KERALANEWS

യോഗി ആദിത്യനാഥും പിണറായിയും തമ്മില്‍ എന്തു വ്യത്യാസം: രമേശ് ചെന്നിത്തല

വാളയാര്‍ കുട്ടികളുടെ മാതാപിതാക്കളുടെ സമരത്തിന് പൂര്‍ണ്ണ പിന്തുണയെന്നും  പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: വാളയാര്‍ പെണ്‍കുട്ടികളുടെ കുടംബത്തിന് നീതി വാഗ്ദാനം ചെയ്ത മുഖ്യമന്ത്രി പിണറായി വിജയന്‍ അവരെ വഞ്ചിക്കുകയായിരുന്നുവെന്ന്  പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.  ഈ കേസില്‍ ഗുരുതരമായ വീഴ്ച വരുത്തിയ ഉദ്യോസ്ഥര്‍ക്ക്  സ്ഥാനക്കയറ്റം നല്‍കി ആദരിക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്. ഇക്കാര്യത്തില്‍      ഉത്തര്‍  പ്രദേശും കേരളവും തമ്മില്‍, യോഗി ആദിത്യനാഥും പിണറായി വിജയനും തമ്മില്‍  എന്ത് വ്യത്യാസമാണെന്ന് രമേശ് ചെന്നിത്തല ചോദിച്ചു.  

വാളയാര്‍ പെണ്‍കുട്ടികള്‍ക്ക് നീതി   തേടി  സെക്രട്ടറിയേറ്റിന് മുന്നില്‍   സമരം നടത്തുന്ന അവരുടെ മാതാപിതാക്കളെ സന്ദര്‍ശിച്ച  ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.  
 പെണ്‍കുട്ടികളുടെ മതാപിതാക്കള്‍ മുഖ്യമന്ത്രിയെ കണ്ടപ്പോള്‍ നല്‍കിയ ഉറപ്പുകളൊന്നും പാലിച്ചില്ല. ഈ ഹീനമായ കൊലപാതകത്തില്‍ അന്വേഷണം അട്ടിമറിച്ചു എന്നാണ്  ജുഡീഷ്യല്‍ കമ്മീഷന്‍  കണ്ടെത്തിയത്.  ദേശീയ ബാലാവകാശ കമ്മീഷന്‍ തെളിവെടുപ്പ് നടത്തിയപ്പോള്‍ അത് ഒഴിവാക്കുന്നതിനായി മാതാപിതാക്കളെ തിരുവനന്തപുരത്തേക്ക് വിളിച്ചുവരുത്തുകയായിരുന്നു മുഖ്യമന്ത്രി. പുനരന്വേഷണത്തെ എതിര്‍ക്കില്ല, വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ഉണ്ടാകും തുടങ്ങിയ ഉറപ്പുകള്‍ അന്ന് ഈ കുടുംബത്തിന് നല്കിയെങ്കിലും അതെല്ലാം പാവ് വാക്കായി.
വിചിത്രമായ നടപടികളാണ് ഈ സര്‍ക്കാര്‍ ചെയ്യുന്നത്. വീഴ്ച വരുത്തിയതിനു ആദ്യം സസ്‌പെന്‍ഷനിലായ  എസ് ഐക്ക്  പ്രൊമോഷന്‍ നല്‍കി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ആക്കി. കേസിനു മേല്‍നോട്ടം വഹിക്കുകയും അശ്ലീല പരാമര്‍ശത്തിലൂടെ വീണ്ടും കുട്ടികളെ അപമാനിക്കുകയും ചെയ്ത്  ഡി വൈ  എസ് പിക്ക്  പ്രമോഷന്‍ നല്‍കി എസ് പിയാക്കി.  ഇദ്ദേഹത്തിന്  ഇപ്പോള്‍ ഐ പി എസ്  നല്‍കണം എന്ന ശുപാര്‍ശ നല്‍കി കേന്ദ്രത്തിന് അയച്ചിരിക്കുകയാണ്.
 
