വാഷിങ്ടന്‍ :ചൈനയ്ക്ക് എതിരായ യുഎസ് വിമര്‍ശനത്തിന് നേരേ പ്രതികരണം അറിയിച്ച് കമ്യൂണിസ്റ്റ് സര്‍ക്കാര്‍.പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുമായി (പിഎല്‍എ) ബന്ധമുള്ളവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുന്ന യുഎസ് ജസ്റ്റിസ് ഡിപ്പാര്‍ട്ട്മെന്റിന്റെ നീക്കത്തിനു മറുപടിയായാണ് കമ്യൂണിസ്റ്റ് സര്‍ക്കാര്‍ രംഗത്തെത്തിയിരിക്കുന്നത്.ചൈനയിലെ അമേരിക്കക്കാരെ തടവില്‍വയ്ക്കുമെന്നാണ് കമ്യൂണിസ്റ്റ് സര്‍ക്കാര്‍ പ്രതികരിച്ചത്.മുന്നറിയിപ്പ് സന്ദേശം യുഎസിനു ബെയ്ജിങ് നല്‍കിയതായി വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തു.
യുഎസ് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കു ചൈനീസ് അധികൃതര്‍ ഒന്നിലധികം മാര്‍ഗങ്ങളിലൂടെ മുന്നറിയിപ്പുകള്‍ നല്‍കിയിട്ടുള്ളതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.യുഎസ് കോടതികളിലെ ചൈനീസ് പൗരന്മാരുടെ വിചാരണ അമേരിക്ക അവസാനിപ്പിക്കാത്ത പക്ഷം ചൈനയിലെ അമേരിക്കക്കാര്‍ നിയമം ലംഘിച്ചതായി കുറ്റം ചുമത്തുമെന്നാണു ചൈനീസ് അധികൃതരുടെ സന്ദേശത്തില്‍ വ്യക്തമാക്കുന്നത്.
സെപ്റ്റംബര്‍ 14ന് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് ഉപദേശകന്‍ നല്‍കിയ റിപ്പോര്‍ട്ടിനോടു വാഷിങ്ടനിലെ ചൈനീസ് എംബസി പ്രതികരിച്ചില്ല.ലോകശക്തിയായി പ്രതിഷ്ഠിക്കാനുള്ള തന്ത്രത്തിന്റെ ഭാഗമായി യുഎസിന്റെ സാങ്കേതികവും സൈനികവും മറ്റുമായ വിവരങ്ങള്‍ മോഷ്ടിക്കാന്‍ ചൈന ശ്രമിക്കുന്നുണ്ടെന്നാണു ട്രംപ് ഭരണകൂടത്തിന്റെ ആരോപണം. യുഎസ് അക്കാദമിക് സ്ഥാപനങ്ങളില്‍ ഗവേഷണം നടത്താന്‍ വീസയ്ക്ക് അപേക്ഷിച്ചപ്പോള്‍ പിഎല്‍എ അംഗത്വം മറച്ചുവച്ചതിന് 3 ചൈനക്കാരെ എഫ്ബിഐ അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ മാസം ആയിരത്തിലധികം ചൈനീസ് പൗരന്മാര്‍ക്കു വീസ റദ്ദാക്കി. ഇതിനെ മനുഷ്യാവകാശ ലംഘനമെന്നാണു ചൈന വിശേഷിപ്പിച്ചത്.