യുകെ കുട്ടികളില്‍ അപൂര്‍വ രോഗം; കൊവിഡുമായി ബന്ധമുണ്ടോയെന്ന് ആശങ്ക

ലണ്ടന്‍: യുകെയില്‍ കണ്ടെത്തിയ അപൂര്‍വ്വമായ ഇന്‍ഫ്ളമേറ്ററി സിന്‍ഡ്രോമിന് കൊവിഡ്-19നുമായി ബന്ധമുണ്ടെന്ന് ആശങ്ക. യുകെയില്‍ ഇതുവരെ ഈ അവസ്ഥ ബാധിച്ച് കുട്ടികള്‍ മരിച്ചിട്ടില്ലെന്നും ബ്രിട്ടീഷ് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. എന്നാല്‍ ബ്രിട്ടീഷ് മെഡിക്കല്‍ വിദഗ്ധര്‍ക്ക് പുറമെ ഇറ്റാലിയന്‍ വിദഗ്ധരും കൊറോണാവൈറസ് മഹാമാരിയും, കുട്ടികളെ പിടികൂടുന്ന കടുത്ത ഇന്‍ഫ്ളമേറ്ററി രോഗവും തമ്മിലുള്ള ബന്ധം പരിശോധിക്കുകയാണ്. കടുത്ത പനിയും, വീര്‍ത്ത ആര്ട്ടറികളുമായാണ് കുട്ടികളെ ആശുപത്രിയില്‍ എത്തിക്കുന്നത്. ലോകത്തില്‍ മഹാമാരി ഏറ്റവും കടുത്ത രീതിയില്‍ ആഞ്ഞടിച്ച നോര്‍ത്തേണ്‍ ഇറ്റലിയിലെ ഡോക്ടര്‍മാര്‍ ഈ പ്രതിഭാസം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഒന്‍പത് വയസ്സില്‍ താഴെയുള്ള കുട്ടികളാണ് കവസാക്കി രോഗവുമായി സാമ്യമുള്ള ലക്ഷണങ്ങളുമായി ആശുപത്രിയില്‍ എത്തുന്നത്.
ഈ അവസ്ഥയില്‍ ചില കുട്ടികള്‍ മരിച്ചതായി ഹെല്‍ത്ത് സെക്രട്ടറി മാറ്റ് ഹാന്‍കോക് പറഞ്ഞെങ്കിലും പിന്നീട് ആരോഗ്യ മന്ത്രാലയം ഈ വാക്കുകള്‍ തിരുത്തി. ഈ സിന്‍ഡ്രോം ബാധിച്ച് കുട്ടികള്‍ മരിച്ചതായി കണ്ടെത്തിയിട്ടില്ലെന്ന് മന്ത്രാലയ വക്താവ് പറഞ്ഞു. പുതിയ രോഗത്തിന് കൊറോണാവൈറസുമായി ബന്ധമുണ്ടെന്നാണ് കരുതുന്നതെന്നും ഹാന്‍കോക് പറഞ്ഞിരുന്നു. മുതിര്‍ന്നവരിലും, പ്രായമായവരിലും ബാധിക്കുന്നത് പോലെ കൊറോണ കുട്ടികളെ അത്രയ്ക്കൊന്നും ബാധിക്കുന്നില്ലെന്നാണ് ഇതുവരെ കരുതിയിരുന്നത്. എന്നാല്‍ ബ്രിട്ടന്, സ്പെയിന്, ഇറ്റലി എന്നിവിടങ്ങളില്‍ കണ്ടെത്തിയ ദുരൂഹമായ ഇന്‍ഫ്ളമേറ്ററി രോഗം ഈ വാദത്തിന് മേല്‍ സംശയം ഉയര്‍ത്തുകയാണ്. രക്ഷിതാക്കള്‍ ഈ വിഷയത്തില്‍ ജാഗ്രത പാലിക്കണമെന്ന് ജൂനിയര്‍ ബ്രിട്ടീഷ് ഇന്റീരിയര്‍ മിനിസ്റ്റര്‍ വിക്ടോറിയ അറ്റ്കിന്‍സ് വ്യക്തമാക്കി.