Breaking NewsKERALANEWSTop News

രണ്ടാം പിണറായി സർക്കാർ അധികാരമേറുക ഈ മാസം 20ന്; ​അധികാരം കൈപ്പിടിയിലൊതുക്കാൻ സിപിഎം; ഒട്ടും മുട്ടുമടക്കേണ്ടെന്ന് സിപിഐ; വല്ല്യേട്ടനും കൊച്ചേട്ടനും അധികാരം പങ്കുവെക്കുമ്പോൾ തങ്ങളുടെ ഭാവി എന്താകുമെന്ന ആശങ്കയിൽ ചെറുപാർട്ടികളും

തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ഈ മാസം 20 ന് നടത്താൻ തീരുമാനിച്ചതിന് പിന്നാലെ രാഷ്ട്രീയ കേന്ദ്രങ്ങളിൽ കൂടിയാലോചനകളും ചർച്ചകളും സജീവമായി. കഴിഞ്ഞ ദിവസം എകെജി സെന്ററിൽ ചേർന്ന സിപിഎം-സിപിഐ ഉഭയകക്ഷി ചർച്ചയിലാണ് രണ്ടാം ഇടത് സർക്കാർ എന്ന് അധികാരമേറണം എന്ന കാര്യത്തിൽ അന്തിമ തീരുമാനം എടുത്തത്. ഇതിന് പിന്നാലെ, ഇടത് മുന്നണിയിലെ ചെറുകക്ഷികൾ ഉൾപ്പെടെയുള്ളവർ തിരക്കിട്ട കൂടിയാലോചനകൾ ആരംഭിച്ച് കഴിഞ്ഞു.

പിണറായി വിജയന്‍, കോടിയേരി ബാലകൃഷ്ണന്‍, കാനം രാജേന്ദ്രന്‍, പന്ന്യന്‍ രവീന്ദ്രന്‍ തുടങ്ങിയവരാണ് ചർച്ചയിൽ പങ്കെടുത്തത്. സത്യപ്രതിജ്ഞ മെയ് 20നു നടത്തണം എന്ന് തീരുമാനമായി. 17 ന് എല്‍ഡിഎഫ് യോഗം വിളിച്ചിട്ടുണ്ട്. മന്ത്രിമാരുടെ കാര്യത്തില്‍ ആ യോഗത്തിലാവും അന്തിമ പ്രഖ്യാപനം ഉണ്ടാവുക. ഘടകക്ഷികള്‍ക്ക് മന്ത്രിസ്ഥാനം നല്‍കുന്ന കാര്യത്തിലും ഇന്നലെ ചര്‍ച്ച നടന്നു. ഇക്കാര്യത്തില്‍ സിപിഐ നിലപാട് അറിയിച്ചിട്ടുണ്ട്. എന്നാല്‍ അന്തിമ തീരുമാനം ആയില്ല. ഒരു എംഎല്‍എ മാത്രമുള്ള ഘടകക്ഷികള്‍ക്ക് മന്ത്രിസ്ഥാനം നല്‍കുന്ന കാര്യത്തിലാണ് ഇനി തീരുമാനം എടുക്കാനുള്ളത്. അതുസംബന്ധിച്ച ചര്‍ച്ചകള്‍ തുടരുകയാണ്. സിപിഎമ്മും സിപിഐയും ഇനി ഒരുവട്ടംകൂടി ചര്‍ച്ച നടത്തും. അതിനുശേഷം കേരള കോണ്‍ഗ്രസ് അടക്കമുള്ള പാര്‍ട്ടികളുമായി ചര്‍ച്ച നടത്തി തീരുമാനത്തിലേക്ക് എത്തും.

രണ്ട് കാബിനറ്റ് പദവികൾ കൂടാതെ സിപിഐക്ക് മൂന്ന് മന്ത്രിസ്ഥാനം എന്ന ഫോർമുലയാണ് സിപിഎം നേതൃത്വം മുന്നോട്ട് വെച്ചത്. എന്നാൽ, ഈ നിർദ്ദേശം സിപിഐ തള്ളിയിരുന്നു. മുന്നണി രൂപീകരണം മുതൽ തങ്ങൾക്ക് നാല് മന്ത്രിസ്ഥാനമാണ് ലഭിക്കുന്നതെന്നും, 1987ൽ സിപിഎമ്മിന് ഏഴ് മന്ത്രിസ്ഥാനങ്ങളുണ്ടായിരുന്നത് 13 വരെ എത്തിയെന്നും സിപിഐ ചൂണ്ടിക്കാട്ടി. പുതുതായി വന്ന ഘടകകക്ഷിയായ കേരള കോൺ​ഗ്രസിനും മറ്റ് ഘടകകക്ഷികൾക്കും മന്ത്രിപദം നൽകേണ്ടി വരുമെന്നതിനാലാണ് സിപിഐ മന്ത്രിസ്ഥാനത്തിൽ വിട്ടുവീഴ്ച്ച ചെയ്യണമെന്ന് സിപിഎം ആവശ്യപ്പെടുന്നത്.

