WORLD

രാജകീയ പിറവി; പ്രാവിന്‍ കുഞ്ഞുങ്ങള്‍ പറന്നു തുടങ്ങി

ദുബായ്: രാജകീയ പ്രൗഢിയോടെ പിറന്ന രണ്ട് പ്രാവിന്‍കുഞ്ഞുങ്ങള്‍ പറക്കമുറ്റി വാനില്‍ പറന്നുതുടങ്ങി. മറ്റ് കിളികള്‍ക്ക് അസൂയ തോന്നിക്കുംവിധം മുട്ട പൊട്ടി പുറത്തുവന്നതു മുതല്‍ ഇരുവരും മാധ്യമങ്ങളിലും സാമൂഹ്യമാധ്യമങ്ങളിലും താരങ്ങളായത് ദുബായ് കീരീടാവകാശിയും എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ അല്‍ മക്തുമിന്റെ മെഴ്‌സിഡസ് ബെന്‍സിന്റെ ബോണറ്റിനുള്ളില്‍ പിറന്നതു കൊണ്ടാവാം. പാര്‍ക്കു ചെയ്തിരുന്ന കാറിന്റെ ബോണറ്റില്‍ അമ്മക്കിളി മുട്ടയിട്ടതറിഞ്ഞ രാജകുമാരന്‍ ഇതുവരെ ആ കാര്‍ നീക്കിയിട്ടു പോലുമില്ല.

ഓഗസ്റ്റ് 12ന് മുട്ട വിരിഞ്ഞതോടെ കിളിക്കുഞ്ഞുങ്ങളുടേയും അമ്മക്കിളിയുടേയും ചിത്രങ്ങള്‍ രാജകുമാരന്‍ പോസ്റ്റ് ചെയ്തു. പിന്നീട് ഈ ചിത്രങ്ങള്‍ ഗള്‍ഫിലെങ്ങും തരംഗമായി. അമ്മപ്രാവ് ബോണറ്റില്‍ കൂടൊരുക്കിയതുമുതല്‍ മുട്ടയിടീലും മുട്ടവിരിയലുമെല്ലാം രാജകുമാരന്റെ പോസ്റ്റുകളായി ഒഴുകിനടന്നു. അമ്മക്കിളിയുടെ ലാളനയേല്ക്കുന്ന കുഞ്ഞുങ്ങള്‍ക്ക് അമ്മപ്രാവ് ഇര നല്‍കുന്ന ചിത്രങ്ങളില്‍ ഫോട്ടോഗ്രാഫിയുടെ ഹൃദ്യസൗന്ദര്യം കൂടിയുണ്ടായിരുന്നു. ഇപ്പോള്‍ പറക്കമുറ്റിയ കുഞ്ഞുങ്ങള്‍ ആകാശദേശത്തേക്ക് വിഹരിക്കാനുള്ള പറക്കല്‍ പരിശീലനത്തിലാണ്. എന്നാല്‍ ഇത്രയൊക്കെ കാര്യങ്ങള്‍ എത്തിയിട്ടും അമ്മപ്രാവ് മക്കളുമൊത്ത് പൊറുതിമാറ്റാനുള്ള ലക്ഷണമൊന്നും കാണിക്കുന്നില്ല.

ഒന്നുകില്‍ കിരീടാവകാശി മേഴ്‌സിഡസ് ബെന്‍സ് കാര്‍ തങ്ങള്‍ക്ക് കൂടായി വിട്ടുതരണമെന്നും അതല്ലെങ്കില്‍ കാര്‍പാര്‍ക്കില്‍ത്തന്നെ ഒരു കൂടൊരുക്കിത്തരണമെന്നുമുള്ള മനോഭാവത്തോടെ പൊറുതി തുടരുന്നു. കിരീടാവകാശിയുടെ പിതാവും ദുബൈ ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തും അബുദാബി കിരീടാവകാശി ഷെയിഖ് മുഹമ്മദ് ബിന്‍ അല്‍ നഹ്യാനുമൊത്ത് ഒരു നിര്‍മ്മാണ സ്ഥലം സന്ദര്‍ശിച്ചപ്പോള്‍ ഹൗമ്പറാ പക്ഷികളുടെ വാസസ്ഥലത്താണ് 36 ലക്ഷം കോടിയുടെ വന്‍ വ്യവസായശാല പണിയുന്നതെന്നു കണ്ടെത്തി. പക്ഷിസങ്കേതത്തെ രക്ഷിക്കാന്‍ നിര്‍മ്മാണസ്ഥലം ഉടന്‍ മാറ്റിക്കൊള്ളാന്‍ അവര്‍ ഉത്തരവിട്ടതും അന്താരാഷ്ട്ര മാധ്യമങ്ങളിന്‍ വന്‍ പരിസ്ഥിതി സംരക്ഷണ വാര്‍ത്തയായി.

Show More

Related Articles

Back to top button
Close