യു.എ.ഇയില്‍ ആരും പട്ടിണി കിടക്കേണ്ടി വരില്ല ; ഒരു കോടി ഭക്ഷണപ്പൊതി പദ്ധതിക്ക് തുടക്കമായി

ദുബൈ: കോവിഡ് കാലത്ത് ആരും പട്ടിണി കിടക്കുന്നില്ല എന്നുറപ്പു വരുത്താന്‍ യു.എ.ഇ പ്രധാനമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം, ഭാര്യ ശൈഖ ഹിന്ദ് ബിന്ത് മക്തൂം എന്നിവരുടെ നേരിട്ടുള്ള മേല്‍നോട്ടത്തിൽ യു.എ.ഇ സര്‍ക്കാറിന്റെ ഒരു കോടി ഭക്ഷണപ്പൊതി പദ്ധതിക്ക് തുടക്കമായി . പാകം ചെയ്തതോ അല്ലെങ്കില്‍ ഭക്ഷണം തയ്യാറാക്കാനുള്ള അവശ്യ വസ്തുക്കളോ നല്‍കാനാണ് തീരുമാനം.
ഞായറാഴ്ചയാണ് പദ്ധതിക്ക് ഔദ്യോഗികമായി തുടക്കം കുറിച്ചത്. കമ്പനികള്‍, ബിസിനസുകാര്‍, വ്യക്തികള്‍ എന്നിവര്‍ക്കെല്ലാവര്‍ക്കും ഇതില്‍ സാമ്പത്തിക സഹായം നല്‍കാനാകും. www.10millionmeals.ae വെബ്സൈറ്റിലൂടെ ഇതിനായി പണം നല്‍കാം. ദുബൈ ഇസ്ലാമിക് ബാങ്കിലാണ് ഫുഡ്ബാങ്കിന്റെ അക്കൗണ്ട്. നമ്പര്‍ AE430240001580857000001. 8004006 എന്ന ടോള്‍ ഫ്രീ നമ്പറില്‍ വിളിച്ച് ഭക്ഷ്യവസ്തുക്കള്‍ വളണ്ടിയര്‍മാരെ ഏല്പ്പിക്കാനുമാകും.രാജ്യത്ത് ഒരാള്‍ പോലും ഭക്ഷണമില്ലാതെ പട്ടിണി കിടക്കുന്ന സാഹചര്യം ഉണ്ടാവാതിരിക്കാന്‍ ശ്രദ്ധിക്കുമെന്ന് ശൈഖ് മുഹമ്മദ് ഉറപ്പ് നല്കി.