WORLD

യുകെയിലെ ഇന്നലെ കൊറോണ മരണം വീണ്ടുമുയര്‍ന്ന് 545ലെത്തി; മൊത്തം മരണം 35,341;യഥാര്‍ത്ഥ മരണം 44,000 ആണെന്ന് ഒഎന്‍എസ് കണക്ക്

ലണ്ടന്‍: രണ്ടു ദിവസമായി ഇരുന്നൂറില്‍ താഴെയായിരുന്ന യുകെയിലെ പ്രതിദിന കൊറോണ മരണ നിരക്ക് ഇന്നലെ 545 ആയി കുതിച്ചുയര്‍ന്നു. ഇതോടെ ആകെ ഔദ്യോഗിക മരണസംഖ്യ 35,341 ആയി. എന്നാല്‍ യഥാര്‍ത്ഥ മരണം 44,000 കടന്നെന്നും ഒഎന്‍എസ് റിപ്പോര്‍ട്ടുകള്‍ പറയുന്നു. കോവിഡ് ടെസ്റ്റ് നടത്താതെ മരിച്ചവര്‍ ഉണ്ടെന്നും അവയൊന്നും കണക്കുകളില്‍ ഇല്ലെന്നും ഒഎന്‍എസ് വ്യക്തമാക്കുന്നു. മരണ സംഖ്യ 55,000 കഴിഞ്ഞതായും അനൗദ്യോഗിക റിപ്പോര്‍ട്ടുകളുണ്ട്. അതുകൊണ്ടുതന്നെ രാജ്യത്തെ കൊറോണ ഇരകളുടെ എണ്ണം ഒരിക്കലും കൃത്യമാവില്ലെന്നു വ്യക്തം.

ഇന്നലെ 174 മരണങ്ങള്‍ ആശുപത്രികളില്‍ ഉണ്ടായതായി എന്‍എച്ച്എസ് വ്യക്തമാക്കുന്നു. മരണങ്ങള്‍ സ്ഥിരീകരിക്കുന്നതിലും ഇത് സംബന്ധിച്ച കണക്കുകള്‍ പ്രൊസസ് ചെയ്യുന്നതിലും സാധാരണ ഞായറാഴ്ചയും തിങ്കളാഴ്ചയും കാലതാമസം വരുന്നതിനാല്‍ ഈ ദിവസങ്ങളില്‍ യുകെയില്‍ മരണ നിരക്ക് കുറവാണ്. അതുകൊണ്ടുതന്നെയാണ് 160 ല്‍ നിന്ന് 545 ലേക്ക് മരണ സംഖ്യ ഉയര്‍ന്നത്. ഞായറാഴ്ചയും തിങ്കളാഴ്ചയും യഥാക്രമം 170 ഉം 160 ഉം ആയിരുന്നു മരണ നിരക്ക്. ഇതാണിപ്പോള്‍ രണ്ടിരട്ടിയായി കൂടിയിരിക്കുന്നത്. പുതുതായി മൂവായിരത്തിലേറെ പേര്‍ക്ക് കൂടി വൈറസ് സ്ഥിരീകരിച്ചിട്ടുണ്ട്. ആകെ രോഗികളുടെ എണ്ണം രണ്ടര ലക്ഷമായി. തുടക്കത്തില്‍ വ്യാപകമായ തോതില്‍ കോവിഡ് 19 ടെസ്റ്റുകള്‍ ലഭ്യമാകാതിരുന്നതുമൂലം യഥാര്‍ത്ഥത്തില്‍ രാജ്യത്ത് മില്യണ്‍ കണക്കിന് പേര്‍ക്ക് കൊറോണ ബാധിച്ചുവെന്നാണ് ഗവണ്‍മെന്റ് സയന്റിസ്റ്റുകള്‍ ആശങ്കപ്പെടുന്നത്. ഇംഗ്ലണ്ടില്‍ ലോക്ക്ഡൗണില്‍ ഇളവുകള്‍ അനുവദിച്ചതോടെ ആളുകള്‍ കൂടുതലായി പുറത്തിറങ്ങി തുടങ്ങി. ജോലിക്കെത്തുന്നവരുടെ എണ്ണവും കൂടി. സാമൂഹ്യ അകലം പാലിക്കാതെ പൊതുസ്ഥലത്തു തിങ്ങിക്കൂടുന്ന ജനങ്ങളുടെ ചിത്രങ്ങള്‍ ആശങ്ക വര്‍ധിപ്പിക്കുന്നതാണ്.

കൊറോണ പോസിറ്റീവായെന്ന് ടെസ്റ്റിലൂടെ തെളിഞ്ഞിരിക്കുന്നവര്‍ മരിക്കുമ്പോള്‍ മാത്രമാണ് അവരെ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹെല്‍ത്ത് ഔദ്യോഗിക കൊറോണ മരണപ്പട്ടികയില്‍ ഉള്‍പ്പെടുത്തുന്നത്. എന്നാല്‍ കൊറോണ ലക്ഷണങ്ങളെന്ന് സംശയിക്കുന്നവരുടെ മരണത്തെ പോലും ഒഎന്‍എസ് കണക്കുകളില്‍ ഉള്‍പ്പെടുത്തുന്നുണ്ട്. ഇക്കാരണത്താലാണ് ഈ രണ്ട് കണക്കുകളും തമ്മില്‍ വന്‍ വ്യത്യാസമുണ്ടാകുന്നത്. കഴിഞ്ഞ ചൊവ്വാഴ്ച 627 പേരും അതിന് മുമ്പത്തെ ചൊവ്വാഴ്ച 693 പേരും കൊറോണ ബാധിച്ച് മരിച്ച സ്ഥാനത്താണ് ഇന്നലെ ചൊവ്വാഴ്ച മരണം 545 ചുരുങ്ങിയിരിക്കുന്നതെന്നത് ആശ്വാസമേകുന്നു. എന്‍എച്ച്എസ് ഇംഗ്ലണ്ടിന്റെ ആശുപത്രികളില്‍ ഇന്നലെ 174ല്‍ അധികം മരണങ്ങളാണുണ്ടായിരിക്കുന്നത്. സ്‌കോട്ട്‌ലന്‍ഡില്‍ 29 മരണങ്ങളാണ് ആശുപത്രികളിലും കെയര്‍ഹോമുകളിലും വീടുകളിലും സ്ഥിരീകരിച്ചിരിക്കുന്നത്. വെയില്‍സില്‍ 17ഉം നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ ഏഴും പുതിയ കൊറോണ മരണങ്ങളാണ് ഇന്നലെ സ്ഥിരീകരിച്ചത്.തിങ്കളാഴ്ച വെറും 160 മരണങ്ങളായിരുന്നു ഔദ്യോഗികമായി യുകെയില്‍ സ്ഥിരീകരിച്ചിരുന്നത്. മാര്‍ച്ച് 24ന് ശേഷം പ്രതിദിന മരണം ഏറ്റവും കുറഞ്ഞ ദിവസവുമായിരുന്നു തിങ്കളാഴ്ച.ഇന്നലെ ഡൗണിംഗ് സ്ട്രീറ്റിലെ പതിവ് കൊറോണ ബ്രീഫിംഗിനിടെ എന്‍വയോണ്‍മെന്റ് സെക്രട്ടറി ജോര്‍ജ് യൂസ്റ്റിസാണ് പുതിയ കണക്കുകള്‍ പുറത്ത് വിട്ടിരിക്കുന്നത്.

Tags
Show More

Related Articles

Back to top button
Close