
ഇടുക്കി: രാജമല പെട്ടിമുടി ദുരന്തത്തില്‍ മരിച്ചവരുടെ മൃതദേഹം കണ്ടെത്താന്‍ ഇന്നും തിരച്ചില്‍ തുടരുന്നു. മൂന്ന് കുട്ടികളടക്കം ആറുപേരുടെ മൃതദേഹങ്ങള്‍ തിങ്കളാഴ്ച കണ്ടെടുത്തിരുന്നു. ഇനി 21 പേരെ കൂടിയാണ് കണ്ടെത്താനുള്ളത്. നിലവില്‍ മരണ സംഖ്യ 49 ആയി. കണ്ടെത്താനുള്ളവരില്‍? അധികവും കുട്ടികളാണ്.പുഴകള്‍ കേന്ദ്രീകരിച്ചാണ് ഇന്നലെ പ്രധാനമായും തിരച്ചില്‍ നടന്നത്. മണ്ണിടിച്ചില്‍ ഉണ്ടായ സ്ഥലത്തുനിന്ന് പല മൃതദേഹങ്ങളും ഒഴുകിപോയിട്ടുണ്ട്. അതിനാലാണ് പുഴകളും സമീപ പ്രദേശങ്ങളും കേന്ദ്രീകരിച്ച് തിരച്ചില്‍ നടത്തുന്നത്. പെട്ടിമുടി പുഴ കേന്ദ്രീകരിച്ചുള്ള തിരച്ചിലിലാണ് ആറ് മൃതദേഹം ലഭിച്ചത്. പുഴയില്‍ നിന്ന് ഇതുവരെ 12 മൃതദേഹം കണ്ടെത്തിയിട്ടുണ്ട്. പുഴയില്‍ ഡ്രോണ്‍ ഉപയോഗിച്ചുള്ള തിരച്ചിലാണ് പുരോഗമിക്കുന്നത്.കാലാവസ്ഥ അനുകൂലമായി തുടങ്ങിയിട്ടുണ്ടെങ്കിലും ഉരുള്‍പൊട്ടലില്‍ വന്നു പതിച്ച വലിയ പാറക്കൂട്ടങ്ങള്‍ തിരച്ചില്‍ ദുഷ്കരമാക്കുന്നുണ്ട്. സ്ഫോടക വസ്തുക്കള്‍ കൊണ്ട് ചെറുസ്ഫോടനം നടത്തി പാറ പൊട്ടിച്ച് രക്ഷാപ്രവര്‍ത്തനം വേഗത്തിലാക്കുമെന്ന് ഇടുക്കി ജില്ലാ ഭരണകൂടം അറിയിച്ചു. മൃതദേഹങ്ങള്‍ തിരിച്ചറിയുക എന്നത് വലിയ വെല്ലുവിളിയാണ്. കഴിഞ്ഞ ദിവസങ്ങളിലായി കണ്ടെത്തിയ ചില മൃതദേഹങ്ങള്‍ അഴുകി തുടങ്ങിയിരുന്നു. ഇനി കണ്ടെത്താനുള്ള മൃതദേഹങ്ങള്‍ അഴുകി തുടങ്ങിയിരിക്കാമെന്നാണ് വിലയിരുത്തല്‍. അങ്ങനെവന്നാല്‍ ശരീരം തിരിച്ചറിയാന്‍ ഡിഎന്‍എ ടെസ്റ്റ് നടത്തേണ്ടിവരും. ആവശ്യമെങ്കില്‍ മൃതദേഹം ഡിഎന്‍എ ടെസ്റ്റിനു വിധേയമാക്കാമെന്ന് ആരോഗ്യവകുപ്പും അറിയിച്ചു.മൃതദേഹങ്ങള്‍ തിരിച്ചറിയുന്നതിനും മരിച്ചവരെ അവസാനമായി കാണാനും തമിഴ്നാട്ടില്‍ നിന്നും നിരവധി ബന്ധുക്കളാണ് രാജമലയിലേക്ക് എത്തുന്നത്. ശരീരോഷ്മാവ് പരിശോധന മാത്രം നടത്തിയാണ് തമിഴ്നാട്ടില്‍ നിന്നുള്ളവരെ ചെക്പോസ്റ്റുകളില്‍ നിന്നും കടത്തി വിടുന്നത്.പെട്ടിമുടിയില്‍ തിരച്ചിലിനെത്തിയ ആലപ്പുഴയില്‍ നിന്നുള്ള അഗ്നിശമന സേനാംഗത്തിന് കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഈ സംഘത്തെ പൂര്‍ണ്ണമായും ക്വാറന്റീനിലാക്കിയിരിക്കുകയാണ്. ഈ സംഘത്തിലുള്ളവരുമായല്ലാതെ ഇയാള്‍ക്ക് പ്രാഥമിക സമ്പര്‍ക്കം ഉണ്ടായിട്ടില്ലെന്നാണ് വിവരം. നിലവില്‍ സ്ഥലത്ത് തിരച്ചില്‍ നടത്തുന്ന മുഴുവന്‍ രക്ഷാപ്രവര്‍ത്തകരേയും ഘട്ടം ഘട്ടമായി ആന്റിജന്‍ പരിശോധനയ്ക്ക് വിധേയരാക്കുന്നുണ്ട്.രാജമലയില്‍ ഉരുള്‍പൊട്ടലുണ്ടായിട്ട് ഇന്ന് അഞ്ചാം ദിവസമാണ്. അവസാന ആളെയും കണ്ടെത്തുംവരെ രക്ഷാപ്രവര്‍ത്തനം തുടരാനാണ് സര്‍ക്കാര്‍ തീരുമാനം.ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ അഞ്ച് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. പരുക്കേറ്റവരുടെ മുഴുവന്‍ ചികിത്സ ചെലവും സംസ്ഥാന സര്‍ക്കാര്‍ വഹിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. പ്രാധാനമന്ത്രി നരേന്ദ്രമോദിയും ദുരിത ബാധിതര്‍ക്ക് ധനസഹായം പ്രഖ്യാപിച്ചു. മരിച്ചവരുടെ കുടുംബത്തിന് രണ്ട് ലക്ഷം രൂപ നല്‍കും. പരുക്കേറ്റവര്‍ക്ക് അമ്പതിനായിരം രൂപയും സഹായം പ്രഖ്യാപിച്ചിട്ടുണ്ട്.