KERALA

രണ്ടു എംഎല്‍എമാര്‍ കുടുങ്ങിയതോടെ മുസ്ലീം ലീഗ് പ്രതിസന്ധിയിലാകുന്നു

കണ്ണൂര്‍: കോഴക്കുടുക്കില്‍ വടക്കെ മലബാറില്‍ പാര്‍ട്ടിയുടെ രണ്ടു എംഎല്‍എമാര്‍ കുടുങ്ങിയതോടെ മുസ്ലീം ലീഗ് പ്രതിസന്ധിയിലാവുകയാണ്. പാര്‍ട്ടിയിലെ മുന്‍നിര നേതാക്കളായ രണ്ടുപേരാണ് പെട്ടിരിക്കുന്നത്. കാസര്‍കോട് ജില്ലയിലെ മുസ്ലിം ലീഗിന്റെ മികച്ച സംഘാടകരിലൊരാളാണ് എംസി കമറുദ്ദീന്‍. ബഹുജന അടിത്തറയുള്ള നേതാവും അണികള്‍ക്കിടയില്‍ നിന്നും പടിപടിയായി ഉയര്‍ന്നു വന്ന വ്യക്തിത്വവുമായിരുന്നു അദ്ദേഹം. നൂറുകോടിയില്‍പ്പരം രൂപ നിക്ഷേപകര്‍ക്കു നഷ്ടപ്പെട്ട ഫാഷന്‍ ഗോള്‍ഡ് ജുവലറി തട്ടിപ്പുകേസില്‍ ഇപ്പോള്‍ കമറുദ്ദീനെ പൂര്‍ണമായും കൈയൊഴിഞ്ഞ മട്ടിലാണ് പാര്‍ട്ടി.
ജുവലറിയുടെ ആസ്തിവിവര പട്ടിക പാര്‍ട്ടി സംസ്ഥാന നേതൃത്വം നിയോഗിച്ച അന്വേഷണ കമ്മിഷനു ഇതുവരെ കണ്ടെത്താനും കഴിഞ്ഞിട്ടില്ല. ഇപ്പോള്‍ ഹൈക്കോടതിയില്‍ തനിക്കു കേസുമായി യാതൊരു ബന്ധവുമില്ലെന്ന് ചൂണ്ടിക്കാട്ടി വിടുതല്‍ ഹരജി നല്‍കിയിരിക്കുകയാണ് കമറുദ്ദീന്‍. എന്തുതന്നെയായാലും തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിനു മുന്‍പ് പുകഞ്ഞുകൊണ്ടിരിക്കുന്ന ഈ വിഷയം ഒതുക്കി തീര്‍ത്തില്ലെങ്കില്‍ മുസ്ലീം ലീഗിന് കാസര്‍കോടു മാത്രമല്ല സംസ്ഥാനമാകെ തിരിച്ചടി നേരിട്ടേക്കും
നിയമസഭയിലായാലും പുറത്തായാലും മുഖ്യമന്ത്രി പിണറായി വിജയന്റെ ഏറ്റവും വലിയ വിമര്‍ശികരിലൊരാളാണ് കെഎം ഷാജി. ആ നാവിന്റെ ചൂട് മുഖ്യനും പാര്‍ട്ടിയും പലവട്ടം അറിഞ്ഞതുമാണ്. മുസ്ലീം ലീഗിന്റെ സംസ്ഥാനത്തെ തന്നെ തീപ്പൊരി നേതാവാണ് കെഎം ഷാജി. സിപിഎമ്മിന്റെ കൊടുംകോട്ടയായ പാപ്പിനിശേരിയുള്‍പ്പെടുന്ന അഴീക്കോട് മണ്ഡലത്തില്‍ നിന്നും രണ്ടുതവണ വിജയക്കൊടി പാറിച്ച കെഎം ഷാജിയിപ്പോള്‍ രണ്ടു കേസന്വേഷണം ഒരേപോലെ നേരിട്ടുകൊണ്ടിരിക്കുകയാണ്. സംസ്ഥാനസര്‍ക്കാരിന്റെ വിജിലന്‍സും കേന്ദ്രസര്‍ക്കാര്‍ ഏജന്‍സിയായ എന്‍ഫോഴ്സ്മെന്റും ഒരേ സമയം തന്നെ ഷാജിക്കെതിരെയുള്ള കോഴയാരോപണ കേസ് അന്വേഷിച്ചു വരികയാണ്. ഷാജിക്കെതിരെയുള്ള അന്വേഷണം പാര്‍ട്ടിയിലേക്കു നീളുന്നതാണ് മുസ്ലീം ലീഗ് സംസ്ഥാന നേതൃത്വത്തിലെ അലോസരപ്പെടുത്തുന്നത്.