INDIANEWS

രാജസ്ഥാനില്‍ 24 മണിക്കൂറിനിടെ മരിച്ചത് ഒന്‍പത് കുട്ടികള്‍ ,ആശുപത്രി പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ബന്ധുക്കള്‍ രംഗത്ത്

ജയ്പൂര്‍; രാജസ്ഥാനിലെ കോട്ടയിലെ ജെ കെ ലോണ്‍ ആശുപത്രിയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ ഒന്‍പത് കുട്ടികള്‍ മരിച്ചു.അഞ്ചു കുട്ടികള്‍ ബുധനാഴ്ച രാത്രിയും ബാക്കി നാലു കുട്ടികള്‍ വ്യാഴാഴ്ചയുമാണ് മരണപ്പെട്ടത്. മരിച്ച കുട്ടികള്‍ എല്ലാം തന്നെ ഒന്നും നാലും ദിവസത്തിനിടെ പ്രായമുള്ളവരാണ്. ആശുപത്രിയിലെ ജീവനക്കാരോ ഡോക്ടര്‍മാരോ തങ്ങളുടെ കുട്ടികളെ പരിചരിച്ചില്ല എന്ന ആരോപണവുമായി ബന്ധുക്കള്‍ രംഗത്തെത്തിയിട്ടുണ്ട്.

കുഞ്ഞുങ്ങള്‍ മരിച്ചതോടെ രണ്ടുകുട്ടികളുടെ ബന്ധുക്കള്‍ വ്യാഴാഴ്ച മുതല്‍ ആശുപത്രി പരിസരത്ത് ധര്‍ണ്ണ നടത്തി വരികയാണ്.എന്നാല്‍ കുട്ടികളുടേത് എല്ലാം സ്വാഭാവികമായ മരണമാണെന്നാണ് ആശുപത്രി സൂപ്രണ്ട് സുരേഷ് ദുലാര അവകാശപ്പെടുന്നത്. മരിച്ച കുട്ടികള്‍ക്കാര്‍ക്കും യാതൊരു വിധത്തിലുമുള്ള അണുബാധ ഉണ്ടായിട്ടില്ല എന്നും അദ്ദേഹം പറയുന്നു.
ആശുപത്രിയില്‍ എത്തിക്കുമ്പോള്‍ തന്നെ മൂന്നു കുട്ടികള്‍ മരിച്ചിരുന്നതായും മൂന്നു പേര്‍ക്ക് ജനനം മുതല്‍ തന്നെ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായും മറ്റു മൂന്നു പേര്‍ക്ക് അസാധാരണമോ കഠിനമോ ആയ അണുബാധകളില്ലാത്ത സ്വാഭാവിക മരണങ്ങളായിരുന്നെന്നും കാട്ട ജെ കെ ലോണ്‍ മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.

ഡിവിഷണല്‍ കമ്മീഷണര്‍ കെ സി മീനയും ജില്ലാ കളക്ടര്‍ ഉജ്വല്‍ റാത്തോഡും വ്യാഴാഴ്ച വൈകിട്ട് ആശുപത്രിയിലെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി ആറ് അധിക ഡോക്ടര്‍മാരേയും പത്തു നെഴ്‌സുമാരെയും വിന്യസിച്ചു.
നവജാത ശിശുക്കളുടെ ചികിത്സയില്‍ പ്രത്യേക ശ്രദ്ധ ചെലുത്താന്‍ എല്ലാ മെഡിക്കല്‍ കോളേജുകളിലേയും പ്രിന്‍സിപ്പല്‍മാരോട് നിര്‍ദ്ദേശിക്കുമെന്ന് ആരോഗ്യമന്ത്രി രഘു ശര്‍മ്മ പറഞ്ഞു. കോട്ടയിലെ ശിശുമരണങ്ങളെ കുറിച്ച് അറിഞ്ഞപ്പോള്‍ തന്നെ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പളില്‍ നിന്നും സൂപ്രണ്ടില്‍ നിന്നും റിപ്പോര്‍ട്ട് തേടിയെന്നും ഡോക്ടര്‍മാരുടെ അശ്രദ്ധ മൂലം ഒരു കുട്ടിയും മരിക്കരുത് എന്ന് താന്‍ നിര്‍ദ്ദേശിച്ചു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close