രണ്ട് വര്‍ഷം മുമ്പ് കാണാതായ സ്ത്രീയെ കടലില്‍ ജീവനോടെ കണ്ടെത്തി

കൊളംബിയ: രണ്ട് വര്‍ഷം മുമ്പ് കാണാതായ സ്ത്രീയെ കടലില്‍ ജീവനോടെ കണ്ടെത്തി. കൊളംബിയയിലാണ് സംഭവം. 46 കാരിയായ ആഞ്ചലീക ഗെയ്റ്റന്‍ എന്ന സ്ത്രീയെ ആണ് പ്യൂര്‍ട്ടോ കൊളംബിയ തീരത്തിനടുത്ത് വച്ച് റൊണാള്‍ഡ് വിസ്ബല്‍ എന്ന മത്സ്യ തൊഴിലാളിയും സംഘവും കണ്ടെത്തിയത്. ആദ്യം കടലില്‍ തടിയോ മറ്റോ ഒഴുകി നടക്കുന്നതായാണ് വിസ്ബലിന് തോന്നിയത്.എന്നാല്‍ സഹായത്തിനായി സ്ത്രീ തന്റെ കൈ ഉയര്‍ത്തിക്കാട്ടിയതോടെയാണ് ഒഴുകി നടന്നത് മനുഷ്യനാണെന്ന് മനസിലായത്. തുടര്‍ന്ന് സ്ത്രീയെ രക്ഷിക്കുയായിരുന്നു. രണ്ട് വര്‍ഷമായി ആഞ്ജലിക എവിടെയാണെന്ന് അവരുടെ കുടുംബത്തിന് ഒരു അറിവുമുണ്ടായിരുന്നില്ല. ഭര്‍ത്താവിന്റെ കടുത്ത പീഡനം മൂലം വീട് വിട്ടിറങ്ങിയതായിരുന്നു ആഞ്ചലിക. 2018ല്‍ ആഞ്ചലീകയെ ഭര്‍ത്താവ് കൊല്ലാന്‍ ശ്രമിച്ചു. ഇതില്‍ നിന്നും രക്ഷപ്പെടാനായാണ് അവര്‍ അന്ന് വീടുവിട്ടിറങ്ങിയത്.
ആറ് മാസം ബാറാന്‍ക്വില എന്ന സ്ഥലത്ത് അഭയകേന്ദ്രത്തില്‍ കഴിഞ്ഞു. ഇതിനിടെ വിഷാദത്തിന്റെ പിടിയിലായ ആഞ്ചലീക കടലില്‍ ചാടി ആത്മഹത്യ ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. കടലില്‍ ചാടിയത് മാത്രമാണ് തനിക്ക് ഓര്മയുള്ളു എന്നും പിന്നീട് ഉണ്ടായത് എന്താണെന്ന് അറിയില്ലെന്നും ആഞ്ചലീക പറയുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.