അഴീക്കോട് സ്‌കൂള്‍ മാനേജ്മെന്റില്‍ നിന്നും 25 ലക്ഷം കോഴവാങ്ങിയെന്ന കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെപിഎ മജീദ്, കണ്ണൂര്‍ ജില്ലാ സെക്രട്ടറി അബ്ദുല്‍ കരീം ചേലേരി എന്നിവരില്‍ നിന്നും മൊഴിയെടുത്തു കഴിഞ്ഞു. കോഴിക്കോട് ഇഡി നോര്‍ത്ത് സോണ്‍ ഓഫീസില്‍ എത്തിയ അബ്ദുല്‍ കരീം ചേലേരിയുടെ മൊഴിയെടുക്കല്‍ എട്ടുമണിക്കൂറിലധികം നീണ്ടിരുന്നു. ഇത് കേസിന്റെ സ്വാഭാവിക നടപടിയെന്നു പറഞ്ഞ് ലഘൂകരിക്കാന്‍ മുസ്ലീം ലീഗ് നേതാക്കള്‍ ശ്രമിക്കുന്നുണ്ടെങ്കിലും രാഷ്ട്രീയ ആരോപണങ്ങള്‍ക്ക് വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ അഴീക്കോട് മണ്ഡലത്തില്‍ മറുപടി പറയാന്‍ മുസ്ലീം ലീഗ് ഏറെ വിയര്‍ക്കേണ്ടിവരും.

മുസ്ലീം ലീഗില്‍ ഏറെ വിഭാഗീയത നിലനില്‍ക്കുന്ന മണ്ഡലങ്ങളിലൊന്നാണ് അഴീക്കോട്. കേന്ദ്രമന്ത്രിയും അഖിലേന്ത്യാനേതാവുമായിരുന്ന ഇ അഹമ്മദിനെതിരെപ്പോലും ഇവിടെ നിന്നും പ്രതിഷേധമുയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് കഴിഞ്ഞ തവണ കെഎം ഷാജിക്കെതിരെ പാര്‍ട്ടിക്കുള്ളില്‍ നിന്നു തന്നെ കാലുവാരല്‍ നടന്നത്. എന്നാല്‍ കഷ്ടിച്ചു രണ്ടായിരത്തിലേറെ വോട്ടുകള്‍ക്ക് വിജയിച്ചു കയറിയത്. എന്നാല്‍ ഷാജിക്കെതിരെയുള്ള ആരോപണങ്ങളുടെ പ്രഭവകേന്ദ്രം അഴീക്കോട് മണ്ഡലത്തിലെ ചില മുസ്സ്‌ലീം ലീഗ് പ്രാദേശിക നേതാക്കളാണെന്നു വ്യക്തമായിരുന്നു. അതുകൊണ്ടു അന്നെ അടുത്ത ചോദ്യം ചെയ്യലില്‍ ഇവര്‍ കൊടുക്കുന്ന മൊഴി എന്‍ഫോഴ്സ് അന്വേഷണത്തെ സ്വാധീനിച്ചേക്കുമെന്നാണ് സൂചന. കോഴക്കേസുമായി ബന്ധപ്പെട്ട് മുസ്ലിം ലീഗ് സംസ്ഥാന നേതാക്കള്‍ ഉള്‍പ്പടെ 33 പേര്‍ക്ക് ഇഡി നോട്ടീസ് അയച്ചിട്ടുണ്ട്. കെഎം ഷാജി എംഎല്‍എയെ അടുത്ത മാസം പത്തിന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യും.