KERALANEWS

‘യുഡിഎഫിൽ അവശേഷിച്ചത് ആകാശത്ത് കൈക്രിയ കാണിച്ചു നാറിയ നേതാവും മന്ത്രിയായതിനു പിന്നാലെ അടുക്കളവഴി ഓടി രക്ഷപ്പെട്ടവനും’; കേരള കോൺ​ഗ്രസിനെതിരെ നിലപാട് കടുപ്പിച്ച് കോൺ​ഗ്രസ് പ്രവർത്തകർ; തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ യുഡിഎഫിൽ പടയൊരുക്കം

തിരുവനന്തപുരം: ജോസ് കെ മാണി നേതൃത്വം നൽകുന്ന കേരള കോൺ​ഗ്രസ് എം മുന്നണി വിട്ടത് യുഡിഎഫിന് തിരിച്ചടിയായെന്ന് കോൺ​ഗ്രസ് പ്രവർത്തകർ. കോൺ​ഗ്രസ് ഐ ​ഗ്രൂപ്പിലാണ് കേരള കോൺ​ഗ്രസ് എം മുന്നണി വിട്ടതിനെതിരെ പ്രതിഷേധം ശക്തമാകുന്നത്. 15 സീറ്റുകളിൽ പാർട്ടി സ്ഥാനാർത്ഥികൾ പരാജയപ്പെടാൻ കേരള കോൺ​ഗ്രസിന്റെ മുന്നണി മാറ്റം കാരണമായെന്ന വികാരമാണ് കോൺ​ഗ്രസ് പ്രവർത്തകർ പങ്കുവെക്കുന്നത്. അതേസമയം, കേരളാ കോൺഗ്രസ് എക്‌സിക്യൂട്ടീവ് ചെയർമാൻ മോൻസ് ജോസഫ് എംഎൽഎയ്ക്ക് എതിരെ രൂക്ഷ വിമർശനമാണ് മുരളീധരൻ ക്യാമ്പ് ഉയർത്തുന്നത്.

കെ മുരളീധരനെ പരിഹസിച്ച് മോൻസ് ജോസഫ് രം​ഗത്തെത്തിയതാണ് കോൺ​ഗ്രസ് പ്രവർത്തകരെ ചൊടിപ്പിച്ചത്. നേമത്ത് മുരളീധരൻ തോറ്റത് ജോസ് കൂടെ ഇല്ലാത്തത് കൊണ്ടാണോ എന്നായിരുന്നു മോൻസിന്റെ പരിഹാസം. ഇതിന് പിന്നാലെയാണ് കേരള കോൺ​ഗ്രസിനെതിരെ മുരളീധരൻ അനുയായികൾ പ്രതിഷേധം ശക്തമാക്കിയത്.

കേരളാ കോൺഗ്രസ് മാണി വിഭാഗം മുന്നണി വിട്ടുപോയപ്പോൾ യുഡിഎഫിൽ അവശേഷിച്ചത് ആകാശത്ത് കൈക്രിയ കാണിച്ചു നാറിയ നേതാവും മന്ത്രിയായ പിന്നാലെ കൊയിലാണ്ടിയിൽ നിന്നും അടുക്കളവഴി ഓടി രക്ഷപ്പെട്ടവനും മാത്രമാണെന്നാണ് മുരളീധരന്റെ അനുയായികൾ ആക്ഷേപിക്കുന്നത്. ശക്തിയില്ലാത്ത കേരളാ കോൺഗ്രസിനെ കൂടെക്കൂട്ടി 50 വർഷം കൂടെ നിന്ന ആൾബലമുള്ള മാണി വിഭാഗത്തെ വിട്ടുകളഞ്ഞതാണ് തെരഞ്ഞെടുപ്പിൽ തിരിച്ചടിയായതെന്നും ഇവർ പറയുന്നു.

പിജെ ജോസഫിന്റെയും മോൻസ് ജോസഫിന്റെയും ചിത്രങ്ങൾ ചേർത്ത് രണ്ടു കാലുവാരികൾക്ക് വേണ്ടി കേരളാ കോൺഗ്രസ് മാണി വിഭാഗം മുന്നണി വിട്ടത് 15 സീറ്റിൽ തിരിച്ചടിയായെന്നും പ്രവർത്തകർ പ്രചരിപ്പിക്കുന്നു. കോൺഗ്രസിന്റെ ചിലവിൽ കടുത്തുരുത്തിയിൽ വിജയിക്കുന്ന മോൻസ് ജോസഫിനെ പടിയടച്ച് പിണ്ഡം വയ്‌ക്കേണ്ടതായിരുന്നുവെന്നും പ്രവർത്തകർ പറയുന്നു.

കഴിഞ്ഞ ദിവസം നേമത്തെ തോൽവിക്ക് പിന്നാലെ നടത്തിയ വാർത്താ സമ്മേളനത്തിൽ കേരളാ കോൺഗ്രസ് മാണി വിഭാഗം മുന്നണി വിട്ടത് തിരിച്ചടിയായിയെന്ന് കെ മുരളീധരൻ പറഞ്ഞിരുന്നു. ഇതിൽ കുപിതനായാണ് മോൻസ് ജോസഫ് കെ മുരളീധരനെതിരെ തിരിഞ്ഞത്. നേമത്ത് മുരളി തോറ്റത് ജോസ് കെ മാണി കൂടെ ഇല്ലാത്തതുകൊണ്ടായിരുന്നോ എന്നായിരുന്നു മോൻസിന്റെ പരിഹാസം. ഇതാണ് കോൺഗ്രസ് പ്രവർത്തകരെ ചൊടിപ്പിച്ചത്. കോട്ടയത്ത് മോൻസിനെ ബഹിഷ്‌കരിക്കണമെന്ന ആഹ്വാനമടക്കം പ്രവർത്തകർ പറയുന്നുണ്ട്. ജില്ലയിൽ 100 പ്രവർത്തകർ തികച്ചില്ലാത്ത പാർട്ടിക്ക് അനർഹമായ സീറ്റുകൾ നൽകിയതാണ് കോട്ടയത്തെ പരാജയത്തിന് കാരണമെന്നും ഇവർ പറയുന്നു.

ജോസ് കെ. മാണിയെ കൈവിട്ട് കോൺഗ്രസ് അർപ്പിച്ച വിശ്വാസം കാക്കാൻ പി.ജെ.ജോസഫിന്റെ കേരള കോൺഗ്രസിനു കഴിയാതെ പോയിരുന്നു. 10 സീറ്റുകളിൽ മത്സരിച്ച പാർട്ടിക്ക് രണ്ടിടത്തു മാത്രമാണ് ജയിക്കാനായത്. പാർട്ടിയിലെ പദവിയെച്ചൊല്ലി കലാപം ഉയർത്തിയ ഫ്രാൻസിസ് ജോർജ് അടക്കം പരാജയപ്പെട്ടു. മോൻസ് വിജയിച്ചതോടെ പാർട്ടിയിൽ ജോസഫ് കഴിഞ്ഞാൽ പ്രധാന നേതാവെന്ന തലത്തിലേക്ക് ഉയരുന്നു എന്നാണ് വിലയിരുത്തപ്പെടുന്നത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close