KERALATop News

രക്തയോട്ടത്തിന് നല്‍കുന്ന ഗുളികയും ഇപ്പോള്‍ മയക്കുമരുന്ന്

കണ്ണൂര്‍: സംസ്ഥാനത്ത് അതിമാരകമായ മയക്കുമരുന്ന് ഗുളികകള്‍ ഓണ്‍ലൈനായി മാഫിയാ സംഘം വാങ്ങി കൂട്ടുന്നതായി റിപ്പോര്‍ട്ട്. കൊറിയര്‍ സര്‍വീസുകള്‍ വഴി അയക്കുന്ന ഇത്തരം മരുന്ന് പെട്ടികള്‍ മൊത്ത കച്ചവടക്കാര്‍ ശേഖരിച്ചു ചില്ലറയായി ആവശ്യക്കാര്‍ക്കു എത്തിച്ചു കൊടുക്കുകയാണ് ചെയ്യുന്നത്. ഇതിനായി ചില വാട്‌സ് ആപ്പ്, ഫെയ്‌സ് ബുക്ക് കൂട്ടായ്മകളിലൂടെയാണ് ആവശ്യക്കാരെ തേടുന്നത്. വ്യാജ പ്രൊഫൈല്‍ ഉപയോഗിച്ചു രഹസ്യ കോഡുഭാഷ ഉപയോഗിച്ചാണ് ഇവര്‍ ആവശ്യക്കാരെ വലയിലാക്കുന്നത്.കഴിഞ്ഞ ദിവസം സൈബര്‍ പോലീസ് നല്‍കിയ രഹസ്യവിവരമനുസരിച്ച് എക്‌സൈസ് ഉദ്യോഗസ്ഥന്‍മാര്‍ ചില ബോക്‌സുകള്‍ പിടികൂടിയതോടെയാണ് മയക്കുമരുന്ന് മാഫിയയുടെ പുതുതന്ത്രം വെളിച്ചത്ത് വരുന്നത്. തങ്ങളിലൂടെ അയക്കുന്നത് മയക്കുഗുളികകളാണെന്ന് കൊറിയര്‍ കമ്പിനികള്‍ക്ക് അറിയാത്തതിനാലാണ് ഈ കബളിപ്പിക്കല്‍ അവരിലൂടെ നിര്‍ബാധം നടത്തുന്നത്.മെഡിക്കല്‍ ഷോപ്പുകളില്‍ നിന്നും ലഭിക്കാത്തതും മാരക ലഹരി ഗുളികയായി ഉപയോഗിക്കുന്നതുമായി ‘മാക്സ് ഗാലിന്‍ 150 എം.ജി’ എന്ന ഗുളികകളാണ് ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്ത് മയക്കുമരുന്ന് സംഘങ്ങള്‍ വ്യാപകമായി വാങ്ങിക്കൂട്ടുന്നത്. കണ്ണൂരിലെ ഒരു കൊറിയര്‍ സര്‍വ്വീസ് സെന്ററുകളില്‍ മാത്രം കഴിഞ്ഞ ദിവസം നാല് പാക്കറ്റുകളിലായി എത്തിയത് ആയിരക്കണക്കിന് ഗുളികകളാണ്. കൊറോണ വ്യാപനത്തെ തുടര്‍ന്ന് കൊറിയര്‍ സര്‍വ്വീസുകള്‍ സജീവമല്ലാതിരുന്നതിനാല്‍ ഇവയുടെ വരവ് നിലച്ചിരുന്നു. എന്നാല്‍ സര്‍വ്വീസുകള്‍ വീണ്ടും സജീവമായതോടെയാണ് കൊറിയര്‍ വഴി ഗുളികകള്‍ എത്തിക്കാന്‍ തുടങ്ങിയത്.

അറുപത് വയസിനു മുകളിലുള്ള രോഗികള്‍ക്ക് രക്തയോട്ടത്തിന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കാറുള്ളതാണ് മാക്സ് ഗാലിന്‍ 150 എം.ജി ലഹരിക്കായി ഇവ ഉപയോഗിക്കുന്നതു കണ്ട് നേരത്തെ മരുന്ന് ഷോപ്പുകളില്‍ ഇവയുടെ വില്‍പന നിയന്ത്രിച്ചിരുന്നു. ഡോക്ടര്‍മാരുടെ കുറിപ്പടി പ്രകാരം മാത്രമേ ഇവ നല്‍കാറുള്ളൂ. ചില മെഡിക്കല്‍ ഷോപ്പുകള്‍ പൂര്‍ണ്ണമായും ഇവയുടെ വില്‍പന നിര്‍ത്തിവെക്കുകയും ചെയ്തിരുന്നു. ഇതോടെയാണ് ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്ത് ഗുളിക എത്തിക്കാന്‍ തുടങ്ങിയത്. യാതൊരു സംശയത്തിനും ഇടവരാതെയാണ് കൊറിയര്‍ വഴിയുള്ള ലഹരി ഗുളികകളുടെ വ്യാപനം ജില്ലയില്‍ നടക്കുന്നത്. ഇത്തരത്തില്‍ ഗുളികകള്‍ എത്തിയാല്‍ ഡെലിവറി നടത്തുന്നവരെ ബന്ധപ്പെട്ട് രഹസ്യ സ്ഥലങ്ങളില്‍ എത്തിച്ചാണ് കൈപ്പറ്റുക. മെഡിക്കല്‍ സ്റ്റോറുകളുടെ വ്യാജ പേരിലും മറ്റുമാണ് മരുന്ന് വാങ്ങിക്കൂട്ടുന്നത്. നേരത്തെ ഇതു ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ കഴിഞ്ഞ ജനുവരി മാസം ആരോഗ്യമന്ത്രി തന്നെ നേരിട്ട് ഇടപെട്ടിരുന്നു. എന്നാല്‍ കൊറിയര്‍ വഴിയുള്ള ലഹരി ഗുളികകള്‍ എത്തുന്നതിനെതിരേ പോലീസും എക്സൈസും വേണ്ട നടപടി സ്വീകരിക്കുന്നില്ലെന്ന ആക്ഷേപം ശക്തമാണ്. ഇതോടെയാണ് വീണ്ടും ലഹരി മാഫിയ കൊറിയര്‍ വഴി ഗുളികകള്‍ എത്തിക്കാന്‍ തുടങ്ങിയിരിക്കുന്നത്. നേരത്തെ ചില കൊറിയര്‍ സര്‍വ്വീസ് സെന്ററുകള്‍ എക്സൈസിനോടും പോലീസിനോടും വിവരം അറിയിച്ചെങ്കിലും നടപടിയുണ്ടായില്ലെന്നും പരാതിയുണ്ട്.ദിവസേന നൂറു കണക്കിന് ഡെലിവറിക്കായി വരുന്ന ബോക്‌സുകള്‍ അഴിച്ചു പരിശോധിക്കുവാന്‍ സാധ്യമാവാത്തതിനാല്‍ തങ്ങള്‍ അറിയാതെ തന്നെ മയക്കുഗുളിക വില്‍പനയ്ക്കു കൂട്ടുനില്‍കേണ്ട ഗതികേടിലാണ് ചില കൊറിയര്‍ കമ്പിനി നടത്തിപ്പുകാര്‍.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close