WORLD

യുകെയില്‍ കൂടുതല്‍ ലോക്ക്ഡൗണ്‍ ഇളവുകള്‍; ആറ് പേര്‍ക്ക് വരെ പുറത്ത് ഒന്നിച്ചുകൂടാം, സ്‌കൂളുകള്‍ തുറക്കും

ലണ്ടന്‍: ബ്രിട്ടനില്‍ തിങ്കളാഴ്ച മുതല്‍ ആറു പേര്‍ക്ക് വരെ ഒത്തുചേരാം. വിവിധ വീടുകളില്‍ നിന്നുള്ളവര്‍ക്ക് പരസ്പരം സൗഹൃദം പങ്കിടാനുള്ള അവസരമാണിത്. കൂടുതല്‍ ഔട്ട്‌ഡോര്‍ ഇളവുകള്‍ നിലവില്‍ വരുന്നതിന്റെ ഭാഗമായി പ്രധാനമന്ത്രിയാണ് ഇത് അറിയിച്ചത്. പൂന്തോട്ടങ്ങളിലും പാര്‍ക്കുകളിലും വച്ച് കൂടിക്കാഴ്ച്ച നടത്താവുന്നതാണ്. ”ഈ മാറ്റങ്ങള്‍ അര്‍ത്ഥമാക്കുന്നത് സുഹൃത്തുക്കളും കുടുംബവും അവരുടെ പ്രിയപ്പെട്ടവരെ കണ്ടുമുട്ടാന്‍ തുടങ്ങുമെന്നാണ്. അതവര്‍ ഏറെക്കാലമായി കാത്തിരുന്നതും സന്തോഷകരവുമായ നിമിഷം ആയിരിക്കും. ‘ ജോണ്‍സന്‍ പറഞ്ഞു. സര്‍ക്കാരിന്റെ അഞ്ച് ടെസ്റ്റുകള്‍ നേരിടുന്നതിനാല്‍ ഇത് സാധ്യമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. തിങ്കളാഴ്ച മുതല്‍ ബാര്‍ബിക്യൂവും അനുവദിക്കും. കൈകഴുകുക, വ്യക്തിശുചിത്വം പാലിക്കുക, സാമൂഹിക അകലം പാലിക്കുക തുടങ്ങിയ നടപടികള്‍ ജനങ്ങള്‍ ശ്രദ്ധിക്കണമെന്ന് ജോണ്‍സന്‍ കൂട്ടിച്ചേര്‍ത്തു. ആളുകള്‍ മറ്റ് വീടുകളില്‍ രാത്രി താമസിക്കാന്‍ സര്‍ക്കാര്‍ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
സുരക്ഷിതമായാല്‍ ചില ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ക്രമേണ ലഘൂകരിക്കുന്നതിന് പാര്‍ട്ടി പിന്തുണയ്ക്കുന്നുവെന്ന് ലേബര്‍ പാര്‍ട്ടി നേതാവ് കെയര്‍ സ്റ്റാര്‍മര്‍ പറഞ്ഞു. സ്‌കോട്ട്ലന്‍ഡില്‍ രണ്ട് വ്യത്യസ്ത വീടുകളില്‍ നിന്നുള്ള ആളുകള്‍ക്ക് വെള്ളിയാഴ്ച മുതല്‍ ഔട്ട്ഡോര്‍ സന്ദര്‍ശനം നടത്താം. എന്നാല്‍ അതിഥികളെ സ്വീകരിക്കാന്‍ പാടില്ലെന്ന് ഫസ്റ്റ് മിനിസ്റ്റര്‍ നിക്കോളാസ് സ്റ്റര്‍ജിയന്‍ അറിയിച്ചു. വെയില്‍സില്‍ ഈയൊരിളവ് തിങ്കളാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരും. വടക്കന്‍ അയര്‍ലണ്ടില്‍, ജൂണ്‍ 8 മുതല്‍ 10 പേരുമായി മാത്രം വിവാഹചടങ്ങുകള്‍ നടത്താം. ആളുകള്‍ സാമൂഹ്യ അകലം പാലിക്കുകയും കൈകഴുകുകയും