Breaking NewsCovid UpdatesWORLD

യുകെയിലെ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് സുരക്ഷയില്ല; സര്‍ക്കാരിനെതിരേ നിയമനടപടിയുമായി ഇന്ത്യന്‍ വംശജരായ ഡോക്റ്റര്‍ ദമ്പതികള്‍

ലണ്ടന്‍: കൊറോണ ബാധിച്ചവരുമായി നേരിട്ട് ഇടപഴകേണ്ടി വരുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്കുള്ള സുരക്ഷാ ഉപകരണങ്ങളുടെ ലഭ്യതക്കുറവിന്റെ പേരിലും അവയുടെ ഉപയോഗം സംബന്ധിച്ച മാര്‍ഗനിര്‍ദ്ദേശങ്ങളിലെ അവ്യക്തതയുടെ പേരിലും യു.കെ സര്‍ക്കാരിനെതിരെ നിയമ നടപടിയുമായി ഇന്ത്യന്‍ വംശജരായ ഡോക്ടര്‍ ദമ്പതിമാര്‍. ഡോ. നിഷാന്ത് ജോഷി, ഗര്‍ഭിണിയായ ഭാര്യ ഡോ. മീണാല്‍ എന്നിവരാണ് നിയമ നടപടി തുടങ്ങിയിട്ടുള്ളത്.സുരക്ഷാ ഉപകരണങ്ങള്‍ ആഭ്യന്തരമായോ യൂറോപ്യന്‍ യൂണിയനില്‍നിന്നോ സമാഹരിക്കുന്നതില്‍ ഭരണകൂടം പരാജയപ്പെട്ടുവെന്നാണ് ഇവര്‍ ആരോപിക്കുന്നത്.

തങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍ പ്രാപ്തമായ സുരക്ഷാ ഉപകരണങ്ങള്‍ നിലവില്‍ ലഭ്യമല്ല. അസുഖ ബാധിതരാകുന്ന ആരോഗ്യ പ്രവര്‍ത്തകരുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുന്നത് ആശങ്കയുണ്ടാക്കുന്നു. ആരോഗ്യ പ്രവര്‍ത്തകരെ സംരക്ഷിക്കാനുള്ള ബാധ്യത സര്‍ക്കാരിനുണ്ട്. പ്രോട്ടോക്കോളില്‍ മാറ്റം വരുത്തുന്നത് അടക്കമുള്ളവ ആരോഗ്യ പ്രവര്‍ത്തകരില്‍ കടുത്ത ആശങ്കയുണ്ടാക്കുന്നുവെന്നും ഇരുവരും ലണ്ടന്‍ കേന്ദ്രമായ അഭിഭാഷക സ്ഥാപനം വഴി സമര്‍പ്പിച്ച പ്രസ്താവനയില്‍ പറയുന്നു.

ഓരോ തവണയും ആരോഗ്യ പ്രവര്‍ത്തകര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുമ്പോള്‍ സഹപ്രവര്‍ത്തകരുടെ മനസില്‍ കടുത്ത ആശങ്കയാണ്. സഹപ്രവര്‍ത്തകരെ വെന്റിലേറ്ററില്‍ പ്രവേശിപ്പിക്കുകയും പരിചരിക്കുകയും ചെയ്യേണ്ടി വരുന്നത് ആരോഗ്യ പ്രവര്‍ത്തകരില്‍ കടുത്ത സമ്മര്‍ദ്ദമുണ്ടാക്കുന്നു. മരണ സമയത്തുപോലും ബന്ധുക്കളെ കാണാന്‍ കഴിയാത്തവരുടെ ദുഃഖം വിവരണാതീതമാണ്. അവരോടെല്ലാം സര്‍ക്കാര്‍ മാപ്പു പറയേണ്ടതുണ്ട്. ഇനിയൊരാള്‍ക്കും ഈ ഗതി വരാതിരിക്കാനാണ് നിയമ നടപടിയുമായി മുന്നോട്ടു പോകുന്നതെന്നും ഇരുവരും വ്യക്തമാക്കി.

ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് വ്യക്തിഗത സുരക്ഷാ ഉപകരണങ്ങള്‍ ലഭ്യമാക്കുന്നതിലെ അഭാവവും ഇതുസംബന്ധിച്ച മാര്‍ഗനിര്‍ദ്ദേശങ്ങളിലെ വ്യക്തതക്കുറവും സംബന്ധിച്ച് ഡോ. ജോഷി സമൂഹ മാധ്യമങ്ങളിലൂടെ നേരത്തെതന്നെ പ്രചാരണം നടത്തിയിരുന്നു. അദ്ദേഹത്തിന്റെ ഭാര്യ ‘ആരോഗ്യ പ്രവര്‍ത്തകരെ സംരക്ഷിക്കൂ’ എന്ന പ്ലക്കാര്‍ഡുമായി സര്‍ജിക്കല്‍ മാസ്‌ക് അടക്കമുള്ളവ ധരിച്ച് നിരത്തിലിറങ്ങി പ്രതിഷേധിച്ചിരുന്നു. വ്യക്തിഗത സുരക്ഷാ ഉപകരണങ്ങള്‍ സംബന്ധിച്ച വ്യക്തമായ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ഉണ്ടായിരുന്നുവെങ്കില്‍ അവ ലഭ്യമാക്കാത്ത സാഹചര്യത്തില്‍ ജോലിയില്‍നിന്ന് വിട്ടുനില്‍ക്കാന്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കഴിയുമായിരുന്നുവെന്ന് ഇരുവരും ചൂണ്ടിക്കാട്ടുന്നു. സുരക്ഷാ ഉപകരങ്ങള്‍ ആവശ്യപ്പെടുന്നതിന്റെ പേരില്‍ ആര്‍ക്കും അച്ചടക്ക നടപടി നേരിടേണ്ടി വരില്ലായിരുന്നു. ലോകാരോഗ്യ സംഘടനയുടെ നിര്‍ദ്ദേശങ്ങള്‍ പാലിക്കുംവിധം വ്യക്തിഗത സുരക്ഷാ ഉപകരണങ്ങളുടെ ഉപയോഗം സംബന്ധിച്ച മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കണമെന്നാണ് ദമ്പതിമാരുടെ ആവശ്യം.

Tags
Show More

Related Articles

Back to top button
Close