകളില്‍ ഒരുക്കി നല്‍കണം. ഓര്‍ഡിനറി, ഫാസ്റ്റ് പാസഞ്ചര്‍ ബസുകളിലും ഇത്തരത്തിലുള്ള യാത്രക്കാര്‍ ആവശ്യപ്പെടുന്ന സ്‌റ്റോപ്പുകളില്‍ നിര്‍ത്തിക്കൊടുക്കണം. ജനത ഓര്‍ഡിനറി ബസുകളുടെ കാര്യത്തിലും ഈ നിര്‍ദേശങ്ങള്‍ പാലിക്കണം.സംവരണം ചെയ്ത സീറ്റുകള്‍ ബന്ധപ്പെട്ട യാത്രാക്കാര്‍ക്ക് കണ്ടക്ടര്‍ തന്നെ ലഭ്യമാക്കിക്കൊടുക്കണം. ഇത്തരത്തിലുള്ള യാത്രാക്കാര്‍ എവിടെനിന്ന് കൈകാണിച്ചാലും ബസ് നിര്‍ത്തി അവര്‍ക്ക് യാത്രാ സൗകര്യം ഒരുക്കണമെന്ന് ഡ്രൈവര്‍മാര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. കൈക്കുഞ്ഞുമായി വരുന്ന അമ്മമാര്‍, ഗര്‍ഭിണികള്‍ എന്നിവര്‍ക്ക് പ്രത്യേകം പരിഗണന നല്‍കണമെന്നും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close