
കൊച്ചി: യെമന്‍ സ്വദേശിയായ യുവാവിനെ കൊലപ്പെടുത്തി മൃതദേഹം കഷണങ്ങളാക്കി ഒളിപ്പിച്ച കേസില്‍ മലയാളി യുവതിയുടെ വധശിക്ഷ ഉന്നത കോടതി 18ന് ശരിവച്ചിരുന്നു. പാലക്കാട് കൊല്ലങ്കോട് സ്വദേശി പ്രേമകുമാരിയുടെ മകള്‍ നിമിഷപ്രിയയാണ് (31) കേസിലെ പ്രതി. ശിക്ഷ ഒഴിവാക്കി നിമിഷയെ നാട്ടിലെത്തിക്കാനാണ് ഭര്‍ത്താവും അമ്മയും സര്‍ക്കാരിന്റെയും മറ്റും സഹായം തേടുന്നത്. സംഭവത്തില്‍ നിമിഷയെ സഹായിച്ച യെമന്‍കാരിയായ നഴ്സ് ഹനാനു ജീവപര്യന്തം തടവുശിക്ഷ കോടതി വിധിച്ചിട്ടുണ്ട്. അതേസമയം, 70 ലക്ഷം രൂപ നല്കിയാല് കേസില്‍ നിന്നു പിന്മാറാന് തയാറാണെന്ന് കൊല്ലപ്പെട്ട യുവാവിന്റെ കുടുംബം അറിയിച്ചതായി നിമിഷപ്രിയയുടെ കുടുംബത്തിനു നിയമസഹായം ചെയ്യുന്ന കൊച്ചിയിലെ അഭിഭാഷകന് കെ.എല്‍. ബാലചന്ദ്രന് അറിയിച്ചു. നോര്‍ക്ക കേരളയുടെ നിര്‍ദേശപ്രകാരം നിമിഷയ്ക്കായി വാദിക്കുന്ന അഭിഭാഷകനാണ് അദ്ദേഹം.
തൊടുപുഴ സ്വദേശി ടോമി തോമസിന്റെ ഭാര്യയാണ് നിമിഷ. 5 വയസ്സുള്ള മകളുണ്ട്. നിമിഷപ്രിയയ്ക്കൊപ്പം സനായില്‍ ക്ലിനിക് നടത്തുകയും ചെയ്യുന്ന തലാല്‍ അബ്ദുമഹ്ദി കൊല്ലപ്പെട്ടത്. നിമിഷപ്രിയ തലാലിന്റെ ഭാര്യയാണെന്നതിനു യെമനില്‍ രേഖകളുണ്ട്. എന്നാല്‍, ഇതു ക്ലിനിക്കിനുള്ള ലൈസന്‍സ് എടുക്കുന്നതിനുണ്ടാക്കിയ താല്‍ക്കാലിക രേഖ മാത്രമാണെന്നാണ് നിമിഷയുടെ വാദം. അപ്പീല്‍ കാലാവധിയായ 15 ദിവസത്തിനകം എന്തെങ്കിലും ചെയ്തില്ലെങ്കില്‍ ശിക്ഷ നടപ്പാക്കുന്നതു വൈകില്ലെന്നതാണു അഭിഷാകന് പറയുന്നത്.