ന്യൂഡല്‍ഹി: ലാവലിന്‍ അഴിമതി കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പടെയുള്ളവരെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനെതിരെ സിബിഐ നല്‍കിയ ഹര്‍ജി സുപ്രീംകോടതി ഈ മാസം 16-ലേക്ക് മാറ്റി. സിബിഐ വിശദമായ സത്യവാങ്മൂലം സമര്‍പ്പിക്കണമെന്ന് സുപ്രീംകോടതി ആവശ്യപ്പെട്ടു. രണ്ട് കോടതികള്‍ പിണറായി വിജയന്‍ അടക്കമുള്ളവരെ വെറുതെ വിട്ടതാണെന്നും അതിനാല്‍ കേസില്‍ ശക്തമായ വാദവുമായി വേണം സിബിഐ വരാനെന്നും കോടതി പറഞ്ഞു.സിബിഐക്ക് വേണ്ടി തുഷാര്‍ മേത്തയും മുഖ്യമന്ത്രി പിണറായി വിജയന് വേണ്ടി പ്രമുഖ അഭിഭാഷകന്‍ ഹരീഷ് സാല്‍വെയും ഹാജരായി. പിണറായി വിജയന് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ വി.ഗിരി ഹാജരാകുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്.പിണറായി വിജയന്‍ ഉള്‍പ്പടെ മൂന്ന് പേരെ കുറ്റവിമുക്തരാക്കിയ ഹൈക്കോടതി വിധി തെറ്റെന്ന് തുഷാര്‍ മേത്ത വാദിച്ചു. കേസുമായി ബന്ധപ്പെട്ട കൂടുതല്‍ രേഖകള്‍ ഫയല്‍ ചെയ്യാമെന്ന് സിബിഐക്ക് വേണ്ടി ഇന്ന് ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേഹ്ത അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് കേസ് പതിനാറിലേക്ക് മാറ്റിയത്.
അടിയന്തരപ്രാധാന്യമുള്ള കേസാണെന്ന് കഴിഞ്ഞ ആഴ്ച സിബിഐ കോടതിയില്‍ പറഞ്ഞിരുന്നു. രണ്ട് തരം ഹരജികളാണ് കോടതിയുടെ പരിഗണനയിലുണ്ടാായിരുന്നത്. മൂന്ന് പ്രതികളെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനെതിരെ സിബിഐ നല്‍കിയതാണ് ഒന്നാം അപ്പീല്‍. പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കിയത് റദ്ദ് ചെയ്ത ഹൈക്കോടതിയെ ചോദ്യം ചെയ്ത് പ്രതികള്‍ നല്‍കിയ രണ്ടാം ഹരജികളും കോടതിയുടെ പരിഗണനയിലാണ്.2017 ഓഗസ്റ്റിലാണ് പിണറായി വിജയനെ കുറ്റവിമുക്തനാക്കിയ തിരുവനന്തപുരം സിബിഐ കോടതിയുടെ ഉത്തരവ് ഹൈക്കോടതി ശരിവച്ചത്. പിണറായിക്ക് പുറമേ മുന്‍ ഊര്‍ജ സെക്രട്ടറി കെ.മോഹനചന്ദ്രന്‍, ഊര്‍ജ വകുപ്പ് മുന്‍ ജോയിന്റ് സെക്രട്ടറി എ.ഫ്രാന്‍സിസ് എന്നിവരെ കുറ്റവിമുക്തരാക്കിയതും സിംഗിള്‍ ബെഞ്ച് ശരിവച്ചിരുന്നു. ഈ വിധിയെ ചോദ്യം ചെയ്ത് കൊണ്ടാണ് സിബിഐ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കുകയായിരുന്നു.പള്ളിവാസല്‍, ചെങ്കുളം, പന്നിയാര്‍ ജലവൈദ്യുത പദ്ധതികളുടെ പുനരുദ്ധാരണത്തിന്, കനേഡിയന്‍ കമ്പനിയായ എസ്എന്‍സി ലാവ്ലിനുമായി ഒപ്പിട്ട കരാറുകളുമായി ബന്ധപ്പെട്ട വ്യവസ്ഥാ ലംഘനങ്ങളാണ് കേസിനു കാരണം. ഈ കരാര്‍ ലാവ്ലിന്‍ കമ്പനിക്ക് നല്‍കുന്നതിന് പ്രത്യേക താല്‍പര്യം കാണിച്ചതിലൂടെ സംസ്ഥാനത്തിന് 374 കോടി രൂപയുടെ നഷ്ടമുണ്ടായെന്നുമാണ് ആരോപണം.യുഡിഎഫിന്റെ കാലത്താണ് പദ്ധതി കൊണ്ടുവന്നതെങ്കിലും അന്തിമ കരാര്‍ ഒപ്പിട്ടത് പിന്നീട് വന്ന ഇ.കെ.നായനാര്‍ മന്ത്രിസഭയിലെ വൈദ്യുതിമന്ത്രി ആയിരുന്ന പിണറായി വിജയനായിരുന്നു.