
ന്യൂഡല്‍ഹി:യുഎപിഎയും രാജ്യദ്രോഹനിയമവും പിന്‍വലിപ്പിക്കാന്‍ രാജ്യത്ത് രാഷ്ട്രീയപാര്‍ടികളുടെയും പൗരാവകാശ പ്രസ്ഥാനങ്ങളുടെയും കൂട്ടായ മുന്നേറ്റം ഉയരണമെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. വയോധികരായ ഫാ. സ്റ്റാന്‍ സ്വാമി, വരവര റാവു എന്നിവരടക്കം 16 പേരെ ഭീമ കൊറെഗാവ് കേസില്‍ എന്‍ഐഎ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് പിയുസിഎല്‍ സംഘടിപ്പിച്ച വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു യെച്ചൂരി. യുപിഎ സര്‍ക്കാര്‍ യുഎപിഎ കൊണ്ടുവന്നപ്പോള്‍ സിപിഐ എം എതിര്‍ത്തതാണ്. ബ്രിട്ടീഷ് ഭരണകാലത്തെ കിരാതനിയമമാണ് രാജ്യദ്രോഹത്തിന്റെ പേരിലുള്ളത്.
യുഎപിഎ ഭേദഗതി ചെയ്തതുകൊണ്ട് പ്രയോജനമില്ല. പൂര്‍ണമായി പിന്‍വലിക്കണം. ഭീകരവാദം നേരിടാന്‍ മറ്റു മാര്‍ഗങ്ങള്‍ സ്വീകരിക്കണം. ഭീമ കൊറെഗാവ് കേസിന്റെ പേരിലുള്ള വേട്ടയാടല്‍ ഒറ്റപ്പെട്ടതല്ല. സര്‍ക്കാരിനെ വിമര്‍ശിക്കുകയും സര്‍ക്കാര്‍ നയങ്ങളോട് വിയോജിക്കുകയും ചെയ്യുന്നവരെ രാജ്യദ്രോഹികളായി മുദ്രകുത്തുകയാണ് യെച്ചൂരി പറഞ്ഞു.
ആദിവാസികള്‍ക്കായി ജീവിതം ഉഴിഞ്ഞുവച്ച ഫാ. സ്റ്റാന്‍ സ്വാമിയെ അറസ്റ്റുചെയ്തത് അപലപനീയമാണെന്ന് ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന് പറഞ്ഞു. സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ, എംപിമാരായ കനിമൊഴി(ഡിഎംകെ), സുപ്രിയ സുലെ(എന്‍സിപി), ശശി തരൂര്‍(കോണ്‍ഗ്രസ്), സാമ്പത്തിക വിദഗ്ധന്‍ ജീന്‍ ഡ്രയാസ്, ഫാ. മരിയാനൂസ് കുജൂര്‍, ആദിവാസി പ്രവര്‍ത്തക ദയാമണി ബാര്‍ല, അഡ്വ. മിഹിര്‍ ദേശായ്, രൂപാലി ജാദവ്, ഡോ. വി സുരേഷ് എന്നിവരും സംസാരിച്ചു.