യുഎസ് ചരിത്രത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ ദുരന്തമാകും

കോവിഡ് 19 വൈറസ് ബാധയ്ക്കെതിരേയുള്ള പ്രതിരോധത്തെ ഒരു യുദ്ധം പോലെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്ട്രംപ് കണക്കാക്കുമ്പോള്‍ അമേരിക്ക നേരത്തേ നടത്തിയ ചില യുദ്ധങ്ങളില്‍ നേരിട്ട മരണസംഖ്യയേക്കാള്‍ കൂടും കോവിഡ് ബാധിച്ചുള്ള മരണമെന്ന് വിദഗ്ദ്ധരുടെ നിരീക്ഷണം. വൈറ്റ്ഹൗസിന്റെ പ്രൊജക്ടഡ് സ്കോറില്‍ ഒരു ലക്ഷം മുതല്‍ രണ്ടു ലക്ഷം പേര് വരെ കോവിഡ് മരണത്തിന് ഇരയാകുമെന്നാണ് കണക്കാക്കിയിരക്കുന്നത്. അ?മേരിക്കന്‍ ചരിത്രത്തിലെ മൂന്നാമത്തെ വലിയ ദുരന്തമായി കോവിഡ് മാറുമെന്ന ഭീതിയേറുകയാണ്. ഒന്നാം ലോകമഹായുദ്ധം, വിയറ്റ്നാം, കൊറിയന്‍ യുദ്ധങ്ങള്‍ എന്നിവയില്‍ അമേരിക്കയ്ക്ക് നഷ്ടമായ ആള്‍ക്കാരുടെ എണ്ണത്തേക്കാള്‍ കൂടുതലാകും കോവിഡ് മരണമെന്നാണ് അമേരിക്ക പ്രതീക്ഷിക്കുന്നത്. സാമൂഹ്യ അകലവും ലോക്ക് ഡൗണും പോലെയുള്ള എന്തു കാര്യങ്ങള്‍ നടപ്പിലാക്കിയാലും 100,000 നും 240,000 നും ഇടയില്‍ അമേരിക്കക്കാര്‍ ഈ വര്‍ഷം തന്നെ മരണമടയുമെന്നാണ് വൈറ്റ് ഹൗസ് കണക്കെടുത്തിരിക്കുന്നത്.
‘അദൃശ്യ ശത്രുവിന്റെ അവിശ്വസനീയ ആക്രമണം” എന്നാണ് ട്രം കോവിഡ് 19 വൈറസ് പടരുന്നതിനെ വിശേഷിപ്പിച്ചത്. അടുത്ത രണ്ടാഴ്ച അമേരിക്കയ്ക്ക് ഏറെ നിര്‍ണ്ണായകമാണെന്നാണ് പ്രസിഡന്റ് ട്രംപ് പറഞ്ഞിരിക്കുന്നത്. ഇതുവരെ അമേരിക്കയില്‍ രണ്ടുലക്ഷം പേര്‍ക്കാണ് വൈറസ് ബാധിച്ചിരിക്കുന്നത്. 4,400 പേര് മരിക്കുകയും ചെയ്തു. അമേരിക്കന്‍ ചരിത്രത്തില്‍ മരണം ഏറ്റവും കണ്ട 1861 നും 1865 നും ഇടയിലെ ആഭ്യന്തരയുദ്ധമായിരുന്നു വലിയ ദുരന്തം. 498,332 പേര് മരണമടഞ്ഞതായിട്ടാണ് കണക്കാക്കുന്നത്. 1941-1945 ല്‍ നടന്ന രണ്ടാം ലോകമഹായുദ്ധത്തില്‍ മരണസംഖ്യ 405,399 ആയിരുന്നു. മൂന്നാം സ്ഥാനത്ത് കോവിഡ് ആയി മാറുമോ എന്നാതാണ് ഇപ്പോള്‍ ഉയരുന്ന ആശങ്ക. ഇതിന് കരുത്ത് കൂട്ടി 100,000 മുതല്‍ 240,000 വരെ ആള്ക്കാര് മരിക്കുമെന്നാണ് വൈറ്റ് ഹൗസിന്റെ ഭയം.
അതേസമയം 1917-1918 ലെ ഒന്നാം ലോകമഹായുദ്ധത്തിലും വന്‍ ആള്‍നാശം ഉണ്ടായ അമേരിക്കയില്‍ 116,516 പേരായിരുന്നു മരണമടഞ്ഞത്. 1955-1975 വരെ വിയറ്റ്നാമിനെതിരേ നടന്ന യുദ്ധത്തില്‍ 90,220 പേര് മരണമടഞ്ഞു. 1959-53 വരെ നടന്ന കൊറിയന്‍ യുദ്ധത്തില്‍ 54,246 പേരും 1990 നും 1991 നും ഇടയില്‍ നടന്ന മണല്‍ക്കാറ്റില്‍ 1948 പേരുമാണ് അമേരിക്കയില്‍ മരണമടഞ്ഞത്. കൊറോണയില്‍ അമേരിക്ക കണക്കാക്കുന്ന സംഖ്യ തന്നെ ആഭ്യന്തര കലാപത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണത്തിന്റെ പകുതിയോളം വരും.
ന്യൂയോര്‍ക്ക് നഗരമാണ് അമേരിക്കയില്‍ കോവിഡിന്റെ എപ്പിസെന്ററായി മാറിയിരിക്കുന്നത്. ഇവിടെ 47,000 ആണ് കോവിഡ് ബാധിതരുടെ എണ്ണം. രോഗം പടര്‍ന്ന് പിടിച്ചതോടെ 30 ദിവസത്തേക്ക് കൂടി സ്റ്റേ അറ്റ് ഹോം നിര്‍ദേശം നീട്ടിയതായി വിവരമുണ്ട്. ന്യൂജഴ്സി, കാലിഫോര്‍ണിയ, വാഷിംഗ്ടണ്‍, ജോര്‍ജ്ജിയ, ഫ്ളോറിഡ, പെന്‍സില്‍വാനിയ എന്നിവയാണ് കോവിഡ് ശക്തമായി അമേരിക്കയില്‍ പിടിമുറുക്കിയിരിക്കുന്ന സ്റ്റേറ്റുകള്‍. അതേസമയം ചൈനയിലെ മരണസംഖ്യ തെറ്റാണെന്നും ചൈനയിലെ മരണം 3200 അല്ലെന്നും 42,000 ആണെന്നും റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ ഇക്കാര്യം കഴിഞ്ഞ ദിവസം ചോദിച്ചപ്പോള്‍ താന്‍ ചൈനയില്‍ നിന്നും വന്ന അക്കൗണ്ടന്റല്ല എന്നായിരുന്നു ട്രംപിന്റെ പ്രതികരണം.