യുകെയില്‍ കോവിഡ് രോഗികളെക്കാള്‍ കൂടുതല്‍ മരിക്കുന്നത് കുടല് കാന്‍സര്‍ രോഗികള്‍

ലണ്ടന്‍: യുകെയില്‍ കോവിഡ് ബാധിച്ച് മരിക്കുന്നതിനേക്കാള്‍ കൂടുതല്‍ പേര് കുടല് കാന്‍സര്‍ ബാധിച്ച് മരിക്കുന്നുവെന്ന ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട് പുറത്ത് വന്നു. പ്രമുഖ ഓങ്കോളജിസ്റ്റായ പ്രഫ. കരോള്‍ സികോറയാണ് പുതിയ മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുന്നത്. കൊറോണയല്ലാത്ത മറ്റ് അസുഖങ്ങള്‍ ബാധിച്ചെത്തുന്നവരെ എന്‍എച്ച്എസില്‍ അവഗണിക്കുന്ന ഇപ്പോഴത്തെ നില തുടര്‍ന്നാല്‍ കൊറോണ മരങ്ങളേക്കാള്‍ കുടല് കാന്‍സര്‍ ബാധിച്ചുള്ള മരണങ്ങള് ഇനിയുമേറുമെന്നാണ് സികോറ ആവര്‍ത്തിച്ച് മുന്നറിയിപ്പേകുന്നത്. കാന്‍സര്‍ അടക്കം മറ്റ് ഗുരുതരരോഗങ്ങള്‍ ബാധിച്ചവര്‍ക്ക് നിലവില്‍ കോവിഡ് കാരണം അത്യാവശ്യ ടെസ്റ്റുകള്‍ക്ക് പോലും അവസരം ലഭിക്കാത്തതാണ് പുതിയ അപകടത്തിന് വഴിയൊരുക്കുന്നതെന്നും സികോറ എടുത്ത്കാട്ടുന്നു. യുകെയില്‍ കോവിഡ് മൂര്‍ധന്യത്തിലെത്തിയ ഏപ്രില്‍ മധ്യത്തില്‍ ഇംഗ്ലണ്ടിലും വെയില്‍സിലും ഓരോ ആഴ്ചയിലും 8000 ത്തില്‍ കൂടുതല്‍ കോവിഡ് മരണങ്ങളാണുണ്ടായിരുന്നത്.
എന്നാല്‍ അത് ജൂലൈ 17ന് അവസാനിച്ച ആഴ്ചയില്‍ വെറും 305 ആയാണ് ഇടിഞ്ഞിരിക്കുന്നതെന്നാണ് ഓഫീസ് ഫോര്‍ നാഷണല്‍ സ്റ്റാറ്റിറ്റിക്സ് വെളിപ്പെടുത്തുന്നത്. എന്നാല്‍ ഇപ്പോഴും യുകെയില്‍ ഓരോ ആഴ്ചയിലും കുടല് കാന്‍സര്‍ കാരണം 319 പേരാണ് മരിച്ച് കൊണ്ടിരിക്കുന്നതെന്നാണ് ചാരിറ്റിയായ കാന്‍സര്‍ റിസര്‍ച്ച് യുകെ വെളിപ്പെടുത്തുന്നത്. വര്‍ഷത്തില്‍ രാജ്യത്ത് കുടല് കാന്‍സര്‍ കാരണം 16,600 പേര് മരിക്കുന്നുവെന്നതിനെ അടിസ്ഥാനമാക്കിയാണ് ഈ ചാരിറ്റി ഈ കണക്ക് പുറത്ത് വിട്ടിരിക്കുന്നത്. കോവിഡ് മരണങ്ങളെ തടഞ്ഞ് നിര്‍ത്താന്‍ എന്‍എച്ച്എസിന് കൂടുതല്‍ സമയം ചെലവഴിക്കേണ്ടി വരുന്നതിനാല്‍ മറ്റ് രോഗങ്ങള്‍ ബാധിച്ചവരെ ശ്രദ്ധിക്കാന്‍ സാധിക്കുന്നില്ലെന്നും എന്‍എച്ച്എസിന് സാധാരണ നിലയിലേക്ക് മടങ്ങിയെത്താന്‍ സാധിക്കുന്നില്ലെന്നും ഇതിനാലാണ് കാന്‍സര്‍ പോലുള്ള രോഗം ബാധിച്ചവര്‍ കൂടുതലായി മരിക്കാന്‍ കാരണമായിരിക്കുന്നതെന്നും പ്രൈവറ്റ് റുത്തര്ഫോര്ഡ് ഹെല്‍ത്തിന്റെ ചീഫ് മെഡിക്കല്‍ ഓഫീസര്‍ കൂടിയായ പ്രഫ. സികോറ വിശദീകരിക്കുന്നത്.