KERALANEWS

രക്തസാക്ഷിയും കൊലയാളിയും ഒരു കൊടിക്കീഴിലാകുമ്പോള്‍

തൃശൂര്‍: രണനിറമാണ് സഖാക്കള്‍ ഉയര്‍ത്തിപ്പിടിക്കുന്ന ചെങ്കൊടിക്ക്. അത് രാഷ്ട്രീയപോര്‍ക്കളത്തില്‍ ധീര രക്തസാക്ഷിത്വം വഹിച്ച ധീരസഖാക്കളുടെ ചോരപ്പുഴയില്‍ മുങ്ങി നിവര്‍ന്നതിനാലാവണം. രക്തസാക്ഷികള്‍ മരിക്കുന്നില്ല എന്ന വാക്കുകള്‍ ആവര്‍ത്തിക്കുന്നവരാണ് നമ്മുടെ സഖാക്കള്‍. വിരലിലെണ്ണാവുന്നവരല്ല കേരള മണ്ണില്‍ രക്തം പൊഴിച്ചു മരിച്ചവര്‍. എസ്എഫ്‌ഐയുടെ ആദ്യ രക്തസാക്ഷിയായിരുന്നു പട്ടാമ്പി സംസ്‌കൃത കോളേജിലെ സെയ്താലി. 1974 സെപ്റ്റംബര്‍ 20 നാണ് സെയ്താലി കൊല്ലപ്പെടുന്നത്. ‘എന്റെ മകന്‍ വിശ്വസിച്ച പ്രസ്ഥാനം തളരാതെ മുന്നോട്ടുപോവുക തന്നെ ചെയ്യും’ എന്ന സെയ്താലിയുടെ പിതാവ് മൊയ്തീനുണ്ണി മാസ്റ്ററുടെ വാക്കുകളാണ് എല്ലാ കൊല്ലവും സെയ്താലി അനുസ്മരണത്തില്‍ നേതാക്കള്‍ ഉറക്കെ പറയുന്നത്. എന്നാല്‍ ഇത് ആദ്യമായല്ല രക്തസാക്ഷികളെ തള്ളിപ്പറഞ്ഞ് അവരുടെ കൊലയാളികളെന്ന് മുദ്രകുത്തിയവരെ സിപിഎം മാലയിട്ട് സ്വീകരിക്കുന്നത്. എസ്എഫ്‌ഐയുടെ ആദ്യ രക്തസാക്ഷി പട്ടാമ്പി കോളജിലെ സെയ്താലിയെ കൊന്ന കേസിലെ 12-ാം പ്രതി ശങ്കരനാരായണനാണ് പിന്നീട് ബാബു പാലിശേരിയായി സിപിഎം എംഎല്‍എ ആയത്. എന്നും വിവാദങ്ങള്‍ക്ക് പിന്നാലെയായിരുന്നു കുന്നകുളം മുന്‍ എംഎല്‍എയായ ബാബു എം പാലിശേരി. സംഘപരിവാര്‍ വിദ്യാര്‍ഥി സംഘടനയില്‍നിന്നു സിപിഎമ്മിന്റെ സമുനതനായ നേതാവായും പിന്നീട് എംഎല്‍എയായും മാറിയ ബാബു എം പാലിശേരിക്കൊപ്പം വിവാദങ്ങള്‍ എന്നുമുണ്ട്. എസ്എഫ്‌ഐ. നേതാവിനെ കൊന്ന കേസില്‍ പ്രതിപട്ടികയിലുണ്ടായ എബിവിപി നേതാവ് സിപിഎം നേതാവായി മാറിയതെങ്ങനെയെന്ന് ഇന്നും തൃശൂരിലെ പഴയ എസ്എഫ്‌ഐക്കാര്‍ക്കറിയില്ല. ഇപ്പോള്‍ തൃശൂര്‍ ജില്ലാ സെക്രട്ടേറിയറ്റ് അംഗമാണ് ബാബു എം പാലിശ്ശേരി.

