
ബെംഗളൂരു: കര്‍ണാടക മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പയ്ക്കുും കുടംബാംഗങ്ങള്ക്കുമെതിരായ 662 കോടി രൂപയുടെ അഴിമതി ആരോപണമുയര്‍ന്ന സാഹചര്യത്തില്‍ ബി.എസ്. യെദ്യൂരപ്പ രാജിവെയ്ക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. കര്‍ണാടക ബിജെപി സര്‍ക്കാരിനെതിരേ രൂക്ഷ വിമര്‍ശനം ഉന്നയിച്ച കോണ്‍ഗ്രസ് നേതാവ് അഭിഷേക് മനു സിംഗ്വി സര്‍ക്കാര്‍ അഴിമതിയില്‍ മുങ്ങിയിരിക്കുന്നതായും പറഞ്ഞു.ബാംഗ്ലൂര്‍ വികസന അതോറിറ്റി കരാറുകാരനില്‍ നിന്ന് യെദ്യൂരപ്പയുടെ മകന് ബി.വൈ.വിജയേന്ദ്ര കൈക്കൂലി വാങ്ങിയെന്ന പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യയുടെ ആരോപണത്തെ പരാമര്‍ശിച്ചാണ് സിംഗ്വി ഇക്കാര്യം ഉന്നയിച്ചത്.
ബിജെപിക്കും മുഖ്യമന്ത്രിക്കും ലജ്ജയുണ്ടെങ്കില്‍ യെദ്യൂരപ്പ രാജിവയ്ക്കുകയോ അദ്ദേഹത്തെ പുറത്താക്കുകയോ വേണമെന്ന് സിംഗ്വി പറഞ്ഞു.യെദ്യൂരപ്പയുടെ കാര്യത്തില്‍ കാവല്ക്കാരന് ഉറങ്ങുന്നത് എന്തുകൊണ്ടാണെന്നും അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ചോദിച്ചു.’നിങ്ങള്‍ മറ്റുള്ളവരുടെ വീടുകളുടെ കാവല്ക്കാരായിരുന്നിട്ട് സ്വന്തം വീട്ടില്‍ പക്ഷേ അഴിമതി നടക്കാന്‍ അനുവദിക്കുന്നത് നിര്‍ഭാഗ്യകരമാണ്.’ – അദ്ദേഹം പറഞ്ഞു.