ചെയ്യേണ്ടത് അത്യാവശ്യമാണെന്ന് യുകെ സര്‍ക്കാരിന്റെ മുഖ്യ മെഡിക്കല്‍ ഉപദേഷ്ടാവ് പ്രൊഫ. ക്രിസ് വിറ്റി പറഞ്ഞു. ”നിങ്ങള്‍ ഒരു ബാര്‍ബിക്യൂ പോലുള്ള എന്തെങ്കിലും ചെയ്യുകയാണെങ്കില്‍, ഒരു വ്യക്തിയില്‍ നിന്ന് മറ്റൊരാളിലേക്ക് അത് കൈമാറുമ്പോള്‍ കൈ കഴുകുന്നില്ലെങ്കില്‍ വൈറസ് പടരാനുള്ള സാധ്യത ഏറെയാണ്.” അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൂടുതല്‍ പ്രാദേശിക രോഗവ്യാപനം ഉണ്ടാകുമെന്ന് പ്രധാനമന്ത്രി മുന്നറിയിപ്പ് നല്‍കി. എന്നാല്‍ പ്രാദേശിക ലോക്ക്ഡൗണുകളുടെ ഫലമായി വരുമാനം നഷ്ടപ്പെടുന്ന ആളുകളെ സഹായിക്കുമെന്ന് അദ്ദേഹം ഉറപ്പ് നല്‍കി.
ബ്രിട്ടനില്‍ ഇന്നലെ കോവിഡ് ബാധിച്ച് 377 പേര്‍ കൂടി മരിച്ചു. ഇതോടെ ആകെ മരണസംഖ്യ 37,837 ആയി ഉയര്‍ന്നു. ഓഫീസ് ഫോര്‍ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സിന്റെ പുതിയ പഠനപ്രകാരം ഇംഗ്ലണ്ടിലെ 15 പേരില്‍ ഒരാള്‍ക്ക് (ഏകദേശം 7%) ഇതിനകം വൈറസ് ബാധിച്ചുകഴിഞ്ഞു. ഇനി കാര്യങ്ങള്‍ ജാഗ്രതയോടെ ചെയ്യേണ്ടതുണ്ട്. ആളുകളെ ഘട്ടം ഘട്ടമായി നിരീക്ഷിക്കണം. അത് കൈകാര്യം ചെയ്യുന്നതിന് ടെസ്റ്റ് ആന്‍ഡ് ട്രേസ് സിസ്റ്റം ഫലപ്രദമായിരിക്കേണ്ടതുണ്ട്.” സര്‍ക്കാരിന്റെ മുഖ്യ ശാസ്ത്ര ഉപദേഷ്ടാവ് സര്‍ പാട്രിക് വാലന്‍സ് അറിയിച്ചു. ഈസ്റ്ററിനുശേഷം, ലോക്ക്ഡൗണ്‍ നടപടികള്‍ സുരക്ഷിതമായി ലഘൂകരിക്കുന്നതിനായാണ് സര്‍ക്കാര്‍ അഞ്ച് വ്യവസ്ഥകള്‍ ഏര്‍പ്പെടുത്തിയത്. ഉചിതമായ സുരക്ഷാ നടപടികള്‍ സ്വീകരിച്ചാല്‍ തിങ്കളാഴ്ച മുതല്‍ ദന്തചികിത്സ വീണ്ടും തുടങ്ങും. അടുത്ത ആഴ്ച മുതല്‍ സ്‌കൂളുകളും ഔട്ട്ഡോര്‍ മാര്‍ക്കറ്റുകളും കാര്‍ ഷോറൂമുകളും തുറന്ന് പ്രവര്‍ത്തിക്കും. ജൂണ്‍ 15 മുതല്‍ അവശ്യേതര കടകള്‍ക്കും തുറന്ന് പ്രവര്‍ത്തിക്കാം. രോഗവ്യാപനം തടയുന്നതില്‍ നാം പുരോഗതി കൈവരിച്ചതിനാല്‍ രണ്ട് മീറ്റര്‍ സാമൂഹിക അകലം പാലിക്കല്‍ നടപടി കുറയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ജോണ്‍സണ്‍ എംപിമാരോട് പറഞ്ഞു.

Tags
Show More

Related Articles

Back to top button
Close