മറ്റൊരു രക്സാക്ഷിയായ അഴിക്കോടനോടും ഇതേസമീപനമാണ് സിപിഎം സ്വീകരിച്ചത്. അഴീക്കോടനെ കൊന്ന കേസിലെ പ്രതിയെന്ന് ഇപ്പോഴും സിപിഎം ആരോപിക്കുന്ന ആര്യന്‍ ഗ്രൂപ്പിന്റെ നേതാവ് എ വി ആര്യന്റെ മകള്‍ വിമലയെ കോര്‍പറേഷനില്‍ സിപിഎം 2011ല്‍ സ്ഥാനാര്‍ഥിയാക്കിയിരുന്നു. തേക്കിന്‍കാട് മൈതാനത്ത് പാര്‍ട്ടി നേതാക്കള്‍ പിണറായി വിജയന്റെ സാന്നിധ്യത്തില്‍ പരിചയപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാല്‍ പാര്‍ട്ടിക്കാര്‍ വോട്ട് ചെയ്യാതെ തോല്‍പ്പിച്ചു. എസ്എഫ്‌ഐ നേതാവ് കൊച്ചനിയന്റെ വധവുമായി ബന്ധപ്പെട്ട് എം കെ മുകുന്ദനെതിരേ നേരത്തെ സിപിഎം വന്‍ വിമര്‍ശനമാണ് അഴിച്ചുവിട്ടിരുന്നത്. അതു തിരിഞ്ഞുകുത്തുമെന്നാണ് കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടുന്നത്. അതുമായി ബന്ധപ്പെട്ട് സ്വാഭാവിക പ്രതികരണം ഉയര്‍ന്നുവരുമെന്നാണ് കണക്കുകുട്ടല്‍. മുകന്ദനെ കേസില്‍ വിട്ടയച്ചു. മുകുന്ദനു പിന്തുണ പ്രഖ്യാപിച്ച് കോണ്‍ഗ്രസില്‍ നിന്നു കൊഴിഞ്ഞുപോക്കുണ്ടായില്ലെന്നതും ചൂണ്ടിക്കാട്ടുന്നു. സിപിഎം ജില്ലാനേതൃത്വം മുകുന്ദനെ സ്വാഗതം ചെയ്യാനെത്തിയത് രാഷ്ട്രീയ നേട്ടത്തേക്കാള്‍ തിരിച്ചടയുണ്ടാക്കുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. എന്നാല്‍ കാലുമാറ്റത്തെ അനുകൂലമായി മാറ്റാനുള്ള നിര്‍ദേശം താഴേത്തട്ടിലേക്കു സിപിഎം നല്‍കി.

പ്രാദേശിക സിപിഎം അണികളുടെ അമര്‍ഷം അണപൊട്ടിയൊഴുകിയാല്‍ തിരിച്ചടിയുണ്ടാകുമെന്നു മുന്‍കൂട്ടിക്കണ്ടാണ് സിപിഎം തന്ത്രം. സിപിഎം അണികള്‍ പ്രതികരിക്കുമോ എന്നാണ് കോണ്‍ഗ്രസ് ഉറ്റുനോക്കുന്നത്. ജില്ലയില്‍ മുന്‍പ് സിപിഎം എംഎല്‍എ ആയി മത്സരിപ്പിച്ചയാള്‍ക്ക് എസ്എഫ്‌ഐ. നേതാവ് സെയ്താലിയുടെ കൊലപാതകവുമായി ബന്ധമുണ്ടെന്ന ആക്ഷേപം പാര്‍ട്ടിക്കു പുറത്തും വലിയ ചര്‍ച്ചയായി. അണികള്‍ മുമ്പത്തേക്കാള്‍ ശക്തമായി ഇത്തരം വിഷയങ്ങളില്‍ പ്രതികരിച്ചു തുടങ്ങിയിട്ടുണ്ടെന്നതു സിപിഎമ്മിനെ അലോസരപ്പെടുത്തുന്നു. കൊച്ചനിയന്‍ വധം കഴിഞ്ഞുപോയ സംഭവമാണെന്നു പറഞ്ഞ് ഒഴിഞ്ഞുമാറാനാണ് സിപിഎം. നേതാക്കളുടെ ശ്രമം.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close