KERALANEWSTop News

രണ്ടാം പിണറായി സർക്കാരിൽ മന്ത്രിമാരായി ഉണ്ടാകുക ആരൊക്കെ? രാഷ്ട്രീയ കേരളം ചർച്ച ചെയ്യുന്ന സിപിഎം നേതാക്കൾ ഇവരാണ്..

കേരളമാകെ ആഞ്ഞുവീശിയ ചുവപ്പുതരംഗത്തിനൊടുവില്‍ കേരളം വീണ്ടും രാജ്യത്തിന് വഴികാട്ടുന്നു.മറ്റ് സംസ്ഥാനങ്ങളും മുന്നണികളും കണ്ണിമ വെട്ടാതെ നോക്കിയിരുന്ന ചരിത്രമുഹൂര്‍ത്തത്തില്‍ യുഡിഎഫ് കോട്ടകളെ കടപുഴക്കി എല്‍ഡിഎഫ് സര്‍ക്കാര്‍ ചരിത്രത്തിലാദ്യമായി 140ല്‍ 99 സീറ്റോടെ രണ്ടാം ദൗത്യത്തിലേക്ക് കടക്കാന്‍ ഒരുങ്ങുന്നു. കഴിഞ്ഞ തവണ നേമത്ത് തുറന്ന ബിജെപിയുടെ അക്കൗണ്ട് പൂട്ടിക്കെട്ടിയാണ് കേരളം മഹത്തായ മതനിരപേക്ഷ മാതൃക ഉയര്‍ത്തിയത്.തെരഞ്ഞെടുപ്പിന് മുമ്പ് ഇടതുപക്ഷത്തിന്റെ പകരക്കാരനില്ലാത്ത നേതാവ് പിണറായി വിജയന്‍ ഈ വിധി പ്രഖ്യാപിച്ചിരുന്നു.ആ അടിയുറച്ച വിശ്വാസത്തിനൊടുവില്‍ 11 ജില്ലയില്‍ എല്‍ഡിഎഫ് വ്യക്തമായ ആധിപത്യം നേടി. മലപ്പുറത്ത് കഴിഞ്ഞ തവണത്തെ സീറ്റുകള്‍ ഇത്തവണയും എല്‍ഡിഎഫ് നിലനിര്‍ത്തി. യുഡിഎഫ് 41 സീറ്റിലൊതുങ്ങി.

തെരഞ്ഞെടുപ്പിലെ ഉജ്ജ്വല വിജയത്തിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയന്‍ തലസ്ഥാനത്ത് തിരിച്ചെത്തി ഗവര്‍ണറെ കണ്ട് രാജി സമര്‍പ്പിച്ചതോടെ അധികം വൈകാതെ ഇടതു സര്‍ക്കാരിന്റെ ഭരണത്തുടര്‍ച്ചയ്ക്ക് മുമ്പുള്ള സത്യപ്രതിജ്ഞ ഉടനെയുണ്ടാകും എന്നാണ് വ്യക്തമാകുന്നത്.അധികം വൈകാതെ ബുധനാഴ്ചയോ വ്യാഴ്ചയോ സത്യപ്രതിജ്ഞ നടക്കാനാണ് സാധ്യത. തെരഞ്ഞെടുപ്പ് ഫലം പ്രസിദ്ധീകരിച്ചു കൊണ്ട് തെരഞ്ഞെടുപ്പ് കമ്മിഷന്‍ വിജ്ഞാപനം പുറപ്പെവിടുവിച്ച ശേഷമാകും പുതിയ സര്‍ക്കാര്‍ രൂപീകരണം സംബന്ധിച്ച ഔദ്യോഗിക നടപടികള്‍ ആരംഭിക്കുക.ഗവര്‍ണറുടെ നിര്‍ദേശ പ്രകാരം മുഖ്യമന്ത്രിയും മന്ത്രിസഭയും കാവല്‍ മന്ത്രിസഭയായി തുടരും. സിപിഎം പാര്‍ട്ടി കമ്മിറ്റികള്‍ ചേരുന്നതിനൊപ്പം സിപിഎം പാര്‍ലമെന്ററി പാര്‍ട്ടി യോഗവും ചേരേണ്ടതുണ്ട്.അതിന് ശേഷമാകും ഇടത് മുന്നണിയും തുടര്‍ന്ന് എല്‍ഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടിയും യോഗം ചേരുക.

