INDIANEWS

യു.എ.പി.എ ചുമത്തി ഉത്തര്‍പ്രദേശ് പോലീസ് അറസ്റ്റ് ചെയ്ത മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന്റെ ജീവൻ രക്ഷിക്കാൻ സംസ്ഥാനം അടിയന്തരമായി ഇടപെടണമെന്ന് മഅ്ദനി

ന്യൂഡല്‍ഹി: യു.എ.പി.എ ചുമത്തി ഉത്തര്‍പ്രദേശ് പോലീസ് അറസ്റ്റ് ചെയ്ത മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന്റെ ജീവന്‍ രക്ഷിക്കാന്‍ അടിയന്തര ഇടപെടല്‍ ആവശ്യമാണെന്ന് അബ്ദുന്നാസര്‍ മഅ്ദനി. ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന സിദ്ദിഖ് കാപ്പന്റെ ആരോഗ്യനില അതീവ ഗുരുതരമാണന്നും ആശുപത്രിയിലെ കിടക്കയില്‍പോലും ചങ്ങലയില്‍ ബന്ധിച്ചാണ് അദ്ദേഹത്തെ കിടത്തിയിരിക്കുന്നതെന്നുമുള്ള വാര്‍ത്തകള്‍ പുറത്തുവരുന്നതിനിടെയാണ് മഅ്ദനിയുടെ പ്രതികരണം. ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന, ഒരു കുറ്റവും തെളിയിക്കപ്പെട്ടിട്ടില്ലാത്ത ഒരു റിമാന്റ് തടവുകാരന് ലഭിക്കേണ്ട പ്രാഥമിക അവകാശത്തിന്റെ ലംഘനമാണ് ഇതെന്നും അദ്ദേഹത്തിന് എത്രയും പെട്ടെന്ന് വിദഗ്ധ ചികിത്സ ലഭ്യമാക്കുന്നതിനും ജീവന്‍ രക്ഷിക്കുന്നതിനും കേരള സര്‍ക്കാരിന്റെ അടിയന്തിര ഇടപെടല്‍ ഉണ്ടാകണമെന്നും മഅ്ദനി ആവശ്യപ്പെട്ടു. രാഹുല്‍ഗാന്ധി ഉള്‍പ്പെടെ കേരളത്തില്‍ നിന്നുള്ള എംപിമാര്‍ അടിയന്തിരമായി രാഷ്ട്രപതിയുടെ ശ്രദ്ധയില്‍ ഈ വിഷയം കൊണ്ടുവരണമെന്നും മഅ്ദനി തന്റെ ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം;

സിദ്ദിഖ് കാപ്പന്റെ ജീവന്‍ രക്ഷിക്കണം- കിരാത നിയമമായ യു.എ.പി.എ ചുമത്തപ്പെട്ട് യു.പി യില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന മലയാളി മാധ്യമ പ്രവര്‍ത്തകനായ സിദ്ദീഖ് കാപ്പന്റെ ആരോഗ്യനില അതീവഗുരുതരമായ അവസ്ഥയിലാണെന്നും ആശുപത്രിയിലെ കിടക്കയില്‍പോലും ചങ്ങലയില്‍ ബന്ധിച്ചാണ് അദ്ദേഹത്തെ കിടത്തിയിരിക്കുന്നതെന്നും വാര്‍ത്തകള്‍ പുറത്ത് വന്നു കൊണ്ടിരിക്കുന്നു. ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന,ഒരു കുറ്റവും തെളിയിക്കപ്പെട്ടിട്ടില്ലാത്ത ഒരു റിമാന്റ് തടവുകാരന് ലഭിക്കേണ്ട പ്രാഥമിക അവകാശത്തിന്റെ ലംഘനമാണ് ഇത്. മലയാളിയും മാധ്യമ പ്രവര്‍ത്തകനുമായ അദ്ദേഹത്തിന് എത്രയും പെട്ടെന്ന് വിദഗ്ധ ചികിത്സലഭ്യമാക്കുന്നതിനും ജീവന്‍ രക്ഷിക്കുന്നതിനും കേരളാ ഗവണ്മെന്റിന്റെ ഭാഗത്തു നിന്ന് അടിയന്തിര ഇടപെടല്‍ ഉണ്ടാകണം ഒപ്പം കേരളത്തില്‍ നിന്നുള്ള ശ്രീ. രാഹുല്‍ഗാന്ധി ഉള്‍പ്പെടെയുള്ള എംപി മാര്‍ അടിയന്തിരമായി രാഷ്ട്രപതിയുടെ ശ്രദ്ധയില്‍ ഈ വിഷയം കൊണ്ടുവന്ന് ഇടപെടല്‍ നടത്തിക്കണം. ഇത് ഒരു മലയാളി പൗരന്റെ ജീവന്റെ പ്രശ്‌നമാണ് മനുഷ്യത്വത്തിന്റെ പ്രശ്‌നമാണ്. ഒപ്പം മുഴുവന്‍ സഹോദരങ്ങളും ആത്മാര്‍ത്ഥമായി അദ്ദേഹത്തിന് വേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്യണമെന്ന് അഭ്യര്‍ത്ഥിക്കുന്നുസിദ്ദിഖ് കാപ്പന്റെ നില അതീവ ഗുരുതരമായതിനാല്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് അഭിഭാഷകന്‍ വില്‍സ് മാത്യൂസ് സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് കത്തയച്ചിരുന്നു. കോവിഡ് ബാധിച്ച് യുപിയിലെ മഥുര മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ് സിദ്ദിഖ് കാപ്പന്‍. കാപ്പനോട് ആശുപത്രി അധികൃതര്‍ മൃഗത്തെ പോലെയാണ് പെരുമാറുന്നതെന്നും കത്തില്‍ പറയുന്നു. മഥുര മെഡിക്കല്‍ കോളജില്‍ നിന്ന് താത്ക്കാലികമായി മഥുര ജയിലിലേക്ക് തന്നെ മാറ്റണമെന്നാണ് കത്തിലെ ആവശ്യം. എയിംസിലേക്ക് മാറ്റണമെന്ന അപേക്ഷ തീര്‍പ്പാക്കുന്നത് വരെ ജയിലിലേക്ക് മാറ്റണം. ആശുപത്രിയില്‍ നാല് ദിവസമായി ടോയ്ലറ്റില്‍ പോകാന്‍ അനുവദിച്ചില്ലെന്നും കാപ്പന്‍ കത്തില്‍ പറഞ്ഞു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close