നിലവിലെ മന്ത്രിസഭയിൽ സി.പി.എമ്മിന് 13ഉം സി.പി.ഐക്ക് നാലും മന്ത്രിമാരാണ്. സി.പി.എമ്മിന് തുടക്കത്തിൽ 12 മന്ത്രിമാരായിരുന്നെങ്കിലും ഇ.പി. ജയരാജനെ രണ്ടാമതും ഉൾപ്പെടുത്തിയപ്പോൾ 13 ആയി. ആ ഘട്ടത്തിലാണ് സി.പി.ഐക്ക് ചീഫ് വിപ്പ് പദവി അനുവദിച്ചത്. സിപിഎമ്മിനെയും സിപിഐയേയും കൂടാതെ കേരള കോൺ​ഗ്രസിനും എൻസിപിക്കും മന്ത്രിസ്ഥാനം നൽകേണ്ടി വരും, കേരള കോൺ​ഗ്രസ് രണ്ട് മന്ത്രിമാരെ വേണമെന്ന ആവശ്യത്തിൽ ഉറച്ച് നിന്നാൽ, ഇതോടെ 20 എന്ന സംഖ്യയിലേക്കെത്തും. ഓരോ എംഎൽഎമാരുള്ള അ‍ഞ്ച് പാർട്ടികളാണ് മുന്നണിയിലുള്ളത്.

കുന്നത്തൂരിൽ നിന്ന് ആർഎസ്പി എൽ നേതാവ് കോവൂർ കുഞ്ഞുമോൻ ജയിച്ചെത്തി. കടന്നപ്പള്ളി കണ്ണൂരിൽനിന്നു സഭയിൽ എത്തിയപ്പോൾ പത്തനാപുരത്ത് ഗണേശ് കുമാർ വീണ്ടും ജയിച്ചുകയറി. തിരുവനന്തപുരത്ത് ജനാധിപത്യ കേരള കോൺഗ്രസിന്റെ ആന്റണി രാജു അപ്രതീക്ഷിത വിജയം നേടി. കോഴിക്കോട് സൗത്തിൽ അഹമ്മദ് ദേവർകോവിൽ ഐഎൻഎല്ലിന്റെ ഏക പ്രതിനിധിയായി. മുന്നണി മാറി ഇടതുപക്ഷത്ത് എത്തിയ ലോക്താന്ത്രിക് ജനതാദളിൽനിന്ന് കൂത്തുപറമ്പിലെ കെപി മോഹനൻ മാത്രമാണ് ജയിച്ചത്. ഇവരിൽ പലരും മന്ത്രിപദം ചോദിച്ച് രം​ഗത്തെത്തി.

സിപിഐ സംസ്ഥാന എക്സിക്യൂട്ടീവും സംസ്ഥാന കൗൺസിലും യോ​ഗം ചേർന്നാണ് പാർട്ടിയുടെ മന്ത്രിമാരെ തീരുമാനിക്കുക. അതിന് മുമ്പ് മന്ത്രിമാരുടെ എണ്ണം സംബന്ധിച്ച് സിപിഐയും സിപിഎമ്മും തമ്മിൽ ധാരണയിലെത്തേണ്ടതുണ്ട്. ഈ മാസം 18നാണ് സിപിഐ സംസ്ഥാന എക്സിക്യൂട്ടീവും സംസ്ഥാന കൗൺസിലും യോ​ഗം ചേരുന്നത്. സംസ്ഥാന എക്സിക്യൂട്ടീവ് തിരുവനന്തപുരത്ത് എംഎൻ സ്മാരകത്തിലും കൗൺസിൽ ഓൺലൈനായുമാണ് ചേരുക. എക്സിക്യൂട്ടീവ് മന്ത്രിമാരെ തീരുമാനിക്കുകയും അതിന് കൗൺസിലിന്റെ അം​ഗീകാരം വാങ്ങുകയുമാണ് പാർട്ടി രീതി. അതുകൊണ്ടു തന്നെ ആരൊക്കെയാണ് പാർട്ടിയുടെ മന്ത്രിമാർ എന്നറിയാൻ 18 വരെ കാത്തിരിക്കേണ്ടി വരും.

അതേസമയം, മന്ത്രിസ്ഥാനം ലഭിക്കുന്നില്ലെങ്കിൽ സ്വീകരിക്കേണ്ട നിലപാട് സംബന്ധിച്ചാണ് ചെറുപാർട്ടികൾ ഇപ്പോൾ കൂടിയാലോചനകൾ നടത്തുന്നത്. വിവിധ ബോർഡ്, കോർപ്പറേഷൻ എന്നിവയിലെ പുതിയ ഭരണസംവിധാനങ്ങളിൽ തങ്ങൾക്ക് അർഹമായ പ്രാതിനിധ്യം ഉറപ്പിക്കാനെങ്കിലും കഴിയണമെന്ന വികാരമാണ് ഒറ്റ എംഎൽഎമാരുള്ള പാർട്ടികളുടെ നേതാക്കൽ പങ്കുവെക്കുന്നത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close