കോഴ ആരോപണം ആദ്യം ഉയര്‍ത്തിയ മുസ്ലിം ലീഗ് മുന്‍ പ്രാദേശിക നേതാവ് നൗഷാദ് പൂതപ്പാറയില്‍ നിന്ന് ഇഡി കഴിഞ്ഞ ദിവസം മൊഴിയെടുത്തിരുന്നു. ഒന്നിനു പുറകെ ഒന്നായി കേസുകള്‍ വരിഞ്ഞു മുറുക്കുന്നത് കെഎം ഷാജിയെയും മുസ്ലീം ലീഗിനെയും കടുത്ത സമ്മര്‍ദ്ദത്തിലാക്കിയിട്ടുണ്ട്. കോഴിക്കോട് വെങ്ങരയിലെ കെഎം ഷാജിയുടെ ആഡംബര വീട് കോര്‍പറേഷന്‍ അളന്ന് എന്‍ഫോഴ്സ് മെന്റിന് വിവരങ്ങള്‍ കൈമാറിയിട്ടുണ്ട്. ഇതിന്റെ പണത്തിന്റെ ഉറവിടമെവിടെയെന്ന ചോദ്യവും ഉയര്‍ന്നേക്കാം. ഇതുകൂടാതെ മൂവായിരത്തിനു മുകളില്‍ വിസ്തീര്‍ണമുള്ള വീടുകള്‍ക്കു ആഡംബര നികുതിയടക്കണം. എന്നാല്‍ കെഎം ഷാജിയുടെ ഭാര്യയുടെ പേരിലെടുത്ത വീടിനു ഇത് അടച്ചില്ലെന്നാണ് ആരോപണം. വീട് നിര്‍മാണ ആവശ്യത്തിനായാണ് ഷാജി അഴീക്കോട് സ്‌കൂള്‍ മാനേജ്മെന്റ് നല്‍കിയ പണം ഉപയോഗിച്ചതെന്ന ആരോപണവും ശക്തമാണ്.
കമറുദ്ദീന്റെയും ഷാജിയുടെയും നേരെയുണ്ടായിട്ടുള്ള ആരോപണങ്ങള്‍ രാഷ്ട്രീയ വിവാദങ്ങള്‍ക്കുപരിയായി ധാര്‍മികപരമായ പ്രശ്നംകൂടിയായതിനാല്‍ മുസ്ലീം ലീഗിനെ തുണയക്കുന്ന ഇകെ സുന്നിവിഭാഗം എതിര്‍പ്പുമായി രംഗത്തിറങ്ങിയേക്കാം.വെല്‍ഫെയര്‍ പാര്‍ട്ടിയുമായി ലീഗ് തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ ധാരണയിലെത്തിയ സാഹചര്യത്തില്‍ അവരുടെ കടുത്ത വിമര്‍ശകനായ ഷാജിക്കെതിരെ വെല്‍ഫെയര്‍ പാര്‍ട്ടിയും സ്വരം കനപ്പിച്ചേക്കാം. ഇതിലെല്ലാമുപരിയായി മുസ്ലീം ലീഗ് എംഎല്‍എമാര്‍ കോഴക്കേസില്‍ കുടുങ്ങിയത് കോണ്‍ഗ്രസിനകത്തും അതൃപ്തിയുണ്ടാക്കിയിട്ടുണ്ട്. കണ്ണൂരില്‍ കെ സുധാകരന്‍ എംപി ഷാജിയെ പിന്‍തുണയ്ക്കുന്നുണ്ടെങ്കിലും കാസര്‍കോട്ട് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ കമറുദ്ദീനെ പിന്‍തുണയ്ക്കുന്നില്ല. ഉപ്പുതിന്നവര്‍ വെള്ളം കുടിക്കട്ടെയെന്നായിരുന്നു ഈക്കാര്യത്തില്‍ ഉണ്ണിത്താന്റെ പരസ്യ പ്രതികരണം.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close