ചരിത്ര ജയം നേടി ഇടതു മുന്നണി അധികാരം നിലനിര്‍ത്തിയതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍ ആരൊക്കെയായിരിക്കും മന്ത്രിമാര്‍ എന്ന ചര്‍ച്ചകള്‍ക്കു ചൂടുപിടിച്ചിരിക്കുകയാണ്.ഒന്നാം പിണറായി സര്‍ക്കാരില്‍ രണ്ടു വനിതാ മന്ത്രിമാരാണ് ഉണ്ടായിരുന്നത്. കെകെ ശൈലജയും ജെ മേഴ്സിക്കുട്ടിയമ്മയും. ഇടതു തരംഗം വീശിയടിച്ച തെരഞ്ഞെടുപ്പില്‍ മെഴ്സിക്കുട്ടിയമ്മ അപ്രതീക്ഷിത പരാജയം നേരിട്ടപ്പോള്‍ രണ്ടാം വനിതാ മന്ത്രിയാര് എന്നതില്‍ ഇതിനകം തന്നെ ചര്‍ച്ചകള്‍ തുടങ്ങിയിട്ടുണ്ട്. ആറന്മുളയില്‍നിന്നു രണ്ടാമതും ജയിച്ചുകയറിയ വീണാജോര്‍ജിനാണ് സാധ്യത കൂടുതല്‍. ഇരിങ്ങാലക്കുടയില്‍ ജയിച്ച ആര്‍ ബിന്ദുവും പരിഗണനാപട്ടികയില്‍ ഇടംപിടിക്കും.ചേലക്കരയില്‍നിന്നു സഭയില്‍ എത്തിയ കേന്ദ്ര കമ്മിറ്റി അംഗം കെ രാധാകൃഷ്ണനും കുന്നംകുളത്തുന്നു ജയിച്ചെത്തിയ സംസ്ഥാന സമിതി അംഗം എസി മൊയ്തീനും മന്ത്രിമാരാവുന്ന പക്ഷം ബിന്ദു പരിഗണിക്കപ്പെട്ടേക്കില്ല. തൃശൂര്‍ ജില്ലയില്‍നിന്നു മൂന്നു മന്ത്രിമാര്‍ എന്ന് മേഖലാ പ്രാതിനിധ്യത്തിനു തടസ്സമാവും. അതുകൊണ്ടുതന്നെ രണ്ടാം വനിതാ മന്ത്രി വീണാ ജോര്‍ജ് തന്നെയായിരിക്കുമെന്നാണ് ഇടതു കേന്ദ്രങ്ങള്‍ പറയുന്നത്.

സിപിഎം കേന്ദ്ര കമ്മിറ്റി അംഗങ്ങളായ കെകെ ശൈലജ, എംവി ഗോവിന്ദന്‍, കെ രാധാകൃഷ്ണന്‍ എന്നിവര്‍ മന്ത്രിസഭയിലുണ്ടാവും. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ പി രാജീവും കെഎന്‍ ബാലഗോപാലും മന്ത്രിമാരാവുമെന്നും ഉറപ്പ്.തെരഞ്ഞെടുപ്പിലെ വിജയികളെ വിജ്ഞാപനം ചെയ്ത് പുതിയ നിയമസഭ രൂപവത്കരിക്കുന്നത് ഇലക്ഷന്‍ കമ്മിഷനാണ്. ഇത് നാളെയുണ്ടാവും. അതിനു ശേഷം പുതിയ പാര്‍ലമെന്ററി പാര്‍ട്ടി ചേര്‍ന്ന് നേതാവിനെ തെരഞ്ഞെടുക്കും. ഇതു ഗവര്‍ണറെ അറിയിച്ചതിനു ശേഷമാണ് അദ്ദേഹം സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിക്കുക.ആദ്യം മുഖ്യമന്ത്രിയും ഏതാനും സീനിയര്‍ മന്ത്രിമാരും മാത്രം സത്യപ്രതിജ്ഞ ചെയ്യുമെന്നും പിന്നീട് മന്ത്രിസഭ വികസിപ്പിക്കുമെന്നും നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ ഇടതു മുന്നണി വൃത്തങ്ങള്‍ ഇതു നിഷേധിച്ചു. ഒരാഴ്ച ലഭിക്കുന്നതോടെ മുഴുവന്‍ മന്ത്രിമാരും ആദ്യ ഘട്ടത്തില്‍ തന്നെ സത്യപ്രതിജ്ഞ ചെയ്യാനാണ് സാധ്യതയെന്ന് അവര്‍ പറയുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close