
കൊച്ചി: യെമനില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട മലയാളി യുവതി നിമിഷ പ്രിയയുടെ മോചനത്തിന് ആവശ്യമായി വരിക 70 ലക്ഷം രൂപ. യെമന്‍കാരനായ ഭര്‍ത്താവിനെ കൊലപ്പെടുത്തി വീടിനു മുകളിലെ ജലസംഭരണിയില്‍ ഒളിപ്പിച്ച കേസിലാണു നിമിഷ പിടിയിലായത്. ഭര്‍ത്താവ് തലാല്‍ അബ്ദു മഹ്ദിയുമൊന്നിച്ചു ക്ലിനിക്ക് നടത്തുകയായിരുന്നു നിമിഷപ്രിയ. തലാല്‍ തന്നെ വഞ്ചിച്ച് ലക്ഷക്കണക്കിനു രൂപ തട്ടിയെടുത്തെന്നാണ് ഇവര്‍ ആരോപിക്കുന്നത്. പാസ്പോര്‍ട്ട് പിടിച്ചുവച്ചു നാട്ടില്‍ വിടാതെ പീഡിപ്പിക്കുക, ലൈംഗിക വൈകൃതങ്ങള്‍ക്കായി ഭീഷണിപ്പെടുത്തുക എന്നിങ്ങനെ കൊടിയ പീഡനങ്ങള്‍ക്ക് ഇരയായതായും നിമിഷ പ്രിയ പറഞ്ഞിരുന്നു. തോക്കു ചൂണ്ടി പല തവണ ഭീഷണിപ്പെടുത്തിയതായും പറയുന്നു. നഴ്സായി ജോലി ചെയ്യുന്നതിനിടെ സ്വന്തമായി ക്ലിനിക്ക് തുടങ്ങാന്‍ 2014ല്‍ ആണു തലാലിന്റെ സഹായം നിമിഷപ്രിയ തേടുന്നത്. താന്‍ ഭാര്യയാണെന്നു തലാല്‍ പലരെയും വിശ്വസിപ്പിച്ചെന്നും വ്യാജ വിവാഹ സര്‍ട്ടിഫിക്കറ്റുണ്ടാക്കിയെന്നും നിമിഷപ്രിയ ആരോപിക്കുന്നു.
പിന്നീടു ഭീഷണിപ്പെടുത്തി മതാചാരപ്രകാരവും വിവാഹം നടത്തി. ക്ലിനിക്ക് തുടങ്ങാന്‍ സഹായിച്ചെങ്കിലും വരുമാനം മുഴുവന്‍ തലാല്‍ സ്വന്തമാക്കി. സ്വര്‍ണാഭരണങ്ങളും തട്ടിയെടുത്തു വിറ്റു. നിമിഷപ്രിയയുടെ മോചനത്തിനായി പണം നല്കാന് മാരിബ് ആസ്ഥാനമായ എന്‍ജിഒ ശ്രമിക്കുന്നുണ്ട്. എന്‍ജിഒ വഴി നിമിഷപ്രിയ എഴുതിയ കത്ത് കേന്ദ്രമന്ത്രി വി.കെ. സിങ്ങിനു കൈമാറിയിരുന്നു. സര്‍ക്കാര്‍ സഹായം കൂടിയുണ്ടെങ്കില്‍ മോചനം സാധ്യമാകുമെന്ന പ്രതീക്ഷയിലാണു നിമിഷപ്രിയയുടെ സുഹൃത്തുക്കള്‍. കൊല്ലങ്കോട് തേക്കിന്‍ചിറയിലെ വീട് അടച്ചുകിടക്കുകയാണ്. എറണാകുളത്തുള്ള അമ്മ തേക്കിന്‍ചിറയിലെ വീട്ടില്‍ ഇടയ്ക്കു വന്നുപോകാറുണ്ടെന്ന് ആ നാട്ടുകാര്‍ പറഞ്ഞു.