KERALATop News

രാജമല ദുരന്തത്തില്‍ മരണം 11 ആയി

കട്ടപ്പന: രാജമല ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 11 ആയി. 12 പേരെ രക്ഷപ്പെടുത്തി. ഇവരെ മൂന്നാര്‍ ഹൈറേഞ്ച് ടാറ്റ ആശുപത്രിയിലെത്തിച്ചു. ഇതില്‍ ഗുരുതരാവസ്ഥയിലുള്ള ഒരാളെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. രാജമല പെട്ടിമുടിയിലാണ് വലിയ തോതില്‍ മണ്ണിടിഞ്ഞത്. അഞ്ച് പുരുഷന്മാരും ഒരു സ്ത്രീയും രണ്ട് കുട്ടികളുമാണ് മരിച്ചത്. ജില്ല ഭരണകൂടത്തിന്റെ കണക്ക് പ്രകാരം 55 പേരെ ഇനിയും കണ്ടെത്താനുണ്ട്. ഇവര്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണ്. മലയോര മേഖലകളില്‍ അതിതീവ്ര മഴയാണ് ലഭിക്കുന്നത്. ഇടുക്കി, വയനാട് ജില്ലകളിലാണ് സ്ഥിതി സങ്കീര്‍ണം. മലയോര മേഖലകളില്‍ അടുത്ത രണ്ട് ദിവസത്തേക്ക് കൂടി മഴ തുടരുമെന്നാണ് മുന്നറിയിപ്പ്.
കേരളത്തില്‍ വിവിധയിടങ്ങളില്‍ അടുത്ത ദിവസങ്ങളില്‍ അതിതീവ്ര മഴ ലഭിക്കാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. പൊതുജനങ്ങളോടും സര്‍ക്കാര്‍ സംവിധാനങ്ങളോടും ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളപ്പൊക്കം എന്നിവ മുന്നില്‍ കണ്ട് കൊണ്ടുള്ള തയ്യറെടുപ്പുകള്‍ നടത്താനും അതീവ ജാഗ്രത പാലിക്കാനും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശിക്കുന്നു. ഇന്ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി, വയനാട് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഓഗസ്റ്റ് എട്ട് (നാളെ) ഇടുക്കി, തൃശൂര്‍, പാലക്കാട്, വയനാട് ജില്ലകളിലാണ് റെഡ് അലര്‍ട്ട്. റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച ജില്ലകളില്‍ 24 മണിക്കൂറില്‍ 204.5 മില്ലിമീറ്ററില്‍ കൂടുതല്‍ മഴ ലഭിക്കാനുള്ള സാധ്യതയുണ്ട്. കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഓഗസ്റ്റ് എട്ട് (നാളെ) ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ള ജില്ലകള്‍: പത്തനംതിട്ട, ആലപ്പുഴ , കോട്ടയം, എറണാകുളം,മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ്. അതേസമയം, ഇടുക്കിയിലെ ഡാമുകള്‍ തുറക്കേണ്ട സാഹചര്യമായിട്ടില്ലെന്ന് മന്ത്രി എം.എം.മണി വ്യക്തമാക്കി. മുല്ലപ്പെരിയാറിലെ ജലനിരപ്പും അപകടകരമായ രീതിയിലേക്ക് ഉയര്‍ന്നിട്ടില്ല. ഇടുക്കിയിലെ ഡാമുകള്‍ തുറക്കേണ്ട സ്ഥിതി വന്നാല്‍ അത് ചെയ്യും. രാജമലയില്‍ രക്ഷാപ്രവര്‍ത്തനം നടക്കുകയാണ്. ലയങ്ങള്‍ സ്ഥിതി ചെയ്യുന്നിടത്ത് ഇത്തരം അപകടങ്ങള്‍ വളരെ അപൂര്‍വമാണ്. വളരെ ശക്തമായ മണ്ണിടിച്ചില്‍ ഉണ്ടായിക്കാണുമെന്നും മന്ത്രി പറഞ്ഞു.

Tags
Show More

Related Articles

Back to top button
Close