ഫോറന്‍സിക് റിപ്പോര്‍ട്ടുകള്‍ എങ്ങനെ അട്ടിമറിക്കാമെന്നതിനെക്കുറിച്ചാണ്  ഇപ്പോള്‍ സര്‍ക്കാര്‍ ചിന്തിക്കുന്നത്. സെക്രട്ടറിയേറ്റില്‍ തീപിടുത്തം ഉണ്ടയതിന്റെ   ഫോറന്‍സിക് റി്പ്പോര്‍ട്ട് വന്നു.   ഫോറന്‍സിക് റിപ്പോര്‍ട്ടുകള്‍ സര്‍ക്കാരിനെതിരായത്  കൊണ്ട് ഇനി അവയെ എങ്ങിനെ സര്‍ക്കാരിന് അനുകൂലമാക്കാം എന്നാണ് ചിന്തിക്കുന്നത്. ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ  ഫോറന്‍സികിന്റെ തലപ്പത്ത് വച്ച് കൊണ്ട് എങ്ങിനെ ആ റിപ്പോര്‍ട്ടുകള്‍ തങ്ങള്‍ക്കനുകൂലമാക്കാമെന്നാണ് സര്‍ക്കാര്‍  ചിന്തിക്കുന്നത്.
വാളയാര്‍ സംഭവം കേരളത്തിന് തന്നെ അപമാനകരമാണ്.   ഇപ്പോള്‍ കേരളത്തിലാണ് പെണ്‍കുട്ടികള്‍ക്കെതിരെ ഏറ്റവും കൂടുതല്‍ അതിക്രമങ്ങള്‍ നടന്നു കൊണ്ടിരിക്കുന്നത്.  അരിവാള്‍ പാര്‍ട്ടിക്കാരാണ്   പ്രതികളെ  രക്ഷിക്കുന്നതെന്ന് കുട്ടികളുടെ അമ്മ തന്നെ ആരോപിച്ചിരുന്നു.  പോസ്‌കോ  കേസിലെ  പ്രതികളാണ് ഇന്ന് കുട്ടികള്‍ക്ക്   ക്ളാസ് എടുക്കുന്നത്.  ഉത്തര്‍ പ്രദേശിലെ സംഭവം ലോക മനസാക്ഷിയെ ഞെട്ടിച്ചെങ്കില്‍ വാളയര്‍ സംഭവം അതോടൊപ്പ ചേര്‍ത്ത് വായിക്കേണ്ടതാണ്.
വാളായാര്‍ പെണ്‍കുട്ടികളുടെ വീട്ടില്‍ താന്‍ പോയതാണ്. ഒരു കാരണവാശാലും ആത്മഹത്യക്കുള്ള ഒരു കാരണവും അവിടെ കണ്ടില്ല.  കുട്ടികളുടെ മാതാപിതാക്കളെ തിരുവനന്തപുരത്ത് ക്ഷണിച്ച് വരുത്തി  മുഖ്യമന്ത്രി കൊടുത്ത് വാക്ക്  എന്ത് കൊണ്ട് പാലിച്ചില്ല.  കേരളത്തിന്റെ മുഖ്യമന്ത്രി ആ കുടുംബത്തെ വഞ്ചിക്കുകയാണ് ചെയ്തത്.  ആ കുടുംബത്തിന്റെ കണ്ണൂനീര്‍ കേരളത്തിന്റെ  കണ്ണ് നീര്‍ തന്നെയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.  ആ  പെണ്‍കുട്ടികള്‍ക്ക് നീതി നേടി  കൊടുക്കാനുള്ള പോരാട്ടത്തിന് കേരളത്തിലെ പ്രതിപക്ഷം കൂടെയുണ്ടാകുമെന്ന്  താന്‍  അവരുടെ മാതാപിതാക്കള്‍ക്ക് ഉറപ്പ് നല്‍കുന്നതായും രമേശ് ചെന്നിത്തല പറഞ്ഞു.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close