Breaking NewsKERALANEWSTop News

യാത്ര ചെയ്യുന്നവര്‍ തിരിച്ചറിയല്‍ രേഖകള്‍ കാണിക്കുന്നതിനൊപ്പം യാത്രയുടെ ആവശ്യവും ബോധ്യപ്പെടുത്തണം; രാത്രികാല കർഫ്യു നിലവിൽ വന്നതോടെ പരിശോധന ശക്തമാക്കി പൊലീസ്

തിരുവനന്തപുരം: കോവിഡ് രണ്ടാം തരം​ഗത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് പ്രഖ്യാപിക്കപ്പെട്ട രാത്രികാല കർഫ്യൂ നിലവിൽ വന്നതോടെ പരിശോധന കർശനമാക്കി പൊലീസ്. സംസ്ഥാനത്തെ പ്രധാന നിരത്തുകളിലെല്ലാം പൊലീസ് പരിശോധന നടത്തുകയും യാത്രക്കാരെ കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കുകയുമാണ് കഴിഞ്ഞ രാത്രിയിൽ ചെയ്തത്. ഇന്ന് പുലർച്ചെ അഞ്ച് മണി വരെയാണ് കർഫ്യു. ചരക്ക്-പൊതുഗതാഗതത്തെ ബാധിക്കാത്ത വിധത്തിലാണ് കര്‍ഫ്യൂ നിയന്ത്രണം നടപ്പാക്കുന്നത്. രാത്രികാല യാത്രകള്‍ നിരീക്ഷിക്കാന്‍ പൊലീസ് സ്റ്റേഷന്‍ അതിര്‍ത്തികളിലും ജില്ലാ അതിര്‍ത്തികളിലും പരിശോധന ഏർപ്പെടുത്തി. യാത്ര ചെയ്യുന്നവര്‍ തിരിച്ചറിയല്‍ രേഖകള്‍ കാണിക്കുന്നതിനൊപ്പം യാത്രയുടെ ആവശ്യവും പൊലീസുകാരെ ബോധ്യപ്പെടുത്തിയ ശേഷമാണ് യാത്ര അനുവദിച്ചത്.

കെഎസ്ആര്‍ടിസി ബസുകള്‍ക്ക് സര്‍വീസ് നടത്തുന്നതിന് തടസ്സമുണ്ടായിരുന്നില്ല. ആശുപത്രി, മെഡിക്കല്‍ സ്റ്റോറുകള്‍, പാല്‍, പത്രം, മാധ്യമപ്രവര്‍ത്തകര്‍ എന്നിവരടക്കം അവശ്യസര്‍വീസുകള്‍ക്കും രാത്രികാല ജോലിയിലുള്ളവർക്കും യാത്രക്ക് അനുമതിയുണ്ട്. സ്വകാര്യവാഹനങ്ങളിലും അത്യാവശ്യയാത്രകള്‍ അനുവദിക്കുമെങ്കിലും പരമാവധി ഒഴിവാക്കി സഹകരിക്കണമെന്ന് ഡിജിപി അറിയിച്ചു. കാറില്‍ യാത്ര ചെയ്യുന്നവര്‍ ഒറ്റക്കായാലും മാസ്ക് ധരിക്കണം. ഡ്രൈവറടക്കം നാല് പേരെയാണ് അനുവദിക്കുന്നത്. റംസാന്‍ നോമ്പ് കാലമായതിനാല്‍ അതുമായി ബന്ധപ്പെട്ടുള്ള യാത്രകളെ നിയന്ത്രണങ്ങളില്‍ നിന്നൊഴിവാക്കിയിട്ടുണ്ട്.

രാത്രി ഒമ്പതു മണി മുതല്‍ പുലര്‍ച്ചെ അഞ്ചുമണി വരെയാണ് കര്‍ഫ്യൂ. ഒമ്പതു മണിക്ക് മുന്‍പായി വ്യാപാരസ്ഥാപനങ്ങള്‍ അടയ്ക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഏഴരയ്ക്കു ശേഷം ഹോട്ടലുകളിലും റെസ്‌റ്റോറന്റുകളിലും ഇരുന്ന് ഭക്ഷണം കഴിക്കാന്‍ പാടില്ല തുടങ്ങിയ നിര്‍ദേശങ്ങളും നല്‍കി.

അതേസമയം സംസ്ഥാനത്ത് ഇന്നലെ 19577 പേര്‍ക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഇതുവരെയുളളതിലെ ഏറ്റവും ഉയര്‍ന്ന പ്രതിദിനകണക്കാണിത്. എറണാകുളം 3212, കോഴിക്കോട് 2341, മലപ്പുറം 1945, തൃശൂര്‍ 1868, കോട്ടയം 1510, തിരുവനന്തപുരം 1490, കണ്ണൂര്‍ 1360, ആലപ്പുഴ 1347, പാലക്കാട് 1109, കാസര്‍ഗോഡ് 861, കൊല്ലം 848, ഇടുക്കി 637, വയനാട് 590, പത്തനംതിട്ട 459 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്നലെ രോഗ ബാധ സ്ഥിരീകരിച്ചത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close