യുകെ യൂണിവേഴ്സിറ്റികളില്‍ ആദ്യ ബാച്ച് എത്തി; ഇന്ത്യക്കാരടക്കമുള്ള വിദേശ വിദ്യാര്‍ഥികള്‍ക്ക് തിരിച്ചടി

ലണ്ടന്‍: നാലുമാസത്തോളം നീണ്ട ലോക്ക്ഡൗണ്‍ അടച്ചിടലിനുശേഷം യുകെയിലെ യൂണിവേഴ്സിറ്റി ക്യാമ്പസുകളില്‍ ഇതാദ്യമായി ഒരുബാച്ച് വിദ്യാര്‍ഥികള്‍ വീണ്ടുമെത്തുന്നു. കോവിഡ് നിയന്ത്രണ നിബന്ധനകള്‍ അനുസരിച്ച് തയ്യാറാക്കിയ ഫെയ്സ് ടു ഫെയ്സ് പഠനത്തിനായാണ് വിദ്യാര്‍ഥികള്‍ ക്യാമ്പസിലെത്തുന്നത്. മാസ്ക്കുകള്‍ ധരിച്ചും അകലം പാലിച്ചുമാണ് വിദ്യാര്‍ഥികള്‍ ക്ലാസ്സുകളിലിരിക്കുക. ഓരോ വിദ്യാര്‍ഥിക്കുമായി അദ്ധ്യാപകര്‍ ക്ലാസ്സുകളെടുക്കുന്ന വിധത്തില്‍ അദ്ധ്യാപകനും വിദ്യാര്‍ത്ഥിയും മുഖത്തോടുമുഖം അഭിമുഖമായിട്ടിരുന്നാകും പഠനം. അതിനാല്‍ത്തന്നെ വളരെ ചുരുക്കം വിദ്യാര്‍ഥികള്‍ മാത്രമാകും ഓരോ ബാച്ചുകളായി പഠനത്തിനെത്തുക. എന്നാല്‍ നോട്ടിംഹാം അടക്കമുള്ള ചില യൂണിവേഴ്സിറ്റികളില്‍ സീനിയര്‍ വിദ്യാര്‍ഥികള്‍ പഠനത്തിനായ് മടങ്ങിയെത്തിക്കഴിഞ്ഞു. ഭൂരിഭാഗം വിദ്യാര്‍ഥികളും ക്യാമ്പസുകളിലെത്തുക ഓട്ടം സീസണ് തുടങ്ങുന്ന സെപ്റ്റംബര്‍ അവസാനത്തോടെ മാത്രമാകും.സീനിയര്‍ വിദ്യാര്‍ഥികളെ ചെറിയ ചെറിയ ഗ്രൂപ്പുകളാക്കി തിരിച്ച് അദ്ധ്യപനത്തിന് തുടക്കമിടുകയാണ് പരിപാടി. ഓണ്‍ലൈന്‍ ക്ലാസ്സുകളിലെ സംശയങ്ങള്‍ തീര്‍ക്കുന്നതിനും ഈ ഹൗസ്ഹോള്‍ഡ് ഗ്രൂപ്പ് സ്റ്റഡി സഹായിക്കുമെന്ന് യൂണിവേഴ്സിറ്റി മാനേജ്മെന്റുകള്‍ കരുതുന്നു.
അതേസമയം, ഇന്ത്യക്കാര്‍ അടക്കമുള്ള വിദേശ വിദ്യാര്‍ഥികള്‍ക്ക് ലോക്ക്ഡൗണും അതോടൊപ്പം നടപ്പിലാക്കിയ നിയന്ത്രണങ്ങളും കനത്ത തിരിച്ചടിയായി മാറും. പലയൂണിവേഴ്സിറ്റികളും പുതിയ സെമസ്റ്ററുകളിലേക്ക് ഫീസുകള്‍ വീണ്ടുമടയ്ക്കാന് വിദേശ വിദ്യാര്‍ഥികളോട് ആവശ്യപ്പെട്ടുകഴിഞ്ഞു. എന്നാല്‍ വിദ്യാര്‍ഥികളുടെ ലോക്ക്ഡൗണ്‍ കാലത്തെ ഫീസുകള്‍ റീഫണ്ട് ചെയ്യുന്നതോ അല്ലെങ്കില്‍ പഠനം ഫീസിളവോടെ അനുവദിക്കുകയോ ചെയ്യുന്നതിനെക്കുറിച്ചുള്ള അറിയിപ്പുകളൊന്നും യൂണിവേഴ്സിറ്റികള്‍ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. വിദേശ വിദ്യാര്‍ഥികളെ സംബന്ധിച്ചിടത്തോളം പലരും നാട്ടിലേക്ക് തിരിച്ചുപോയതിനാല്‍ ഓണ്‍ലൈന്‍ സ്റ്റഡിയും നടന്നിട്ടില്ല. കോവിഡുകാലത്ത് ഭക്ഷണത്തിനും താമസത്തിനും വരെ ബുദ്ധിമുട്ടിയ ഇന്ത്യന്‍ വിദ്യാര്‍ഥികളെ യുകെയിലെ പ്രവാസി മലയാളികളുടേത് അടക്കമുള്ള സംഘടനകളാണ് സഹായങ്ങള്‍ നല്കി സംരക്ഷിച്ചത്. ഫലത്തില്‍ ഇന്ത്യക്കാര്‍ അടക്കമുള്ള യുകെ യൂണിവേഴ്സിറ്റിയിലെ വിദേശവിദ്യാര്‍ഥികള്‍ക്ക് ഒരുവര്‍ഷത്തെ സെമസ്റ്ററുകള്ക്കൊപ്പം ട്യൂഷന് ഫീസും നഷ്ടപ്പെട്ടേക്കും. നാട്ടില്‍നിന്നും വിദ്യാഭ്യാസ ലോണ്‍ എടുത്തുവരെ യുകെയിലെത്തിയ വിദ്യാര്‍ഥികള്‍ക്ക് ഇതുമൂലം ലോണ്‍ തുക പഠനത്തിനായി തികയാതേയും വന്നേക്കാം.