KERALANEWS

രണ്ടായിരം നോട്ടിന്റെ 46 കെട്ടുകളിലായി ഒരു കോടി എണ്‍പതു ലക്ഷം രൂപയുടെ കള്ളനോട്ടുകള്‍ ; ഉദയംപേരൂര്‍ കള്ളനോട്ട് കേസില്‍ വഴിത്തിരിവ്

കൊച്ചി : ഒരു കോടി എണ്‍പതു ലക്ഷം രൂപയുടെ കള്ളനോട്ടുകളുമായി പ്രധാന കണ്ണികള്‍ കോയമ്പത്തൂരില്‍ പിടിയിലായതോടെ ഉദയംപേരൂര്‍ കള്ളനോട്ട് കേസില്‍ വഴിത്തിരിവ്. കേരളത്തില്‍ കള്ളനോട്ടെത്തിച്ച മൂന്നംഗ സംഘമാണ് തീവ്രവാദ വിരുദ്ധ സ്‌ക്വാഡും ഉദയംപേരൂര്‍ പൊലീസും ചേര്‍ന്ന് നടത്തിയ റെയ്ഡില്‍ കസ്റ്റഡിയിലായത്. പ്രതികളെ ഇന്ന് വൈകിട്ട് കൊച്ചിയിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തും.

മാര്‍ച്ച് ഇരുപത്തിയെട്ടിനാണ് ഉദയംപേരൂരിലെ വാടക വീട്ടില്‍ നിന്ന് ഒരു ലക്ഷത്തി എണ്‍പതിനായിരം രൂപയുടെ കള്ളനോട്ട് പിടിച്ചെടുത്തത്. കള്ളനോട്ടിന്റെ ഉറവിടം തേടിയുള്ള അന്വേഷണത്തിലാണ് കോയമ്പത്തൂരിലെ കള്ളനോട്ട് സംഘത്തെ കണ്ടെത്താനായത്. തൃശൂര്‍ സ്വദേശി റഷീദ്, കോയമ്പത്തൂര്‍ സ്വദേശികളായ സയീദ് സുല്‍ത്താന്‍, അഷ്‌റഫ് അലി എന്നിവരാണ് പിടിയിലായത്. എ.ടി.എസ് ഡി.ഐ.ജി അനൂപ് കുരുവിള എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് രണ്ടായിരം നോട്ടിന്റെ 46 കെട്ടുകളിലായി ഒരു കോടി എണ്‍പതു ലക്ഷം രൂപയുടെ കള്ളനോട്ടുകളാണ് പിടികൂടാനായത്.

ഉദയംപേരൂരിലെ വാടക വീട്ടില്‍ താമസിച്ചിരുന്ന ചലച്ചിത്ര സഹസംവിധായകന്‍ പ്രിയന്‍ കുമാര്‍, കരുനാഗപ്പള്ളിയിലെ ഇയാളുടെ ബന്ധു വാസുദേവന്‍, വാസുദേവന്റെ ഭാര്യ ധന്യ, ഇടനിലക്കാരന്‍ വിനോദ് എന്നിവരാണ് കള്ളനോട്ട് കേസില്‍ ആദ്യം പിടിയിലായത്. കോയമ്പത്തൂരില്‍ നിന്നാണ് പ്രിയന്‍കുമാറിന് കള്ളനോട്ട് ലഭിച്ചത്. ഒന്നര ലക്ഷം രൂപയ്ക്കുള്ള 500 ന്റെ നോട്ടുകള്‍ നല്‍കി രണ്ടര ലക്ഷം രൂപയുടെ 2000 ന്റെ കള്ളനോട്ടുകള്‍ വാങ്ങുകയായിരുന്നു.ഇവര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കള്ളനോട്ട് സംഘത്തിലെ പ്രധാന കണ്ണികളെ കോയമ്പത്തൂരില്‍ വെച്ച് പിടികൂടാനായത്. തെരഞ്ഞെടുപ്പ് സംഭാവനയായി രാഷ്ടീയ പാര്‍ട്ടികള്‍ക്കും വിവാഹങ്ങള്‍ക്ക് സമ്മാനമായും രണ്ടായിരത്തിന്റെ കള്ളനോട്ടുകള്‍ സംഘം നല്‍കിയിട്ടുണ്ട്. കേസില്‍ കൂടുതല്‍ പ്രതികളുണ്ടെന്ന നിഗമനത്തില്‍ തീവ്രവാദ ബന്ധം ഉണ്ടോയെന്ന് കണ്ടെത്താന്‍ കേന്ദ്ര ഏജന്‍സികളും പ്രാഥമിക അന്വേഷണം തുടങ്ങി.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close